മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീർ. കരിയറിന്റെ തുടക്കത്തിൽ ചെറുതും വലുതുമായ കോമഡി വേഷങ്ങൾ ചെയ്ത കോട്ടയം നസീർ ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. റോഷാക്കിലെ ശശാങ്കൻ, വാഴയിലെ രാധാകൃഷ്ണൻ, ആലപ്പുഴ ജിംഖാനയിലെ സലീം തുടങ്ങിയവയെല്ലാം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

ഇപ്പോഴിതാ ജയ്ലർ2 വിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മലയാളത്തിൽനിന്ന് കോട്ടയം നസീറും സുരാജ് വെഞ്ഞാറമൂടുമടക്കം നിരവധി താരങ്ങൾ സിനിമയുടെ ഭാഗമായിട്ടുണ്ട്.

കോട്ടയം നസീർ. Photo. Screen Grab/ Youtube

ഇപ്പോഴിതാ ദൈവവിശ്വാസമുണ്ടെങ്കിലും അന്ധവിശ്വാസങ്ങളിലോ അമിതവിശ്വാസത്തിലോ തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് കോട്ടയം നസീർ. പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന താൻ, ജീവിതത്തിൽ സ്വന്തം കർമങ്ങൾക്കും ആത്മാർഥമായ പരിശ്രമങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും പറഞ്ഞു.

നമ്മൾ എന്താണോ ആത്മാർഥമായി ആഗ്രഹിക്കുന്നത്, അതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ച് സത്യസന്ധമായി പ്രവർത്തിച്ചാൽ അതിനനുസരിച്ചുള്ള ഫലം ലഭിക്കുമെന്നത് സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ കാര്യമാണെന്നും കോട്ടയം നസീർ പറഞ്ഞു.

‘ഞാൻ ദൈവവിശ്വാസിയാണ്. പക്ഷേ, അന്ധവിശ്വാസിയോ അമിതവിശ്വാസിയോ അല്ല. പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതേസമയം, എന്റെ കർമങ്ങളിലും പ്രവർത്തികളിലുമാണ് കൂടുതൽ വിശ്വാസം. നമ്മൾ ആത്മാർഥമായി എന്ത് ആഗ്രഹിക്കുന്നോ, എന്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിൽ സത്യസന്ധതയോടെ പ്രവർത്തിച്ചാൽ പ്രകൃതി അതിനനുസരിച്ചുള്ള ഫലം നമുക്ക് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ നൂറു ശതമാനവും അനുഭവിച്ചറിഞ്ഞ കാര്യമാണത്. ഒരുപക്ഷേ, അതിനെയായിരിക്കാം നമ്മൾ ദൈവം എന്ന് പറയുന്നത്,’ നടൻ പറഞ്ഞു.

വിശ്വാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനൊപ്പം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും മാനിക്കേണ്ടതിന്റെ പ്രാധാന്യവും കോട്ടയം നസീർ ചൂണ്ടിക്കാട്ടുന്നു. പൂക്കളോ മനോഹരമായ ചിത്രങ്ങളോ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ അത് ആസ്വദിക്കാം. എന്നാൽ തനിക്ക് സന്തോഷം നൽകുന്ന കാര്യം മറ്റൊരാളും അതേ രീതിയിൽ ആസ്വദിക്കണമെന്ന് നിർബന്ധിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

‘നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ കുറച്ച് പൂക്കൾ കാണുന്നു എന്ന് കരുതുക. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ ആ സന്തോഷം ആസ്വദിച്ചോളൂ. അതുപോലെ, നല്ലൊരു പെയിന്റിങ് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ അതും ആസ്വദിക്കാം. പക്ഷേ, മറ്റൊരാളെ വിളിച്ചിട്ട് ഇതുതന്നെ ആസ്വദിച്ചേ പറ്റൂ എന്ന് പറയരുത്. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്,’ കോട്ടയം നസീർ വ്യക്തമാക്കി.

Content Highlight: Kottayam Nazeer states that while he has faith in God, he has no interest in superstitions or excessive, unquestioning belief