മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്.
കോട്ടയം നസീറിലെ നടനെ കണ്ട ചിത്രമായിരുന്നു റോഷാക്ക്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. ഇപ്പോള്‍ റോഷാക്ക് എന്ന സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കോട്ടയം നസീര്‍. ഞാന്‍ വിടമാട്ടെ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
‘റോഷാക്ക് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ച ഒരു സീക്വന്‍സ് മമ്മൂക്ക വന്ന് കണ്ടു. ആ സമയത്ത് ഞാന്‍ സെറ്റിലില്ല. ഞാന്‍ വന്നപ്പോള്‍ സ്റ്റെറ്റിലുള്ള എല്ലാവരും മമ്മൂക്ക അത് കണ്ടു എന്ന് പറഞ്ഞു. അത് കണ്ടപ്പോള്‍ മമ്മൂക്ക പറഞ്ഞൊരു കാര്യവും അവര്‍ പറഞ്ഞു.
‘ഇവന്‍ എവിടെ കിടന്നതാ..ഇവന്‍ ഇപ്പോള്‍ എവിടെയാ എത്തിയെ’ എന്നാണ് മമ്മൂക്ക പറഞ്ഞതെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. അതെനിക്ക് ഭയങ്കര അവാര്‍ഡ് പോലെയായിരുന്നു. കാരണം മമ്മൂക്കയെ പോലൊരു ലെജന്റ് നമ്മുടെ അഭിനയം കണ്ടിട്ട് അത് നന്നായി ഇരിക്കുന്നു എന്ന് പറഞ്ഞില്ലേ!
അതുപോലെ മമ്മൂക്കയും ഞാനും കൂടെ ഉള്ളൊരു സീനില്‍ മമ്മൂക്കയെ നോക്കി ഞാന്‍ പറയുന്നൊരു ഡയലോഗുണ്ട്. ‘സാര്‍ ഒരു പാവമാണ് സാറേ. എല്ലാവരും ചേര്‍ന്ന് സാറിനെ പറ്റിക്കും. ദിലീപ് അളിയന്‍ ഈ വീടിന്റെ പണി തുടങ്ങിയതുമുതല്‍ എന്നതും ഓരോ പ്രശ്‌നങ്ങളാണ്’ എന്ന് പറഞ്ഞിട്ട് വലിയ നീട്ടമുള്ള ഡയലോഗാണ്. ആ ഭാഗമായിരുന്നു എനിക്ക് വലിയ ടെന്‍ഷന്‍.
ഇത് എപ്പോള്‍ എടുക്കും എന്ന വലിയ ആവേശത്തിലായിരുന്നു ഞാന്‍. കാരണം ആ ഭാഗത്ത് മമ്മൂക്കക്ക് ഡയലോഗ് ഇല്ല. ഞാന്‍ മാത്രമാണ് പറയുന്നത്. അപ്പോള്‍ ആ സമയം ആകുമ്പോള്‍ മമ്മൂക്ക എങ്ങനെയാണ് റിയാക്ട് ചെയ്യുക എന്നറിയാനുള്ള കൗതുകത്തിലായിരുന്നു ഞാന്‍. അത് ഫസ്റ്റ് ടേക്ക് തന്നെ ഞാന്‍ ഒക്കെ ആക്കിയപ്പോള്‍ മമ്മൂക്ക നീ കൊള്ളാലോടാ എന്ന് പറഞ്ഞു,’ കോട്ടയം നസീര്‍ പറയുന്നു.
Content Highlight: Kottayam Nazeer Talks About Mammootty