| Monday, 7th April 2025, 5:57 pm

'വാഴ' യും ആ മമ്മൂട്ടി ചിത്രവും എനിക്ക് ഏറെ പ്രിയപ്പെട്ടവ: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാളികളെ വിസ്മയിപ്പിക്കുകയാണ്. കഥപറയുമ്പോള്‍, മാണിക്കകല്ല്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഹാസ്യ വേഷങ്ങള്‍ അധികവും ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തിന് ഒരു ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമായിരുന്നു റോഷാക്. വാഴയിലെ അച്ഛന്‍ കഥാപാത്രവും ഏറെ ജന ശ്രദ്ധ നേടി കൊടുത്തിരുന്നു. ഇപ്പോള്‍ തന്റെ കരിയറില്‍ മാറ്റങ്ങള്‍ തന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കോട്ടയം നസീര്‍.

ഒരുപാട് സിനിമകളില്‍ നിരവധി വേഷങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ഒരു സമയത്ത് കിട്ടികൊണ്ടിരുന്നത് തമാശ നിറഞ്ഞ വേഷങ്ങളാണെന്നും കോട്ടയം നസീര്‍ പറയുന്നു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ തനിക്ക് ഒരു സീരിയസായ കാഥാപാത്രം കിട്ടിയിരുന്നുവെന്നും എന്നാല്‍ തനിക്ക് ഒരു മാറ്റം കൊണ്ട് വന്ന സിനിമ റോഷാക് ആണെന്നും അദ്ദേഹം പറയുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും, വാഴ എന്നീ സിനിമകളിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍.

‘150 ഓളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സമയത്ത് കിട്ടിയിരുന്നത് തമാശ നിറഞ്ഞവേഷങ്ങളായിരുന്നു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടിയിരുന്നു. ഒരു സിരീയസായ വേഷം ചെയ്യാന്‍ കഴിഞ്ഞു. മറ്റെല്ലാം നല്ല കഥാപാത്രങ്ങള്‍ തന്നെയായിരുന്നു, പക്ഷേ ആളുകള്‍ നോട്ടീസ് ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ സ്റ്റീരിയോ ടൈപ്പ് അല്ലാതെ വന്ന കഥാപാത്രങ്ങള്‍ റോഷാക്, വാഴ, തലവന്‍, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളാണ്. അതില്‍ തന്നെ ഒരു മാറ്റം തന്ന സിനിമ റോഷാക് ആണ്. അതെല്ലാം എനിക്ക് പ്രിയപ്പെട്ട വേഷങ്ങളാണ്. റോഷാക്കും അത്‌പോലെ തന്നെ വാഴയും വളരെ പ്രിയപ്പെട്ട ചിത്രങ്ങളാണ്,’ കോട്ടയം നസീര്‍ പറയുന്നു.

Content Highlight: Kottayam Nazeer about his characters in  Rorschach and vazha

We use cookies to give you the best possible experience. Learn more