കോട്ടയം സ്കൈ വാക്ക്; തിരുവഞ്ചൂരിന് ഇനിയും മതിയായിട്ടില്ലേ?
Opinion
കോട്ടയം സ്കൈ വാക്ക്; തിരുവഞ്ചൂരിന് ഇനിയും മതിയായിട്ടില്ലേ?
എം.എസ്. ഷൈജു
Saturday, 20th June 2026, 8:04 pm
എം. സി റോഡിലൂടെ കോട്ടയം വഴി കടന്ന് പോകുന്ന ആളുകൾ ഒരെത്തും പിടിയും കിട്ടാതെ ഒരുപാട് നാൾ നോക്കി നിന്നിട്ടുള്ള ഒരു നിർമിതിയാണ് ശാസ്ത്രി റോഡ് എം. സി റോഡിൽ വന്ന് കയറുന്ന ജംഗ്ഷന് ചുറ്റും നിർമിച്ച് വെച്ചിരിക്കുന്ന ഒരു പൈപ്പ് കൂടാരം. കോട്ടയം സ്കൈ വാക്ക് എന്നാണ് ഇതിൻ്റെ ഔദ്യോഗിക പേര്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തിന് സമ്മാനിച്ച ഏറ്റവും വലിയ വികസനമാണ് ഇതെന്നാണ് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ കേരളം കണ്ട ഏറ്റവും വലിയ എഞ്ചിനീയറിങ് പരാജയത്തിൻ്റെ ഒരു പാഠപുസ്തകമാണ് കോട്ടയം നഗരത്തിലെ സ്കൈവാക്ക് പദ്ധതി.

മുഖ്യമന്ത്രി വി. ഡി. സതീശൻ ബജറ്റവതരിപ്പിക്കുകയാണ്. സ്പീക്കർ തൻ്റെ ചേംബറിൽ സഗൗരവം ഇതും കേട്ട് കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കോട്ടയം സ്കൈവാക്ക് പൂർത്തിയാക്കുമെന്നൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. പെട്ടെന്നൊരു നിമിഷം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തലയുയർത്തി മുഖ്യമന്ത്രിയെ നോക്കി നന്ദിയോടെ പുഞ്ചിരി പൊഴിച്ചു. തിരുവഞ്ചൂരിൻ്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം കളിയാടുന്നത് പോലെ. മുഖ്യമന്ത്രിയുടെ മുഖത്തും സംതൃപ്തിയുടെ ഒരു ചെറു ചിരി. കാര്യങ്ങൾ വ്യക്തമായി. കോട്ടയം സ്കൈവാക്കിൻ്റെ വിഖ്യാതമായ കഥകൾ ഇനിയും തുടരുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു.

എം. സി റോഡിലൂടെ കോട്ടയം വഴി കടന്ന് പോകുന്ന ആളുകൾ ഒരെത്തും പിടിയും കിട്ടാതെ ഒരുപാട് നാൾ നോക്കി നിന്നിട്ടുള്ള ഒരു നിർമിതിയാണ് ശാസ്ത്രി റോഡ് എം. സി റോഡിൽ വന്ന് കയറുന്ന ജംഗ്ഷന് ചുറ്റും നിർമിച്ച് വെച്ചിരിക്കുന്ന ഒരു പൈപ്പ് കൂടാരം. കോട്ടയം സ്കൈ വാക്ക് എന്നാണ് ഇതിൻ്റെ ഔദ്യോഗിക പേര്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തിന് സമ്മാനിച്ച ഏറ്റവും വലിയ വികസനമാണ് ഇതെന്നാണ് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ കേരളം കണ്ട ഏറ്റവും വലിയ എഞ്ചിനീയറിങ് പരാജയത്തിൻ്റെ ഒരു പാഠപുസ്തകമാണ് കോട്ടയം നഗരത്തിലെ സ്കൈവാക്ക് പദ്ധതി. ആസൂത്രണത്തിലും നിർമാണത്തിലും അതൊരു വമ്പൻ പരാജയമായിരുന്നു. വേണ്ടത്ര പഠനങ്ങളോ സാങ്കേതികകളോ നോക്കാതെ കോടികൾ തുരുമ്പിക്കാൻ മാത്രമായി റോഡിലിട്ട് കൊടുത്ത ഒരു പദ്ധതിയായിരുന്നു അത്.

പാതിവഴിയിൽ മുടങ്ങുകയും വലിയ വിവാദമാകുകയും ചെയ്ത ആ പദ്ധതി തുടരുമെന്ന വി. ഡി. സതീശൻ്റെ ബജറ്റ് പ്രഖ്യാപനം യഥാർത്ഥത്തിൽ അവിശ്വസനമായിരുന്നു. അപ്രായോഗികമെന്നും ഉപകാരമില്ലാത്ത ധനവിനിയോഗമെന്നും ദുഷ്പേര് കേട്ട സ്‌കൈവാക്കിന് പിന്നാലെ സതീശൻ പോകുമെന്ന് കരുതിയിരുന്നില്ല. സതീശൻ വീണ്ടുമതിന് തുനിയുന്നെങ്കിൽ അത് പൊതുഖജനാവിനെ തന്നിഷ്ടം പോലെ വിനിയോഗിക്കാനുള്ള ഒരു നീക്കത്തിൻ്റെ ഭാഗം മാത്രമാണ്. ലോകത്താർക്കും ഒരു ഗുണവുമുണ്ടാക്കാത്ത ഈ പദ്ധതിയിലേക്ക് കോടികൾ ഒഴുക്കാൻ പോകുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന മനുഷ്യനെ തൃപ്തിപ്പെടുത്താൻ മാത്രമായിരിക്കും.

Damage to Kottayam Skyway; Report suggesting demolition

​കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും ലക്ഷ്യമിട്ട് എന്ന് വാദിച്ചുകൊണ്ടാണ് സ്കൈവാക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. എവിടെയോ കണ്ട ഒരു സ്‌കൈവാക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോട്ടയം നഗരത്തിലും അത് പോലെയൊന്ന് വേണമെന്ന് തിരുവഞ്ചൂരിന് തോന്നിയത് സ്വഭാവികം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലമാണന്ന്. തിരുവഞ്ചൂർ കാണുന്ന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ എന്ത് കൊണ്ടും പറ്റുന്ന കാലം. കോട്ടയം പോലെ ഇടുങ്ങിയ ഒരു ജംഗ്ഷനിൽ അപ്രായോഗികമായ ഒരു ഡിസൈനിൽ ചെയ്യുന്ന സ്‌കൈവാക്ക് അശാസ്ത്രീയവും അപകടകരവുമാണെന്നും പണം പാഴാക്കൽ മാത്രമാണെന്നും അന്നേ അഭിപ്രായമുയർന്നിരുന്നു.

കാൽനടക്കാരുടെ മനോഭാവത്തെ പറ്റിയോ ഏരിയ കണക്റ്റിവിറ്റികളെ സംബന്ധിച്ച് പ്ലാനുകളോ ഇല്ലാതെ ആരംഭിച്ച തിരുവഞ്ചൂരിൻ്റെ ‘സ്വപ്ന’ പദ്ധതിയായ സ്‌കൈവാക്ക് കൃത്യമായ നടപ്പാതയിലോ ഷോപ്പിങ് ഏരിയകളിലോ അവസാനിക്കുന്ന ഒന്നായിരുന്നില്ല. ആളുകൾക്ക് സ്കൈവാക്കിൽ നിന്ന് ഇറങ്ങിയാലും വീണ്ടും തിരക്കേറിയ റോഡിലേക്ക് തന്നെയാണ് ഇറങ്ങേണ്ടി വരുന്നത്. ഒരിക്കലും ഒരു മനുഷ്യനും റോഡ് മുറിച്ചു കടക്കാനോ മറ്റാവശ്യങ്ങൾക്കോ അതിന്മേൽ വലിഞ്ഞ് കയറില്ല. ഇത് സ്കൈവാക്കിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതായിരുന്നു. പൂർണമായും ഒരു പാഴ് പ്രോജക്ടെന്ന് നാടും നാട്ടുകാരും അനുഭവം കൊണ്ട് വിധിയെഴുതിയ സ്കൈ വാക്കിനായി എന്തിന് വീണ്ടും പണം മുടക്കുന്നു എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

