ശുഭ്മന്‍ ഗില്ലിനെ ടി – 20യില്‍ വൈസ് ക്യാപ്റ്റനാക്കിയതിന്റെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ക്രിസ് ശ്രീകാന്ത്. ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനായാണ് ഗില്ലിനെ കാണുന്നതെന്നും അതിനാല്‍ തന്നെ താരം എങ്ങനെയായാലും ടീമിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീമിന്റെ ബാലന്‍സും ടീം സെലക്ഷനെയും പരിമിതപ്പെടുത്തിയെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘അടുത്ത മൂന്ന് മത്സരങ്ങളില്‍ ഗില്ലുണ്ടാവുമെന്ന് ഉറപ്പാണ്. നിയുക്ത വൈസ് ക്യാപ്റ്റനും ഭാവി ടി -20 ക്യാപ്റ്റനുമായി പരിഗണിക്കുന്നതിനാല്‍ ടീമിന്റെ മുന്‍ഗണന അവനെ ഉള്‍പ്പെടുത്തി പ്ലെയിങ് ഇലവന്‍ കെട്ടിപ്പടുക്കുക എന്നതാണ്. അല്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്?
യശസ്വി ജെയ്സ്വാളിന് ടീമിലിപ്പോള്‍ അവസരമില്ല. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ടീമിന്റെ ബാലന്‍സ് നഷ്ടമായി. ടീം തെരഞ്ഞെടുപ്പിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
കൂടാതെ, സഞ്ജു സാംസണ്‍, തിലക് വര്‍മ തുടങ്ങിയവര്‍ക്ക് സ്ഥിരമായ സ്ഥാനങ്ങളില്ല. അര്‍ഷ്ദീപ് സിങിന് അവസരം ലഭിക്കുന്നില്ല. ടി -20 ലോകകപ്പ് ഇന്ത്യയിലായതിനാല്‍, ഈ പ്രശ്നങ്ങള്‍ക്കിടയിലും ടീം മികച്ച പ്രകടനം കാഴ്ച വെച്ചേക്കാമെന്നതാണ് ഏക പോസിറ്റീവ്,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
അഭിഷേക് ശര്‍മയെ പോലെ നിരവധി താരങ്ങളുണ്ടെന്നും ജെയ്സ്വാളിന് അവസരം നല്‍കിയാല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍, അവന്‍ ടീമിലെത്താന്‍ യാതൊരു വഴിയുമില്ല. ഹര്‍ദിക് പാണ്ഡ്യയ്ക്ക് മാത്രമേ ടീമിലേക്ക് അവസരം ലഭിക്കുകയുള്ളൂ.
ജെയ്സ്വാളും ഹര്‍ദിക്കിനെ പോലെ ഐ.പി.എല്ലിലൂടെയാണ് കടന്ന് വന്നത്. എല്ലാ ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള ഒരു താരം ഇന്ത്യന്‍ ടീമില്‍ കളിക്കാത്തതെന്താണ് എനിക്ക് മനസിലാവാത്തത്. അവന് അവസരങ്ങള്‍ ലഭിച്ചാല്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി – 20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാല് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി. ഗില്ലടക്കമുള്ള ബാറ്റിങ് നിര ഒന്നാകെ തകര്‍ന്നതോടെയാണ് ഇന്ത്യ ഓസീസിനെതിരെ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം.