കെ.സി.എല്ലില്‍ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ വിജയം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഒമ്പത് റണ്‍സിനാണ് ബ്ലൂ ടൈഗേഴ്‌സ് വിജയം സ്വന്തമാക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് കൊച്ചി സ്‌കോര്‍ ഉയര്‍ത്തിയത്. കളിയിലെ താരവും സഞ്ജുവാണ്.
37 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ഇത് സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണ്. കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിന് ഒരു കുറവുമുണ്ടാകില്ലെന്ന് സഞ്ജു വീണ്ടും തെളിയിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് 13 (22), 121 (51), 89 (46), 62 (37) എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. ഇതോടെ ഏഷ്യാ കപ്പിലുള്ള ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്നും ആരാധകര്‍ വിശ്വസിക്കുന്നു.
താരത്തിന് പുറമേ നിഖില്‍ തോട്ടത്ത് 35 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ 42 റണ്‍സും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ പത്ത് പന്തില്‍ 26 റണ്‍സ് നേടി ജോബിന്‍ ജോബിയും തിളങ്ങി.
ട്രിവാന്‍ഡ്രം ടൈറ്റന്‍സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സജീവ് സതീശനാണ്. 46 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് താരം അടിച്ചെടുത്തത്. 152.2 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സജീവ് ബാറ്റ് വീശിയത്. അബ്ദുള്‍ ബാസിത് 41 റണ്‍സ് ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണപ്രസാദ് 36 നേടിയിരുന്നു.
കൊച്ചിക്ക് വേണ്ടി സാലി സാംസണ്‍, ജോബിന്‍ ജോബി, ജെറിന്‍ പി.എസ്, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ആഷിക് രണ്ട് വിക്കറ്റുകളും നേടി. ട്രിവാന്‍ഡ്രത്തിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് അഭിജിത് പ്രവീണാണ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അബ്ദുള്‍ ബാസിത്, ആസിഫ് സല്‍മാന്‍ എന്നിവര്‍ ടീമിന് വേണ്ടി ഓരോ വിക്കറ്റുകളും നേടി.
Content Highlight: Kochi blue Tigers Won Against Trivandram Royals