സഞ്ജു സാംസണ്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍: ക്രിസ് ശ്രീകാന്ത്
Sports News
സഞ്ജു സാംസണ്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍: ക്രിസ് ശ്രീകാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 4:29 pm

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരനാണെന്ന് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ഫോര്‍മാറ്റില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത് മികച്ച പ്രകടനം നടത്തിയ താരത്തെ ടോപ് ഓര്‍ഡറില്‍ നിന്ന് പിന്നോട്ട് വലിച്ചെന്ന് ശ്രീകാന്ത് പറഞ്ഞു. അവസരം കിട്ടിയാല്‍ ടീം സഞ്ജുവിനെ 11ാം സ്ഥാനത്ത് പോലും കളിപ്പിക്കാന്‍ മടിയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ചൂണ്ടിക്കാണിച്ചത്.

മാത്രമല്ല സഞ്ജുവിനെപ്പോലൊരു താരത്തിന് ഇത്തരം പ്രവണതകള്‍ നിരാശപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഏഷ്യാകപ്പില്‍ അഞ്ചാം സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയ സഞ്ജു 2026 ടി-20 ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും നിര്‍ഭാഗ്യവാനായ വ്യക്തി സഞ്ജു സാംസനാണ്. ഓപ്പണര്‍ എന്ന നിലയില്‍ അദ്ദേഹം സെഞ്ച്വറികള്‍ നേടിയിരുന്നു, പക്ഷേ ഇപ്പോള്‍ അവര്‍ അദ്ദേഹത്തെ മൂന്നില്‍ നിന്ന് എട്ടിലേക്ക് മാറ്റി. അവസരം കിട്ടിയാല്‍ അവര്‍ സഞ്ജുവിനെ 11ാം നമ്പറിലും അയച്ചേക്കാം.

ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം, ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ സഞ്ജുവിനെപ്പോലുള്ള ഒരു കളിക്കാരന്‍ നിരാശനാകും. നിശബ്ദനായി ടീമിന് ആവശ്യമുള്ളിടത്ത് ബാറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാര്‍ഗമില്ല.

ഏക പോസിറ്റീവ് കാര്യം ഏഷ്യാ കപ്പില്‍ അഞ്ചാം സ്ഥാനത്ത് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ്, അത് അദ്ദേഹത്തിന് ഒരു നല്ല സൂചനയാണ്. ഇപ്പോള്‍, ടി-20 ലോകകപ്പിനുള്ള ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു യാന്ത്രികമായി തെരഞ്ഞെടുക്കപ്പെടും, അവന്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരാന്‍ സാധ്യതയുണ്ട്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മധ്യ നിരയിലും ടോപ് ഓര്‍ഡറിലുമായി ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.0 എന്ന ആവറേജിലുമാണ് സഞ്ജു ബാറ്റ് വീശിയത്. ഏഴ് സിക്സും ഏഴ് ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 49 മത്സരങ്ങളില്‍ നിന്ന് 993 റണ്‍സാണ് സഞ്ജു നേടിയത്. ഫോര്‍മാറ്റില്‍ 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.1 എന്ന ആവറേജും 148 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.

ഏകദിനത്തില്‍ 16 മത്സരത്തില്‍ നിന്ന് 510 റണ്‍സാണ് താരം സ്വന്തമാക്കിയത്. അധികം മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും 108 റണ്‍സിന്റെ മികച്ച ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 99.6 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിന് ഏകദിനത്തിലുള്ളത്. ഫോര്‍മാറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും താരം അക്കൗണ്ടിലാക്കി.

 

Content Highlight: Kris Srikkant Supports Indian Player Sanju Samson