ഒട്ടും യുക്തിസഹമല്ലാത്ത ​ഈ പദ്ധതിയുടെ രൂപരേഖയിൽ തന്നെ വലിയ അപാകതകളുണ്ടെന്ന് തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു. പലയിടത്തും ഈ സ്ട്രക്ച്ചർ കാൽനട യാത്രക്കാർക്ക് പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഇടുങ്ങിയ സ്ഥലത്ത് അങ്ങനെയേ പറ്റൂ എന്നതാണ് യാഥാർഥ്യം. അത് കൊണ്ട് തന്നെ അമിതമായ ചെലവുമുണ്ടായി. അത് കൊണ്ട് തന്നെ ജനങ്ങൾക്ക് ഗുണകരമല്ലാത്ത ഒരു സ്ട്രക്ച്ചറായി ഇത് മാറി. ബസ് സ്റ്റാൻഡ് പരിസരത്തെ ഗതാഗത ക്രമീകരണങ്ങളെ തടസപ്പെടുത്തുന്ന രീതിയിലാണ് തൂണുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. എത്ര പുതുക്കി നിർമിച്ചാലും ഈ സ്ഥലപരിമിതിയിൽ അതങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ. ഇത്ര അപ്രായോഗികമായ ഒരു പദ്ധതിക്കായി ആർക്കോ വേണ്ടി നേർച്ച നിറവേറ്റാനെന്ന വണ്ണം പൊതുഖജനാവിലെ പണം വീണ്ടും വാരി റോഡിൽ വിതറുന്നത് ശുദ്ധമായ മര്യാദകേടാണ്.


​നേരത്തെ നടന്ന നിർമാണം പൂർത്തിയാകാതെ പോയതിന് പിന്നിൽ വേറെയും കാരണങ്ങളുണ്ടായിരുന്നു. ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ബലക്ഷയമുണ്ടാക്കുമെന്നും അപകടകരമാണെന്നും അക്കാലത്ത് തന്നെ കണ്ടെത്തിയിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിച്ചാൽ തന്നെ അവയൊന്നും ഇനി ഉപയോഗിക്കാൻ കഴിയില്ല. ചെലവാക്കിയതിൻ്റെ പത്തിരട്ടി വീണ്ടും ചെലവാക്കി വീണ്ടുമൊരു അഴിമതിക്കുള്ള ഒരവസരമുണ്ടാക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വിഭാവനം ചെയ്തിരുന്ന രൂപത്തിൽ ഈ സ്കൈവാക്ക് പൂർത്തിയായാൽ അതിന്റെ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ദിവസവും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും വലിയൊരു തുക വേണ്ടിവരും.

ഇത് വഹിക്കാൻ നഗരസഭയ്ക്ക് സാധിക്കില്ല എന്നതും നിർമ്മാണത്തെ തടസപ്പെടുത്തിയതിൽ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ​ഇതൊന്നും കൂടാതെ കരാറുകാരും നഗരസഭയും തമ്മിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പണം നൽകുന്നതിലും നിർമ്മാണം പൂർത്തിയാക്കുന്നതിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് നിയമനടപടികളിലേക്ക് നീങ്ങിയിരുന്നു. ഈ നിയമനടപടികളൊന്നും പൂർത്തിയാകാതെ വീണ്ടും സ്കൈ വാക്കിന് പിന്നാലെ പോകുന്നതിൻ്റെ ഉദ്ദേശ ശുദ്ധി ന്യായമായും സംശയകരമാണ്.

പദ്ധതിയിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാർ തലത്തിലുള്ള അന്വേഷണങ്ങളും ഓഡിറ്റുകളും ഇതിനെ ബാധിക്കുകയും ചെയ്തു. കൂടാതെ പോലീസ്, ട്രാഫിക് വകുപ്പുകൾ ഈ അപ്രായോഗിക പദ്ധതിക്ക് എതിരായിരുന്നു. ഇത് പ്രധാന റോഡിലും മറ്റ് റോഡിലും അനാവശ്യമായ ഗതാഗത തടസം സൃഷ്ടിക്കുമെന്ന കാരണത്താൽ പോലീസിന്റെ ഭാഗത്തുനിന്നും നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതൊന്നും വക വെക്കാതെ ആരംഭിച്ച് പരാജയപ്പെട്ട ഒരു പദ്ധതിയെയാണ് വീണ്ടും പുനരുദ്ധരിക്കാൻ ശ്രമിക്കുന്നത്.

വ്യാപാരികളും നാട്ടുകാരും തുടക്കം മുതൽ ഈ പദ്ധതിക്ക് എതിരായിരുന്നു. നടപ്പാതകളിൽ നടക്കാനുള്ള സൗകര്യം കുറയുകയും സ്ട്രക്ചറിൻ്റെ വലിയ തൂണുകൾ റോഡ് കൈയേറുകയും ചെയ്തു എന്നതാണ് പ്രധാന പരാതി. ചുരുക്കത്തിൽ, വ്യക്തമായ പഠനമോ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങോ ഇല്ലാതെ ആരംഭിച്ച വെറുമൊരു തട്ടിക്കൂട്ട് പദ്ധതിയായിരുന്നു കോട്ടയത്തെ സ്കൈവാക്ക്. സാമ്പത്തിക ബാധ്യതയും സാങ്കേതികമായ അശാസ്ത്രീയതയും ഒത്തുചേർന്നപ്പോൾ ഇത് ഒരു വെള്ളാനയായി മാറി. ഈ വെള്ളാനയെയാണ് വി. ഡി. സതീശൻ വീണ്ടും തെളിച്ച് കൊണ്ട് വരുന്നത്.

കോട്ടയം സ്കൈവാക്കിന്റെ എൻജിനിയറിങ് വശങ്ങളെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾ വളരെ ഗൗരവമുള്ളതാണ്. കേവലം നിർമ്മാണത്തിലെ പാളിച്ചകൾ മാത്രമല്ല, രൂപകൽപ്പനയിൽ തന്നെ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദ്ധ പരിശോധനകളിൽ സൂചിപ്പിക്കുന്നത്. ഒന്നാമതായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഇതിൻ്റെ അശാസ്ത്രീയമായ ഫൗണ്ടേഷനാണ്.
നഗരത്തിന്റെ തിരക്കേറിയതും ഗതാഗത നിയന്ത്രണം ആവശ്യമുള്ളതുമായ സ്ഥലത്ത് വലിയ തൂണുകൾ സ്ഥാപിച്ചതാണ് പ്രധാന അപാകത. ഈ സ്ട്രക്ച്ചറിന്റെ ഭാരം താങ്ങാൻ പാകത്തിൽ മണ്ണു പരിശോധനയോ ഭൂമിക്കടിയിലെ പൈപ്പുകൾ, കേബിളുകൾ എന്നിവയുടെ സ്ഥാനം കണ്ടെത്തുന്ന അണ്ടർഗ്രൗണ്ട് യൂട്ടിലിറ്റി മാപ്പിങ്ങോ കൃത്യമായി നടത്തിയിട്ടില്ല. ഇതിനടിയിൽ സംഭവിക്കുന്ന ഓരോ അപാകതയും നാളെ മെയിൻ്റനൻസ് പ്രതിസന്ധികൾക്ക് വഴി വെക്കും. തൂണുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങളിൽ പ്രധാനപ്പെട്ട കുടിവെള്ള പൈപ്പുകളും ഓവുചാൽ സംവിധാനങ്ങളും ഉണ്ടായിരുന്നതും നിർമ്മാണത്തെ തടസപ്പെടുത്തി.

