| Saturday, 28th June 2025, 9:43 pm

വ്യക്തി അധിക്ഷേപം; വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതി നല്‍കി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചതിലാണ് പരാതി.

വ്യക്തിയധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്.

എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ വീഴ്ചയാണ് താന്‍ വീഡിയോയിലൂടെ ഉയര്‍ത്തി കാണിച്ചതെന്നാണ് വ്‌ലോഗറുടെ വിശദീകരണം. കഴിഞ്ഞ ദിവസം തന്റെ വീഡിയോ സത്ഉദേശപരമായിരുന്നെന്നും മുനിസിപ്പാലിറ്റിയുടേയും മറ്റ് അധികാര സ്ഥാപനങ്ങളുടേയും അനാസ്ഥയാണ് വീഡിയോയിലൂടെ താന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതെന്നും മറിച്ച് വ്യക്തിപരമായി ഒരാളെയും അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ജുനൈസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചിരുന്നു.

അതേസമയം മുന്‍സിപ്പാലിറ്റിയിലെ താത്ത എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയില്‍ ചെയര്‍പേഴ്സണെ വ്‌ലോഗര്‍ അഭിസംബോധന ചെയ്തിരുന്നത്. ചെയര്‍പേഴ്‌സണ്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാതെ കുടുംബക്കാരുടെ വീടുകളില്‍ മുന്‍സിപ്പാലിറ്റിയുടെ കൊടിവെച്ച വണ്ടിയില്‍ ലിപ് ബാമും ഫൗണ്ടേഷന്‍ ക്രീമും ഇട്ട് കയറി ഇറങ്ങുകയാണെന്നും ആ തിരക്കിനിടയില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ മറന്നുവെന്നും വ്‌ലോഗര്‍ പറഞ്ഞു.

നിത ഷഹീറിന് പുറമെ മുന്‍ ചെയര്‍പേഴ്സണേയും ഇയാള്‍ അധിക്ഷേപിച്ചിരുന്നു. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലായിരുന്നു അധിക്ഷേപം.

‘മുന്‍സിപ്പാലിറ്റിയിലെ ആദ്യത്തെ രണ്ടര കൊല്ലം ഇംഗ്ലീഷ് അറിയാത്ത താത്തയുടെ വിളയാട്ടം ആയിരുന്നു. പിന്നത്തെ രണ്ടര കൊല്ലം മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ. താത്താന്റെ മേക്കപ്പിടുന്ന പൈസ മതി റോഡ് അടയ്ക്കാന്‍,’ എന്നാണ് ജുനൈസ് വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നത്.

ഇതിനുപുറമെ കൊണ്ടോട്ടി എം.എല്‍.എയായ ടി.വി. ഇബ്രാഹിമിനേയും വ്‌ലോഗര്‍ അധിക്ഷേപിച്ചിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള കാറിന് പരിക്ക് പറ്റിയാല്‍ ആര് നന്നാക്കിതരുമെന്നും പറഞ്ഞ കല്യാണത്തിനും പറയാത്ത കല്യാണത്തിനും പല്ലില്‍ കുത്തി ഫോട്ടോ ഇടുന്ന എം.എല്‍.എ റോഡ് നന്നാക്കി തരുമോയെന്നുമാണ് വ്‌ലോഗര്‍ വീഡിയോയില്‍ ചോദിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ നഗരസഭ എന്ത് ചെയ്തു, എം.എല്‍.എ എന്ത് ചെയ്തു എന്നീ കാരണങ്ങള്‍ മനസിലാക്കിയതിന് ശേഷം വേണം അത് ചെയ്യാനെന്നുമാണ് നിത ഷഹീര്‍ ചൂണ്ടിക്കാട്ടിയത്.

Content Highlight: Kondotty Municipality Chairperson files complaint against vlogger Panali Junais

We use cookies to give you the best possible experience. Learn more