തിയേറ്ററുകളില്‍ ചരിത്രവിജയമായി മാറുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഒരിക്കല്‍കൂടി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി മാറിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൂപ്പര്‍സ്റ്റാറിനെ മാക്‌സിമം ഓറയില്‍ നെല്‍സണ്‍ പ്രസന്റ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, സുനില്‍ സുഖദ, സുജിത് ശങ്കര്‍, അന്ന രാജന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മോഹന്‍ലാലും അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രധാനപ്പെട്ട വേഷം ചെയ്തവരിലൊരാളാണ് കോട്ടയം നസീര്‍. അമീര്‍ എന്ന കഥാപാത്രം കോട്ടയം നസീറില്‍ ഭദ്രമായിരുന്നു.

കോട്ടയം നസീര്‍ Photo: Screen grab/ One 2 talks

മിമിക്രിയിലൂടെ കരിയറാരംഭിച്ച കോട്ടയം നസീര്‍ കോമഡി റോളുകളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധ നേടിയത്. സമീപകാലത്ത് സീരിയസ് റോളുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച കോട്ടയം നസീര്‍ ജയിലര്‍ 2ലും തന്റെ ഭാഗം ഗംഭീരമാക്കി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കോട്ടയം നസീര്‍. കഥാപാത്രത്തെക്കുറിച്ച് ആരോടും ഒന്നും പറയാതിരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘സത്യം പറഞ്ഞാല്‍ ഈ പടത്തിലേക്ക് വിളിച്ചപ്പോഴും എന്റെ പോര്‍ഷനെല്ലാം ഷൂട്ട് ചെയ്ത് തീര്‍ന്നപ്പോഴും ആരോടും ഒന്നും പറയാന്‍ പോയില്ല. കാരണം, ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റുള്ള പടമാണ്. നമ്മുടെ ചെറിയ റോള്‍ ലാസ്റ്റ് മിനിറ്റ് എങ്ങാനും കട്ട് ചെയ്ത് പോയാലോ എന്ന് കരുതി ഒന്നും സംസാരിച്ചില്ല. എങ്ങാനും നമ്മള്‍ കൂടുതല്‍ പറഞ്ഞിട്ട് അതിനനുസരിച്ച് ഇല്ലെങ്കില്‍ നാണക്കേടാകുമല്ലോ എന്ന് കരുതിയിട്ടാണ്.

കോട്ടയം നസീര്‍ Photo: Screen grab/ Sun Pictures

പടം റിലീസായിക്കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല റെസ്‌പോണ്‍സാണ് പറഞ്ഞത്. പക്ഷേ, വീട്ടുകാര്‍ക്ക് പോലും ഇപ്പോഴും എന്റെ റോളിനെക്കുറിച്ച് അറിയില്ല. മക്കള്‍ രണ്ടുപേര്‍ക്കും പടത്തിനെക്കുറിച്ച് സ്‌പോയ്‌ലര്‍ പറയുന്നത് ഇഷ്ടമല്ല. ഏതെങ്കിലും റിവ്യൂ വെച്ചാല്‍ പോലും അത് മാറ്റാന്‍ അവര്‍ ആവശ്യപ്പെടും. അവരുടെ രീതി അങ്ങനെയാണ്,’ കോട്ടയം നസീര്‍ പറയുന്നു.

രജിനികാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. അത്രയും വലിയ സ്റ്റാറിനൊപ്പം അഭിനയിക്കാനായത് വലിയ നേട്ടമായിരുന്നെന്നും പലതും വിശ്വസിക്കാനായില്ലെന്നും കോട്ടയം നസീര്‍ പറഞ്ഞു. സെറ്റില്‍ രജിനി എല്ലാവരോടും നല്ല പെരുമാറ്റമായിരുന്നെന്നും ഇത്രയും ഹമ്പിളായ സൂപ്പര്‍സ്റ്റാറിനെ മുമ്പ് കണ്ടിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kottayam Nazeer about his role in Jailer 2 movie