| Wednesday, 19th February 2025, 7:58 pm

13 ലക്ഷം രൂപ മാനേജ്‌മെന്റിന് നല്‍കിയിട്ടും ശമ്പളവും സ്ഥിരജോലിയുമില്ല; കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെ അധ്യാപിക ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കട്ടിപ്പാറ: കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന (29) ബെന്നിയാണ് മരിച്ചത്. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് 3.30ഓടെയാണ് അലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെ അധ്യാപികയാണ് അലീന.

അധ്യാപികയുടെ മരണത്തിന് പിന്നാലെ, ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് അലീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. നേരത്തെ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.

ഇവിടെ അഞ്ച് വര്‍ഷക്കാലം അലീന അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് ജോലിക്കായി 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന് അലീന നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

ഇക്കാരണങ്ങള്‍ അലീനയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ശമ്പളം വേണ്ടെന്ന് നിര്‍ബന്ധിതമായി എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്.

സ്ഥിരനിയമനം ലഭിക്കുമെന്ന് കാണിച്ചാണ് അധ്യാപികയെ കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ മാനേജ്‌മെന്റ് നിയമിക്കുന്നത്. എന്നാല്‍ മറ്റൊരു അധ്യാപികയുടെ ലീവ് വേക്കന്‍സിയിലേക്കാണ് അലീനയെ നിയമിച്ചത്.

ഈ അധ്യാപിക അവധിയുടെ കാലാവധി പൂര്‍ത്തിയായ ശേഷം തിരിച്ചെത്തിയപ്പോള്‍ അലീനയെ കോടഞ്ചേരിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. സ്ഥിരനിയമനം കിട്ടുമെന്ന് കാണിച്ചാണ് അലീനയെ സ്ഥലം മാറ്റിയത്. എന്നാല്‍ കോടഞ്ചേരി സ്‌കൂളില്‍ നിന്നും അധ്യാപികക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് വിവരം.

Content Highlight: Kozhikode teacher commits suicide

We use cookies to give you the best possible experience. Learn more