2026 ഐ.പി.എല്ലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതോടെ ഡിസംബര്‍ 15 നടക്കാനിരിക്കുന്ന മിനി താരലേലത്തിന് മുന്നോടിയായി പല വമ്പന്‍ താരങ്ങളെയും ഫ്രാഞ്ചൈസികള്‍ വിട്ടുകളയുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. അത്തരത്തില്‍ മികച്ച താരത്തെ വിട്ടുകളഞ്ഞ ഫ്രാഞ്ചൈസിയാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.
വരാനിരിക്കുന്ന മിനി ലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരം ആന്ദ്രെ റസലിനെയാണ് കൊല്‍ക്കത്ത വിട്ടുനല്‍കിയത്. 2014 ഐ.പി.എല്‍ മുതല്‍ റസല്‍ കൊല്‍ക്കത്തയുടെ പ്രധാന താരമാണ്. 2025ലെ മെഗാ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ അഞ്ച് കളിക്കാരില്‍ ഒരാളും റസലായിരുന്നു.
2026 ഐ.പി.എല്ലിനായി റസലിനെ വിട്ടയച്ചതിലൂടെ കൊല്‍ക്കത്തയ്ക്ക് 18 കോടി രൂപ കൂടി ലഭിച്ചത്. 12 കോടിയായിരുന്നു റസലിന് കൊല്‍ക്കത്ത വിലയിട്ടത്, എന്നാല്‍ റിലീസിങ്ങിലൂടെയാണ് കൊല്‍ക്കത്തയ്ക്ക് അധിക പണം ലഭിച്ചത്.
2025ലെ മെഗാ താരലേത്തില്‍ 51 കോടി രൂപയുമായി ഇറങ്ങിയ കൊല്‍ക്കത്ത 2026ലെ മിനി ലേലത്തിന് ഇറങ്ങുന്നത് 64.3 കോടി രൂപയുമായാണ്. മെഗാ താര ലേലത്തേക്കാള്‍ പ്രാധാന്യം മിനി ലേലത്തിന് നല്‍കുന്ന നിലപാടിനെ ആരാധകര്‍ വിമര്‍ശിക്കുകയാണ്. മാത്രമല്ല റസലിനെ കൂടാതെ ഒമ്പത് താരങ്ങളേയും ഫ്രാഞ്ചൈസി വിട്ടയച്ചിരുന്നു.