ആതിരയെ കാണാതായിട്ട് 14 ദിവസം; എങ്ങുമെത്താതെ അന്വേഷണം
Kerala News
ആതിരയെ കാണാതായിട്ട് 14 ദിവസം; എങ്ങുമെത്താതെ അന്വേഷണം
രാജേഷ് വി അമല
Tuesday, 10th July 2018, 6:19 pm

കോഴിക്കോട്: കേരളത്തില്‍ നിന്നും കാണാതാവുന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടുന്നത് തുടര്‍ക്കഥയായി മാറുന്നു. സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്നു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പെണ്‍കുട്ടികളെ കാണാതാവുന്നതും അന്വേഷണം വഴിമുട്ടുന്നതും ആവര്‍ത്തിക്കപ്പെടുന്നു.

ജെസ്‌നയുടെ തിരോധാനത്തെ തുടര്‍ന്നുള്ള അന്വേഷണം സങ്കീര്‍ണമായി വഴിമുട്ടി നില്‍ക്കുമ്പോഴാണ് സമാനമായൊരു വാര്‍ത്ത മലപ്പുറം കോട്ടക്കല്‍ പുതുപ്പറമ്പില്‍ നിന്നും പുറത്തു വരുന്നത്. പുതുപ്പറമ്പ് ചുടലപ്പാറ കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ പതിനേഴു വയസ്സുകാരി ആതിരയെ കാണാതായിട്ട് ഇന്നേക്ക് പന്ത്രണ്ടു ദിവസമായി.

ALSO READ: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു, വീഡിയോ

കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയായ ആതിര ഇക്കഴിഞ്ഞ ഇരുപത്തിയേഴിന് വീട്ടില്‍ നിന്നും ക്ലാസിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

മകളുടെ തിരോധാനത്തില്‍ നിത്യ രോഗിയായ അമ്മയും അച്ഛനും ഓരോ നിമിഷം തീ തിന്നാണ് ജീവിതം തള്ളിനീക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ ചങ്കുവെട്ടിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെയും ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് കയറിപ്പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതല്ലാതെ മറ്റു പുരോഗതിയൊന്നും തന്നെ ഉണ്ടായിട്ടില്ല.

“വീട്ടില്‍ നിന്ന് ഇപ്പോ വരാ എന്ന് പറഞ്ഞ് പോയതാണ്. പൊലീസുകാര്‍ അന്വേഷിക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.” ആതിരയുടെ അമ്മ പറയുന്നു.

ALSO READ: പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചുമാറ്റണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് കണ്ണൂര്‍, കോഴിക്കോട്,തൃശൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു പുരോഗതിയുമുണ്ടായില്ല.സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ച ഗുരുവായൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

അന്വേഷണം മറ്റേതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം എന്നാണ് പിതാവിന്റെയും ബന്ധുക്കളുടെയും ആവശ്യം. മകളെ കാണാതായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ആതിര മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് തീ തിന്ന് ദിവസങ്ങള്‍ തള്ളി നീക്കുന്ന കുടുംബം.

WATCH THIS VIDEO:

രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.