ക്‌നാനായക്കാരുടെ 'വംശശുദ്ധി' ഹ്രസ്വചിത്രവും, ക്രിസ്ത്യാനികള്‍ക്കിടയിലെ വംശീയതയും
അന്ന കീർത്തി ജോർജ്

വംശശുദ്ധിയും ജാതിയും പാരമ്പര്യവും കൊട്ടിഘോഷിക്കുന്ന, ഒരിക്കലും പെണ്‍കുട്ടികള്‍ മറ്റു സമുദായങ്ങളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന ഒരു ഷോര്‍ട്ട് ഫിലിം വിവാദമായിരിക്കുകയാണ്. ക്‌നാനായ സഭ യൂത്ത് ലീഗാണ് ഈ ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. കുവൈറ്റ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്്. സമുദായസ്‌നേഹം യുവജനങ്ങളിലേക്ക് എന്ന വിഷയത്തില്‍ ഈ സംഘടന നടത്തിയ മത്സരത്തിലേക്ക് വന്ന പാഴുത്തുരുത് ഇടവകയില്‍ നിന്നുമുള്ള ഷോര്‍ട്ട് ഫിലിം ആണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. വംശീയതയെയും ജാതീയതെയും വാഴ്ത്തിപ്പാടുന്നതാണ് ഈ ഹ്രസ്വചിത്രമെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം സമുദായം വിട്ട് വേറെ ഒരാളുടെ കൂടെ പോകില്ല എന്നാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം പറയുന്നത്. ജാതിയും മതവും പാരമ്പര്യവും ആചാരങ്ങളും ഉപേക്ഷിച്ച് നമ്മുടെ പെണ്‍കുട്ടികള്‍ അന്യമതസ്ഥരോടൊപ്പം പോകുന്നത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചിത്രത്തിലെ പുരോഹിതന്‍ പറയുന്നുണ്ട്.

എ ഡി 345ല്‍ കേരളത്തിലെത്തിയ മെസപ്പൊട്ടമിയയില്‍ നിന്നുള്ള ജൂതന്മാരായ കാരണവന്മാര്‍ തങ്ങളോട് ആകെ ആവശ്യപ്പെട്ടത് വംശശുദ്ധി കാത്തുസൂക്ഷിക്കാനായിരുന്നെന്നും ജൂതന്മാരുടെ പിന്മുറക്കാരുടെ ദൈവനിയോഗമാണ് വംശശുദ്ധി കാത്തുസൂക്ഷിക്കലെന്നുമെല്ലാം ചിത്രത്തിലെ വിവിധ കഥാപാത്രങ്ങള്‍ പറയുന്നുണ്ട്.

ഇപ്പോള്‍ ഷോര്‍ട്ട്ഫിലിം ചര്‍ച്ചയായതോടെ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തിലെ ജാതീയതയും വംശീയതയും ഒപ്പം ചിത്രം മുന്നോട്ടുവെക്കുന്ന കാര്യങ്ങളിലെ വസ്തുതാപരമായ പ്രശ്‌നങ്ങളും ചര്‍ച്ചയാകുകയാണ്. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനായ സെബിന്‍ അബ്രഹാം ജേക്കബ് ഡൂള്‍ന്യൂസിനോട് സംസാരിച്ചു. എ.ഡി 345ല്‍ കേരളത്തിലെത്തിയ യഹൂദന്മാരുടെ പിന്‍തലമുറക്കാരാണ് ക്‌നാനായക്കാര്‍ എന്നതിന് കൃത്യമായ യാതൊരു തെളിവുകളുമില്ലെന്ന് സെബിന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇപ്പോള്‍ വിവാദമായിരിക്കുന്ന ഹ്രസ്വചിത്രത്തിലെ സീനുകളിലൂടെ കൃത്യമായി ഇതരമതസ്ഥരില്‍ നിന്നുമാത്രമല്ല മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാര്‍ക്ക് വിവാഹം സാധ്യമല്ല എന്ന് കൃത്യമായി പറയുന്നുണ്ട്.’ സെബിന്‍ പറഞ്ഞു.

മത്സരത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളടങ്ങടങ്ങിയ പോസ്റ്റില്‍ സമുദായ തനിമയുടെ ജ്വാലയാകാന്‍ ഒരുമയോടെ ക്‌നാനായ യുവത്വം എന്ന ടാഗ് ലൈനാണ് മത്സരത്തിന് നല്‍കിയിരിക്കുന്നത്. ‘നമ്മുടെ യുവജനങ്ങളെ സമുദായ സ്‌നേഹത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇങ്ങിനെയൊരു മത്സരം സംഘടിപ്പിക്കുന്നതും ഇതില്‍ പറയുന്നു.

ഫേസ്ബുക്ക് പേജില്‍ ഇതുവരെ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് ഷോര്‍ട്ട് ഫിലിമുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിലെല്ലാം തന്നെ ക്‌നാനായ സമുദായത്തിന്റെ വംശശുദ്ധി കാത്തുസൂക്ഷിക്കണമെന്നത് തന്നെയാണ് പ്രധാന പ്രമേയമായി കടന്നുവരുന്നത്. വംശീയതക്കെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് എന്തു വില കൊടുത്തും വംശശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.