കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. അതോടെ ഈ സീസണില്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമാകാന്‍ സഞ്ജുവിനും കൂട്ടര്‍ക്കും സാധിച്ചു. ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായാണ് ടീമിന്റെ സെമി പ്രവേശനം.
കഴിഞ്ഞ ദിവസം ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് ബ്ലൂ ടൈഗേഴ്സ് സീസണിലെ ആറാം വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ വിജയത്തോടെ ടീമിന് 12 പോയിന്റായി. 0.748 നെറ്റ് റണ്‍ റേറ്റുമായാണ് സഞ്ജുവിന്റെ സംഘം നിലവില്‍ ഒന്നാമതുള്ളത്.
അതേസമയം, കഴിഞ്ഞ ദിവസം ആലപ്പി റിപ്പിള്‍സിനെതിരെ നടന്ന തങ്ങളുടെ എട്ടാം മത്സരത്തില്‍ ബ്ലൂ ടൈഗേഴ്സ് മിന്നും വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. റിപ്പിള്‍സ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ബ്ലൂ ടൈഗേഴ്സ് മറികടക്കുകയായിരുന്നു.
പത്ത് പന്ത് ശേഷിക്കെയാണ് ടീം ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ ആറാം വിജയം നേടിയെടുത്തത്. ഈ വിജയം നേടിയതാകട്ടെ സഞ്ജു സാംസണിന്റെ വെടിക്കെട്ടിന്റെ കരുത്തിലും.
തുടര്‍ച്ചയായ നാലാം 50+ സ്‌കോറുകൾ സ്വന്തമാക്കിയാണ് സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 41 പന്ത് നേരിട്ട താരം 83 റണ്‍സാണ് നേടിയത്. ഒമ്പത് സിക്സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 202.44 സട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ ഓപ്പണറായി എത്തിയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. താരത്തിന് പുറമെ ജെറിന്‍ പി.എസ്, വിനൂപ് മനോഹരന്‍, അജീഷ് കെ എന്നവരും മികച്ച പ്രകടനം നടത്തിയിരുന്നു. ജെറിന്‍ 13 പന്തില്‍ 25 റണ്‍സ് എടുത്തപ്പോള്‍ മനോഹരന്‍ 11 പന്തില്‍ 23 റണ്‍സും നേടി. ഇവര്‍ക്ക് ഒപ്പം അജീഷ് 13 പന്തില്‍ 18 റണ്‍സും സംഭാവന ചെയ്തു.
Content Highlight: Kochi Blue Tigers became first team to reach semi final in Kerala Cricket League Season 2 with Sanju Samson performance