സഞ്ജു ചെന്നൈയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ധോണിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ലോകകപ്പ് ഹീറോ
Sports News
സഞ്ജു ചെന്നൈയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ധോണിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ലോകകപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th August 2025, 8:29 pm

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ച നായകന്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എം.എസ്. ധോണിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ തന്നെയാണ് ഇന്ത്യയുടെ 1983 വേള്‍ഡ് കപ്പ് ഹീറോ തെരഞ്ഞെടുത്തിരിക്കുന്നത്. സൂപ്പര്‍ കിങ്‌സില്‍ ധോണിക്ക് പിന്‍ഗാമിയാകാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ചീക്കയുടെ വിശ്വാസം.

എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം സി.എസ്.കെ ഋതുരാജ് ഗെയ്ക്വാദിന് തന്നെ നല്‍കണമെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

‘സത്യം പറഞ്ഞാല്‍ സഞ്ജു വളരെ മികച്ച താരമാണ്, ചെന്നൈയില്‍ അവന്‍ ഏറെ പ്രശസ്തനുമാണ്. ചെന്നൈയില്‍ അവന് മികച്ച ഒരു ബ്രാന്‍ഡ് ഇമേജ് ഉണ്ട്. അവന്‍ രാജസ്ഥാന്‍ വിടാന്‍ തയ്യാറാവുകയും ഇവിടെ വരികയുമാണെങ്കില്‍ സഞ്ജുവിനെ ആദ്യമായി തെരഞ്ഞെടുക്കുന്നവരില്‍ ഒരാള്‍ ഞാന്‍ തന്നെയായിരിക്കും.

എം.എസ്. ധോണിയുടെ ശരിയായ പകരക്കാരന്‍ അവന്‍ തന്നെയായിരിക്കും. കൂടിപ്പോയാല്‍ ധോണിക്ക് ഈ വര്‍ഷം കൂടിയേ കളിക്കാന്‍ സാധിക്കുകയുള്ളൂ, അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് തോന്നുന്നില്ല, ശേഷം ടീമില്‍ സ്മൂത്തായ ഒരു ട്രാന്‍സിഷനുണ്ടാകും. എന്നാല്‍ ഋതുരാജ് ഗെയ്ക്വാദിനാണ് നിങ്ങള്‍ ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. അവന്‍ തന്നെ ക്യാപ്റ്റനായി തുടരണം,’ ശ്രീകാന്ത് വ്യക്തമാക്കി.

രാജസ്ഥാനില്‍ കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.

പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.

പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാന്‍ പരാഗാണ് ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.

പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജു അധികം വൈകാതെ വീണ്ടും പരിക്കിന്റെ പിടിയിലായി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്താകുകയായിരുന്നു.

 

 

Content Highlight: Kris Srikkanth picks Sanju Samson as MS Dhoni’s replacement in CSK