വരാനിരിക്കുന്ന 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയ നീക്കങ്ങളാണ് നടത്തുന്നത്. സഞ്ജു ചെന്നൈയിലേക്ക് ചേക്കേറുമ്പോള്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാനിലേക്കും ട്രേഡ് ചെയ്യാനാണ് നീക്കം.
എന്നാല്‍ സഞ്ജു ഒരു ട്രേഡിന് സമ്മതിക്കരുതെന്നും താരം രാജസ്ഥാനില്‍ കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ലേലത്തില്‍ പങ്കെടുക്കണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘രാജസ്ഥാനില്‍ കളിക്കാന്‍ സഞ്ജു തയ്യാറല്ലെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ ഒരു ട്രേഡിന് മുതിരാതെ ലേലത്തിന് തയ്യാറാകൂ. റിതുരാജ് ഗെയ്ക്വാദും ഓപ്പണിങ് ബാറ്റിങ്ങിന് മികച്ചതാണ്. മൂന്നാം സ്ഥാനത്ത് പോലും കളിക്കുന്നത് ഒരു പ്രശ്‌നമല്ല. ആദ്യം ടീമിനാണ് പ്രാധാന്യം പിന്നീടാണ് വ്യക്തികള്‍. ബാറ്റിങ്ങില്‍ ടീമിന്റെ നെടുന്തൂണായ സഞ്ജുവിനെ നല്‍കുന്നതിലൂടെ രാജസ്ഥാനും വലിയ നഷ്ടമാണ് സംഭവിക്കുക,’ ക്രിസ് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍.
അതേസമയം സഞ്ജുവിന്റെ ട്രേഡ് ഇനിയും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശതാരമായ സാം കറനെ രാജസ്ഥാന് കൈമാറുന്നതിലുള്ള നടപടിക്രമങ്ങളാണ് ട്രേഡ് വൈകുന്നതിന്റെ കാരണമെന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജസ്ഥാന്റെ പക്കലുള്ള ഒരു വിദേശതാരത്തെ വിട്ടയച്ചില്ലെങ്കില്‍ സാം കറനെ ടീമിലെത്തിക്കാന്‍ സാധിക്കില്ല.
എണ്ണത്തില്‍ കൂടുതല്‍ വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. നിലവില്‍ ടീമില്‍ 22 താരങ്ങളാണ് രാജസ്ഥാനിലുള്ളത്. 25 താരങ്ങളെ വരെ ഒരു ടീമിന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താം. എന്നിരുന്നാലും ട്രേഡ് സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്. 2026 സീസണിലെ ഏറ്റവും വലിയ ഡീലാകും സഞ്ജുവിന്റേതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Content Highlight: Kris Srikkant Talking About Sanju samson