മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. 1993ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീർ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ 1995ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാളികളെ വിസ്മയിപ്പിക്കുകയാണ്. കഥപറയുമ്പോള്‍, മാണിക്യക്കല്ല്, ബാവൂട്ടിയുടെ നാമത്തില്‍, ഡിറ്റക്ടീവ് ഉജ്ജ്വലൻ, വാഴ എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോൾ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് കോട്ടയം നസീർ.
ചില ഈഗോ പ്രശ്നങ്ങളൊക്കെ ധ്യാന്‍ ശ്രീനിവാൻ വന്നിട്ട് തീർക്കുമെന്നും ചില വിഷയങ്ങളൊക്കെ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് പറയുമെന്നും കോട്ടയം നസീര്‍ പറയുന്നു.
നമ്മള്‍ സ്വയം ക്രിയേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഇമേജ് പോലും ഇല്ലാതാക്കി കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധ്യാനിനെക്കുറിച്ച് എനിക്ക് തോന്നിയൊരു കാര്യം, നമ്മള്‍ ചിലപ്പോള്‍ രണ്ടുമൂന്ന് പേര് കൂടിയിട്ടുള്ള ചില ഈഗോ കാര്യങ്ങളൊക്കെ വളര്‍ത്തി വലുതാക്കി ഊതി വീര്‍പ്പിച്ച് അതൊരു ബലൂണ്‍ പോലെ ആക്കി വെക്കുമല്ലോ. ധ്യാന്‍ ഒരു മൊട്ടുസൂചി കൊണ്ടുവന്നിട്ട് ഒരു കുത്തുകുത്തി അത് പൊട്ടിച്ചുകളയും.
അതിന്റെ ലാഘവത്തോട് കൂടി അതിനെ കാണുകയുള്ളു. ഇത്രയെ ഉള്ളൂ ഈ വിഷയം, ഇതൊന്നും ഇത്രയും ചര്‍ച്ചയാക്കി വിവാദമാക്കേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞ് അയാള്‍ കുത്തിപ്പൊട്ടിച്ച് കളയും.
അതൊരു സംഭവമാണ്. നമ്മള്‍ ഉണ്ടാക്കി വെക്കുന്ന ഒരു ഇമേജ് ഉണ്ടല്ലോ, നമ്മള്‍ സ്വയം ക്രിയേറ്റ് ചെയ്യുന്നത് അതൊക്കെ കുത്തിപ്പൊട്ടിച്ച് കളയും,’ കോട്ടയം മസീർ പറയുന്നു.
Content Highlight: Kottayam Nazeer Talking about Dhyan Sreenivasan