| Wednesday, 20th September 2017, 9:23 pm

ആദ്യം അവര്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്ത് വരട്ടെ എന്നിട്ട് തീരുമാനിക്കാം;ബി.ജെ.പിക്കൊപ്പമുള്ള പാര്‍ട്ടിക്കുവേണ്ടി എല്‍.ഡി.എഫ് വാതില്‍ തുറന്നുവച്ചിട്ടില്ലെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം അവര്‍ എന്‍.ഡി.എ മുന്നണി വിട്ടശേഷം നോക്കാമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിക്ക് ഒപ്പമുള്ള പാര്‍ട്ടിക്കുവേണ്ടി എല്‍.ഡി.എഫ് വാതില്‍ തുറന്നുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ മുന്നണിയിലാണ് ബി.ഡി.ജെ.എസ് ഇപ്പോള്‍. അവര്‍ എന്‍.ഡി.എ വിടട്ടെ, എല്‍.ഡി.എഫില്‍ എടുക്കുന്നകാര്യം അപ്പോള്‍ മാത്രം പരിഗണിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.ഡി.എയുമായുള്ള സഖ്യം ഒഴിയുമെന്ന് സൂചന നല്‍കികൊണ്ട് ഇന്നലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ട്രറി വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. കേരള ബി.ജെ.പി ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി.


Also Read കെ.എം മാണി യൂ.ഡി.എഫിന് പുറത്തുള്ളയാളല്ല; വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണിക്കുമെന്നും പി.കെ കുഞ്ഞാലികുട്ടി


കേരളത്തില്‍ എന്‍.ഡി.എ ഘടകം എന്നതൊന്നുണ്ടോ എന്നും ഒരിക്കലും കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആരും കൂടെ വേണ്ടെന്നാണ് കേരള ബി.ജെ.പിയുടെ നിലപാടെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുന്നണി രൂപികരണ വേളയില്‍ ലഭിച്ച വാഗ്ദാനങ്ങള്‍ ലഭിക്കാത്തതിനാല്‍ ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നതായിമുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നും കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി നല്‍കിയ സ്വീകരണങ്ങളില്‍ ബി.ഡി.ജെ.എസിനെ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു തീരുമാനം.

Latest Stories

We use cookies to give you the best possible experience. Learn more