​നിർമ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയലുകളെക്കുറിച്ചും അതിന്റെ ബലത്തെക്കുറിച്ചും വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. സ്കൈവാക്കിൽ ഒരേസമയം എത്രപേർക്ക് നിൽക്കാമെന്നോ, അതിന്റെ ലോഡ് താങ്ങാനുള്ള ശേഷി എത്രയാണെന്നോ ഉള്ള കാര്യത്തിൽ ശാസ്ത്രീയമായ കണക്കുകൂട്ടലുകളിൽ പാളിച്ചകൾ ഉണ്ടെന്ന് അന്ന് തന്നെ ആക്ഷേപമുണ്ട്. തുറസായ സ്ഥലത്ത് നിർമ്മിക്കുന്ന ഇത്തരം സ്ട്രക്ച്ചറുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള പെയിന്റിങ്ങും മെറ്റീരിയലുകളും ആവശ്യമാണ്. എന്നാൽ, നിർമ്മാണം പകുതിവഴിയിൽ നിലച്ചതോടെ മഴയും വെയിലും ഏറ്റ് ലോഹ ഭാഗങ്ങളിൽ തുരുമ്പും ബലക്ഷയവും ബാധിച്ചു തുടങ്ങി. ഇത് കാലക്രമേണ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സ്കൈവാക്കിലേക്ക് കയറാനുള്ള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും അമിതഭാരം താങ്ങുന്ന രീതിയിലല്ല. അത്രത്തോളം ഇടുങ്ങിയ ഒരു സ്ഥലത്ത് ഇവയെല്ലാം ആർക്കും ഒരുപയോഗവും നൽകാതെ സ്ഥാപിക്കുന്നത് വഴി അത്യാഹിത ഘട്ടത്തിൽ ജനങ്ങൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാനുള്ള വഴികൾ ഈ രൂപകൽപ്പനയിൽ കൃത്യമായി ആസൂത്രണം ചെയ്തിട്ടില്ല.

ഒരു സിവിൽ എൻജിനിയറിങ് പ്രോജക്റ്റിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ട്രാഫിക് ഇംപാക്ട് സ്റ്റഡി. ഈ നിർമിതി മൂലം ഒരു തിരക്കേറിയ റോഡിൻ്റെ ഗതാഗത ഘടനക്ക് എത്രത്തോളം പരിക്കേൽക്കുമെന്ന പഠനം ബോധപൂർവമാണ് നടത്താത്തത് എന്നാണ് പരക്കെ നിലനിന്ന ആക്ഷേപം. അത് നടത്തിയാൽ ഇത് നിർമിക്കാൻ സാധിക്കില്ല. ​സ്കൈവാക്കിന്റെ തൂണുകൾ റോഡിലെ സിഗ്നലുകളും ദിശാബോർഡുകളും മറയ്ക്കുന്ന രീതിയിലാണ് നിൽക്കുന്നത്. ഇത് ഡ്രൈവർമാർക്ക് കാഴ്ചാ തടസം സൃഷ്ടിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും.

കാൽനടയാത്രക്കാർക്ക് വേണ്ടി നിർമ്മിച്ച നടപ്പാതകളെ പൂർണമായും സ്‌കൈവാക്കിൻ്റെ തൂണുകൾ കവർന്നെടുത്തു. സ്ഥലപരിമിതിയുള്ള ഒരു തിരക്കേറിയ ജംഗ്ഷനിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന വിധം നിർമിക്കാൻ ശ്രമിച്ച സ്കൈവാക്ക് ഉദ്ദേശിച്ച ലക്ഷ്യത്തിന് വിപരീതഫലമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കിയത്. ഇതെല്ലാം പരിശോധിക്കുമ്പോൾ ജനങ്ങൾക്കോ നാടിനോ യാതൊരു ഗുണവും നൽകാത്ത ഒരു ബാധ്യത മാത്രമായിരുന്നു കോട്ടയത്തെ സ്‌കൈവാക്ക് പ്രോജക്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഉരുക്കിനാൽ തീർത്ത ഒരു പ്രേത നിർമിതി പോലെ നിൽക്കുന്ന ദ്രവിച്ച അവശിഷ്ടങ്ങൾ എത്രയും വേഗം അഴിച്ച് മാറ്റി റോഡ് വികസനം സാധ്യമാക്കേണ്ടതിന് പകരം തലതിരിഞ്ഞ വികസന സങ്കല്പങ്ങളെ താലോലിക്കാനായി ഇനിയും പണം മുടക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

Content Highlight: Kottayam Sky Walk; Isn’t Thiruvanchoor Radhakrishnan enough yet?

എം.എസ്. ഷൈജു
പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.