| Saturday, 1st March 2025, 12:22 pm

കോഴിക്കോട്ട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പയ്യോളിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

പയ്യോളി സ്വദേശിയായ ഷാനാണ് യുവതിയുടെ പങ്കാളി. ഷാനിന്റെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് ആര്‍ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെ കുളിക്കാന്‍ പോയ ആര്‍ദ്ര ഒമ്പത് മണിയായിട്ടും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

പിന്നാലെ യുവതിയെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

2025 ഫെബ്രുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവന്‍ അരവിന്ദന്‍ ആവശ്യപ്പെട്ടു.

യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മാവന്‍ പറഞ്ഞു. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യുവതി.

അടുത്തിടെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തിരുന്നു. ഷഹാന മുംതാസ് (19) ആണ് മരിച്ചത്.

നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. ഒറയൂര്‍ സ്വദേശിയായ അബ്ദുല്‍ വാഹിദാണ് പെണ്‍കുട്ടിയുടെ പങ്കാളി.

തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വഹീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഷഹാനയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതി അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിട്ടുള്ളത്.

Content Highlight: Kozhikode newlywed hanged to death

We use cookies to give you the best possible experience. Learn more