| Tuesday, 11th February 2025, 3:30 pm

നേരത്തെ ഏറ്റ നാടകം കാരണം ആ ഫഹദ് ഫാസില്‍ ചിത്രം എനിക്ക് ഒഴിവാക്കേണ്ടി വന്നു, അതില്‍ ഇപ്പോഴും സങ്കടമില്ല: കോട്ടയം രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിനിസ്‌ക്രീനിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് കോട്ടയം രമേശ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത കോട്ടയം രമേശിന് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ കരിയറില്‍ ബ്രേക്ക് ലഭിച്ചു. ചിത്രത്തിലെ കുമാരന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ ഒരുപിടി മികച്ച വേഷങ്ങള്‍ രമേശിനെ തേടിയെത്തി.

സിനിമയിലെത്തണമെന്ന് പണ്ടുതലേ നല്ല ആഗ്രഹം തനിക്ക് ഉണ്ടായിരുന്നെന്നും എന്നാല്‍ അന്ന് ചെറിയ വേഷങ്ങള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും കോട്ടയം രമേശ് പറഞ്ഞു. ആ സമയത്തും താന്‍ നാടകങ്ങള്‍ പലതും ചെയ്തിരുന്നെന്നും നാടകത്തോട് തനിക്ക് വലിയ ഇഷ്ടമായിരുന്നെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നെന്നും നല്ല വേഷമായിരുന്നു ആ സിനിമയിലെന്നും കോട്ടയം രമേശ് പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞാണ് ആ സിനിമയില്‍ ജോയിന്‍ ചെയ്യേണ്ടിയിരുന്നെന്നും അതിനിടയില്‍ നേരത്തെ ഏറ്റ നാടകം ഉണ്ടായിരുന്നെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. നാടകം കളിക്കുന്നതിന്റെ തലേദിവസം സെറ്റില്‍ നിന്ന് തന്നെ വിളിച്ചെന്നും അടുത്തദിവസം തനിക്ക് ഷൂട്ടുണ്ടെന്ന് അറിയിച്ചെന്നും രമേശ് പറഞ്ഞു. താന്‍ ആദ്യമേ ഏറ്റത് നാടകമായത് കൊണ്ട് അത് ആദ്യം ചെയ്യേണ്ടി വന്നെന്നും സിനിമ ഒഴിവാക്കിയെന്നും കോട്ടയം രമേശ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നല്ലൊരു വേഷം ചെയ്യണമെന്നത് ആഗ്രഹമാണെങ്കിലും നാടകമാണ് തന്നിലെ നടനെ വളര്‍ത്തിയതെന്നും അതിനെ മറന്നുകൊണ്ട് ഒന്നിനും ഇല്ലെന്നും രമേശ് പറഞ്ഞു. പിന്നീട് സീരിയലില്‍ ചെറിയ വേഷം ചെയ്‌തെന്നും അത് കണ്ടാണ് സച്ചി തന്നെ അയ്യപ്പനും കോശിയിലേക്ക് വിളിച്ചതെന്നും കോട്ടയം രമേശ് കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു കോട്ടയം രമേശ്.

‘സിനിമയില്‍ നല്ലൊരു വേഷം ചെയ്യണമെന്ന് പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. പല സിനിമയിലും ചെറിയ വേഷങ്ങള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിലൊന്നും പരിഭവമുണ്ടായിരുന്നില്ല. ആ സമയത്തും നാടകത്തെ കൈവിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഫഹദിന്റെ കാര്‍ബണ്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. അത്യാവശ്യം നല്ലൊരു വേഷമാണെന്നും നാലഞ്ച് ദിവസം മാത്രമേ എനിക്ക് ഷൂട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞാണ് എന്റെ ഷൂട്ട്. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞ് അവര്‍ വിളിച്ചിട്ട് രണ്ട് ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആ സമയത്ത് എനിക്കൊരു നാടകമുണ്ടായിരുന്നു. എങ്ങനെ നോക്കിയാലും അവര്‍ പറഞ്ഞ സമയത്തിന് അവിടെ എത്താന്‍ പറ്റില്ല.

നാടകം നേരത്തെ ഏറ്റ പരിപാടിയായതുകൊണ്ട് സിനിമ ഒഴിവാക്കി. കാരണം, നാടകമാണ് എന്റെ ജീവന്‍. അതുകൊണ്ട് കാര്‍ബണിലെ വേഷം വേണ്ടെന്നുവെച്ചതില്‍ വിഷമമില്ല. പിന്നീട് സീരിയലില്‍ ചെയ്ത വേഷം കണ്ടാണ് സച്ചി അയ്യപ്പനും കോശിയിലേക്ക് വിളിച്ചത്,’ കോട്ടയം രമേശ് പറഞ്ഞു.

Content Highlight: Kottayam Ramesh saying he rejected Carbon movie for a drama

We use cookies to give you the best possible experience. Learn more