അത്യുന്നതങ്ങളില്‍ കോഹ്‌ലി; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്, സ്മിത്തിന്റെ അപ്രമാദിത്വത്തിന് അന്ത്യം
ICC Ranking
അത്യുന്നതങ്ങളില്‍ കോഹ്‌ലി; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്, സ്മിത്തിന്റെ അപ്രമാദിത്വത്തിന് അന്ത്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th August 2018, 12:57 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്ന് കോഹ്‌ലി ഒന്നാമതെത്തി.

ഇതാദ്യമായാണ് കോഹ്‌ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2011 ല്‍ സച്ചിനുശേഷം റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍താരമാണ് കോഹ്‌ലി. ഒന്നാം റാങ്കിംഗിലെത്തുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍കൂടിയാണ് കോഹ്‌ലി.

സച്ചിനും കോഹ്‌ലിക്കും പുറമെ ദ്രാവിഡ്, ഗംഭീര്‍, സെവാഗ്, ഗവാസ്‌കര്‍, വെംഗ്‌സാര്‍ക്കര്‍ എന്നിവര്‍ മാത്രമാണ് നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ പട്ടികയിലിരുന്നിട്ടുള്ളത്.

ALSO READ: അടിച്ചു തകര്‍ത്ത് തമീമും ഷാകിബും; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം

കഴിഞ്ഞ 32 മാസമായി സ്മിത്ത് തുടരുന്ന ടെസ്റ്റ് റാങ്കിംഗിലെ അപ്രമാദിത്വം ഇതോടെ അവസാനിച്ചു. പന്ത് ചുരണ്ടലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലുള്ള സ്മിത്തിനേക്കാള്‍ 5 പോയന്റ് കൂടുതലാണ് കോഹ്‌ലിക്കുള്ളത്.

ഒന്നാം റാങ്കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. 934 പോയന്റാണ് കോഹ്‌ലിയ്ക്കുള്ളത്. 961 പോയന്റ് നേടിയിട്ടുള്ള സാക്ഷാല്‍ ബ്രാഡ്മാനും 947 പോയന്റുണ്ടായിരുന്ന സ്മിത്തുമാണ് ഇക്കാര്യത്തില്‍ ബഹുദൂരം കോഹ്‌ലിക്ക് മുന്നിലുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 200 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്.

WATCH THIS VIDEO: