ജയിലര് 2 സകല ബോക്സ് ഓഫീസ് റെക്കോഡുകളും തകര്ത്ത് മുന്നേറുമ്പോള് മലയാളികള്ക്കും സന്തോഷിക്കാനുള്ള വക ലഭിക്കുകയാണ്. സമീപകാലത്ത് ഒരു അന്യഭാഷ സിനിമയില് ഏറ്റവുമധികം മലയാളി സാന്നിധ്യമുള്ള ചിത്രം കൂടിയാണ് ജയിലര് 2. രജിനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുനില് സുഖദ, സുജിത് ശങ്കര്, അന്ന രാജന് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ഇതില് ഏറ്റവുമധികം സ്ക്രീന് ടൈം ലഭിച്ചവരിലൊരാളാണ് കോട്ടയം നസീര്. സുരാജ് അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെ സഹായിയായ അമീറായാണ് കോട്ടയം നസീര് വേഷമിട്ടത്. തമിഴിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കാന് കോട്ടയം നസീറിന് സാധിച്ചു. രജിനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് താരം.

ആദ്യദിവസം തന്നെ രജിനികാന്തിനൊപ്പമുള്ള സീന് ഷൂട്ട് ചെയ്യേണ്ടി വന്നെന്നും തനിക്ക് ഒരുപാട് ടെന്ഷനായിരുന്നെന്നും കോട്ടയം നസീര് പറഞ്ഞു. അത്രയും വലിയ സ്റ്റാറിനെ നേരില് കണ്ടപ്പോള് തന്നെ വല്ലാത്ത ഫീലായിരുന്നെന്നും അടുത്ത് പോയി സംസാരിക്കാന് പേടിയായിരുന്നെന്നും താരം കൂട്ടിച്ചേര്ത്തു. വണ് ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രജിനി സാറുമായിട്ടുള്ള ആദ്യത്തെ ഇന്ററാക്ഷന് മറക്കാന് പറ്റാത്തതായിരുന്നു. പുള്ളി സെറ്റിലെത്തി എല്ലാവരുമായും നല്ല രീതിയില് ചിരിച്ച് സംസാരിക്കുകയായിരുന്നു. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാന് പേടിയായതുകൊണ്ട് സുരാജിന്റെ കൂടെ പോവുകയായിരുന്നു. സാറിന്റെയടുത്ത് ചെന്ന് സ്വയം പരിയപ്പെടുത്തി.

എന്റെ പെയിന്റിങ്ങിന്റെ ഒരു ബുക്ക് കൈയില് കരുതിയിട്ടുണ്ടായിരുന്നു. സുരാജിന്റെ സഹായത്തോടെ അത് സാറിനെ കാണിച്ചു. ഞാന് വരച്ച പെയിന്റിങ്ങുകളാണെന്ന് പറഞ്ഞു. ‘ഓ, അപ്പടിയാ, നീങ്ക വരഞ്ചതാ? റൊമ്പ നല്ലായിരുക്ക്’ എന്ന് പറഞ്ഞു. ആര്ട്ടിസ്റ്റുകളോട് അദ്ദേഹത്തിന് വല്ലാതെ ബഹുമാനമാണ്. പിന്നീട് ക്യാരവനില് ചെന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള് അദ്ദേഹം എന്റെ തോളില് കൈയിട്ട് നിന്ന് ഫോട്ടോ എടുത്തു. ഇത്രയും ഹമ്പിളായിട്ടുള്ള സ്റ്റാറിനെ വേറെ കണ്ടിട്ടില്ല,’ കോട്ടയം നസീര് പറഞ്ഞു.
എന്നാല് പിന്നീട് താന് രജിനികാന്തിനോട് സംസാരിക്കാന് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുന്ന ശീലം തനിക്കില്ലെന്നും അതിനാലാണ് മിണ്ടാന് പോകാത്തതെന്നും താരം കൂട്ടിച്ചേര്ത്തു. രജിനികാന്തിനൊപ്പമുള്ള സീന് ചെയ്തത് തനിക്ക് നല്ലൊരു അനുഭവമായിരുന്നെന്നും കോട്ടയം നസീര് പറഞ്ഞു.
Content Highlight: Kottayam Nazeer shares the shooting experience with Rajnikanth
