ജയിലര്‍ 2 വന്‍ വിജയമാകുമ്പോള്‍ അതിലെ മലയാളി താരങ്ങളെല്ലാവരും കൈയടി നേടുകയാണ്. മോഹന്‍ലാലിന് പുറമെ ചെറുതും വലുതുമായ വേഷങ്ങളില്‍ മലയാളികള്‍ ഞെട്ടിച്ചു. പലരും എടുത്തുപറയുന്ന പ്രകടനങ്ങളിലൊന്നാണ് കോട്ടയം നസീറിന്റെത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെ സഹായിയായാണ് താരം വേഷമിട്ടത്.

ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടും തന്റെ റോളിനെക്കുറിച്ച് ആരോടും പറഞ്ഞില്ലായിരുന്നെന്നും സീനുകള്‍ വെട്ടിപ്പോകുമോ എന്ന് ടെന്‍ഷനടിച്ചിരുന്നെന്നും പറയുകയാണ് കോട്ടയം നസീര്‍. അത്രയും വലിയൊരു സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാനായത് വലിയ കാര്യമാണെന്നും എല്ലാവരും പ്രശംസിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

തന്റെ കഥാപാത്രത്തിന് താന്‍ തന്നെയാണ് ഡബ്ബ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. വേറൊരാളുടെ ശബ്ദം തന്റെ രൂപത്തിന് ചേരില്ലെന്ന് തോന്നിയതുകൊണ്ടാണ് സ്വയം ഡബ്ബ് ചെയ്തതെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു. വളരെ വേഗത്തില്‍ ഡബ്ബ് ചെയ്ത് തീര്‍ത്തെന്നും വലിയ പ്രയാസമൊന്നും തോന്നിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ഡബ്ബിങ്ങിന് എടുത്തുള്ളൂ. അത് ആ കറക്ട് മീറ്ററില്‍ ചെയ്യാന്‍ സാധിച്ചു. തമിഴില്‍ ആദ്യമായിട്ടല്ല ഡബ്ബ് ചെയ്യുന്നത്. കൊച്ചിന്‍ ഹനീഫിക്കയ്ക്ക് വേണ്ടി മുമ്പ് ഡബ്ബ് ചെയ്ത് പരിചയമുണ്ട്. ഹനീഫിക്കയുടെ മരണത്തിന് ശേഷമായിരുന്നു എന്തിരന്റെ റിലീസ്. ആ പടത്തില്‍ പുള്ളിയൊരു ചെറിയ റോള്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിന് ഡബ്ബ് ചെയ്യാന്‍ എന്നെ വിളിച്ചിരുന്നു. ഞാനും മണിയും കൂടി പോയിട്ടാണ് ഡബ്ബ് ചെയ്തത്.

ആ പടം റിലീസായി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വിജയ് എന്നൊരു ഡയറക്ടര്‍ എന്നെ കോണ്‍ടാക്ട് ചെയ്തു. ഹനീഫിക്ക തമിഴില്‍ ചെയ്ത മദിരാസിപട്ടണം എന്ന പടത്തില്‍ ഹനീഫിക്ക ഒരു പ്രധാനപ്പെട്ട ക്യാരക്ടര്‍ ചെയ്തിട്ടുണ്ടായിരുന്നു. ആ പടത്തില്‍ ഡബ്ബ് ചെയ്യുമോ എന്ന് ചോദിച്ചാണ് വിളിച്ചത്. 20ല്‍ കൂടുതല്‍ സീനുകള്‍ ഹനീഫിക്കക്ക് ഉണ്ടായിരുന്നു. അതില്‍ കുറച്ച് പുള്ളി ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. എത്ര ദിവസം വേണമെന്ന് ചോദിച്ചപ്പോള്‍ മൂന്ന് ദിവസമാണ് അവര്‍ പറഞ്ഞത്.

ഞാനാണെങ്കില്‍ ആ സമയത്ത് നിരത്തി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ദുബായിലും അമേരിക്കയിലുമൊക്കെ പ്രോഗ്രം ഏറ്റ് നില്‍ക്കുകയായിരുന്നു. ‘ഞാന്‍ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റൊന്നുമല്ല. ഇവിടെ കുറെ പ്രോഗ്രാമുകളുണ്ട്. ഒരുദിവസം കൊണ്ട് തീര്‍ക്കാം’ എന്ന് അവരോട് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് തുടങ്ങി വൈകിട്ട് മൂന്ന് മണിയായപ്പോഴേക്ക് ഫുള്‍ പടം ഡബ്ബ് ചെയ്തു. എന്തോ അന്ന് ഹനീഫിക്കയുടെ ആത്മാവ് എന്റെ കൂടെ നിന്ന് സഹായിച്ചെന്ന് തോന്നി,’ കോട്ടയം നസീര്‍ പറയുന്നു.

Content Highlight: Kottayam Nazeer shares the experience of dubbing for Cochin Haneefa