കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഫൈനലില്‍; പൊരുതിത്തോറ്റ് കാലിക്കറ്റ്
Sports News
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഫൈനലില്‍; പൊരുതിത്തോറ്റ് കാലിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th September 2025, 7:13 am

കേരള ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊച്ചി ഫൈനലില്‍ പ്രവേശിച്ചത്.

ഇതോടെ ഞായറാഴ്ച്ച നടക്കുന്ന കിരീടപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെയാണ് കൊച്ചി നേരിടുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടിയത്.

കാലിക്കറ്റിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് അഖില്‍ സ്‌കറിയയാണ്. 37 പന്തില്‍ 72 റണ്‍സാണ് സ്‌കറിയ അടിച്ചെടുത്തത്. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അവസാനഘട്ടത്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി മികവ് പുലര്‍ത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. സ്‌കറിയക്ക് പുറമേ കൃഷ്ണദേവന്‍ 26 റണ്‍സ് നേടി സെക്കന്‍ഡ് ടോപ്പ് സ്‌കോററായി.

കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിക് നടത്തിയ മിന്നും ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് കാലിക്കറ്റ് തകര്‍ന്നത്. 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ജെറിന്‍ പി.എസ്, പാതിരിക്കാട്ട് മിഥുന്‍, കെ.എം. ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അതേസമയം നിഖില്‍ തോട്ടത്തിന്റെ മിന്നും ബാറ്റിങ് പ്രകടനത്തിലാണ് കൊച്ചി സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 36 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സറുകളും ഒരു ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. വിപുല്‍ ശക്തി 28 പന്തില്‍ നിന്ന് 37 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ മുഹമ്മദ് ആഷിക് നടത്തിയ ബാറ്റിങ് പ്രകടനം എടുത്തു പറയേണ്ടതാണ്. 10 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

കാലിക്കറ്റിന് വേണ്ടി മനു കൃഷ്ണന്‍, ഇബ്‌നുല്‍ അഫ്താബ്, ഹരികൃഷ്ണന്‍ എം.യു എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. അഖില്‍ദേവ് ഒരു വിക്കറ്റും സ്വന്തമാക്കി. ബൗളിങ്ങില്‍ മധ്യ ഓവറുകളില്‍ ടീമിന് മികവ് പുലര്‍ത്താന്‍ സാധിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തത് കാലിക്കറ്റിന് തുടര്‍ പരാജയങ്ങളിലേക്ക് നയിച്ചു. കഴിഞ്ഞ സീസണില ഹാട്രിക്ക് ചാമ്പ്യനും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ അഖില്‍ദേവിന് തിളങ്ങാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

Content Highlight: Kochi Blue Tigers Into The Finals Of KCL