| Monday, 18th August 2025, 8:30 pm

ഏഷ്യാ കപ്പ്: ഞാനാണ് സെലക്ടറെങ്കില്‍ സഞ്ജുവല്ല, ടീമിലുണ്ടാവുക സൂര്യവംശി: വേള്‍ഡ് കപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഓപ്പണര്‍മാര്‍ ആരാകണമെന്നതില്‍ അഭിപ്രായ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ക്രിസ് ശ്രീകാന്ത്.

അഭിഷേക് ശര്‍മയെ ടീമിന്റെ ഓപ്പണറായി പരിഗണിക്കണമെന്നാണ് ശ്രീകാന്ത് പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് പോലെ സഞ്ജു സാംസണെയല്ല, മറിച്ച് വൈഭവ് സൂര്യവംശിയെയോ സായ് സുദര്‍ശനെയോ രണ്ടാം ഓപ്പണറായി പരിഗണിക്കണമെന്നും ശ്രീകാന്ത് പറയുന്നു.

ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ സഞ്ജു ഏറെ പ്രയാസപ്പെടുന്നു എന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന്റെ ഈ ദൗര്‍ബല്യം വ്യക്തമായിരുന്നു എന്ന് പറഞ്ഞ ശ്രീകാന്ത്, ഇത് എതിരാളികള്‍ മുതലെടുക്കുമെന്നും പറഞ്ഞു.

‘ഓപ്പണറായി സഞ്ജു എത്തുമോ എന്ന കാര്യം സംശയമാണ്. ഞാനായിരുന്നു സെലക്ടറെങ്കില്‍ അഭിഷേക് ശര്‍മയായിരിക്കും എന്റെ ഫസ്റ്റ് ചോയ്സ് ഓപ്പണര്‍. രണ്ടാം ഓപ്പണറായി ഞാന്‍ വൈഭവ് സൂര്യവംശിയെയോ സായ് സുദര്‍ശനെയോ തെരഞ്ഞെടുക്കും. എന്റെ ടി – 20 ലോകകപ്പ് 15 അംഗ സ്‌ക്വാഡിലും വൈഭവ് ഉണ്ടാകും. അവന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

സായ് സുദര്‍ശന്‍ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ് വിന്നറാണെന്നും യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനം നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ മൂന്ന് പേരില്‍ ഒരാള്‍ അഭിഷേകിനൊപ്പം ഓപ്പണറായി എത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘സഞ്ജു സാംസണോ ജിതേഷ് ശര്‍മയോ, വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ഇവരില്‍ ആരെത്തണമെന്നതിലായിരിക്കണം തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഇവരില്‍ ആര് എന്നതിലായിരിക്കണം. എന്റെ ടീമില്‍ ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്,’ ശ്രീകാന്ത് പറഞ്ഞു.

ഓഗസ്റ്റ് 19ന് ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ സഞ്ജുവിനെ ഓപ്പണറായി ഉള്‍പ്പെടുത്തുന്നുണ്ട്.

ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടര്‍ന്നേക്കും. ജിതേഷ് ശര്‍മയായിരിക്കും ബാക്കപ്പ് വിക്കറ്റ് കീപ്പര്‍.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

Content highlight: Kris Srikkanth on India’s Asia Cup squad

We use cookies to give you the best possible experience. Learn more