| Thursday, 6th March 2025, 12:44 pm

മോഹന്‍ലാലിന്റെ സംസാരം നമുക്ക് സുഖിപ്പീരായി തോന്നും, അതാണ് അയാളുടെ വിജയം, എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല: കൊല്ലം തുളസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ, സീരിയല്‍ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് കൊല്ലം തുളസി. 1986ല്‍ പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടമാണ് കൊല്ലം തുളസിയുടെ ആദ്യചിത്രം. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത കൊല്ലം തുളസി തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. സീരിയലിലും സജീവമായി നില്‍ക്കാന്‍ തുളസിക്ക് സാധിച്ചു.

മലയാളത്തിലെ മികച്ച നടന്മാരായ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് കൊല്ലം തുളസി. പ്രതിഭാസമ്പന്നനായ നടനാണ് മമ്മൂട്ടിയെന്ന് കൊല്ലം തുളസി പറഞ്ഞു. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മമ്മൂട്ടിയെന്നും എന്നാല്‍ കുറച്ച് വെയിറ്റ് ഇട്ട് നടക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വളരെ സിമ്പിളായിട്ടുള്ള വ്യക്തിത്വമാണ് മമ്മൂട്ടിയുടേതെന്നും അത് കവര്‍ ചെയ്തുകൊണ്ടാണ് തലക്കനം കാണിക്കുന്നതെന്നും കൊല്ലം തുളസി പറഞ്ഞു. മമ്മൂട്ടിയുടെ രീതി അതാണെന്നും തുളസി പറയുന്നു. ഒരിക്കല്‍ താന്‍ ഗുഡ് മോണിങ് പറഞ്ഞിട്ടുപോലും അതിനെ മൈന്‍ഡ് ചെയ്യാതെയിരുന്നെന്നും അതിന് താന്‍ മറുപടി കൊടുത്തിരുന്നെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ഫ്‌ളെക്‌സിബിളാണെന്ന് തുളസി പറഞ്ഞു. എല്ലാവരോടും ചിരിച്ചുകളിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ സംസാരമെന്നും അത് എല്ലാവരെയും സുഖിപ്പിക്കുന്നതുപോലെ തോന്നുമെന്നും കൊല്ലം തുളസി പറഞ്ഞു. അതാണ് മോഹന്‍ലാലിന്റെ വിജയമെന്നും എന്നാല്‍ മമ്മൂട്ടി അതുപോലുള്ള കാര്യത്തിന് നില്‍ക്കാറില്ലെന്നും തുളസി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

‘മമ്മൂട്ടി പ്രതിഭാസമ്പന്നനായ ഒരു നടനാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറയുകയാണെങ്കില്‍ സ്വല്പം തലക്കനമുള്ള ആളാണ് അദ്ദേഹം. ആള് വളരെ സിമ്പിളാണ്. പക്ഷേ, അത് പുറത്തുകാണിക്കില്ല. എപ്പോഴും ഗൗരവത്തിലിരിക്കും. ആരെങ്കിലും ഗുഡ് മോണിങ് പറഞ്ഞാല്‍ ചിലപ്പോള്‍ മൈന്‍ഡ് ചെയ്യാതെയിരിക്കും. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. അതിന് ഞാന്‍ പുള്ളിക്ക് മറുപടി കൊടുത്തിട്ടുമുണ്ട്.

മോഹന്‍ലാല്‍ അങ്ങനെയല്ല, പുള്ളി ഭയങ്കര ഫ്‌ളെക്‌സിബിളാണ്. എല്ലാവരോടും കളിച്ച് ചിരിച്ചുകൊണ്ടാണ് പുള്ളിയുടെ സംസാരം. അത് കേള്‍ക്കുമ്പോള്‍ നമുക്ക് സുഖിപ്പീരായി തോന്നും. അതാണ് മോഹന്‍ലാലിന്റെ വിജയം. മമ്മൂട്ടി അത്തരം കാര്യങ്ങള്‍ക്കൊന്നും പോകാറില്ല. അതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസമായി എനിക്ക് തോന്നിയിട്ടുള്ളത്,’ കൊല്ലം തുളസി പറയുന്നു.

Content Highlight: Kollam Thulasi about the behavior of Mammootty and Mohanlal

We use cookies to give you the best possible experience. Learn more