ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തെ വിലയിരുത്തുന്നതിലും ഇതേ തെറ്റുകള്‍ സംഭവിച്ചിരുന്നു. 27 വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ വ്യാപകമായ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഗുജറാത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് 1974-ല്‍ ആദ്യം തെരുവിലിറങ്ങിയത്. അറിയപ്പെടുന്ന നേതാക്കളാരും ഉണ്ടായിരുന്നില്ല. സംസ്ഥാന മന്ത്രി സഭായെക്കൊണ്ട് രാജിവയ്പിച്ച ഈ പ്രക്ഷോഭത്തില്‍ നിന്നാണ് ജെ.പി. ബീഹാറിലെ പ്രസ്ഥാനത്തിന് ഊര്‍ജ്ജം സംഭരിച്ചത്. അത് ബീഹാറില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ദേശീയ പ്രക്ഷോഭമായി മാറി.
ഒട്ടും വ്യവസ്ഥാപിതമല്ലാത്ത ഒരു പ്രസ്ഥാനത്തെ വളരെ വ്യവസ്ഥാപിതമായ ഉത്തരങ്ങളില്‍ തളച്ചിടാനാണ് ഇവരെല്ലാം വെപ്രാളം കാട്ടുന്നത്
അന്ന് ആര്‍.എസ്സ്.എസ്സും ജനസംഘവും (ബിജെപിയുടെ മുന്‍ രൂപം) ദുര്‍ബലമായിരുന്നു. നേതൃത്വത്തിലേക്കു വരാന്‍ കഴിയുമായിരുന്ന ഇടതുപക്ഷം പല തട്ടിലായിരുന്നു. സി.പി.ഐ. കോണ്‍ഗ്രസിന്റെ വാലാട്ടിയായിതീര്‍ന്ന് ജെപിയെ ഫാസിസ്റ്റെന്നു വിളിച്ചെതിര്‍ത്തു. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സുന്ദരയ്യ പ്രസ്താവിച്ച പോലെ സിപിഐ(എം) നേതൃത്വം എങ്ങനെയും സംഘടനയെ രക്ഷിക്കുകയെന്നതിന് അപ്പുറത്തേക്ക് ഇത്തരം ഒരു പ്രക്ഷോഭത്തിന്റെ തലപ്പത്തുവരുന്നതിനെ ഭയന്നു. സി.പി.ഐ.(എംഎല്‍) ആകട്ടെ “ഉന്മൂലന ലൈന്‍” മൂലം ശിഥിലമായിക്കഴിഞ്ഞിരുന്നു. സോഷ്യലിസ്റ്റുകള്‍ ഛിന്നഭിന്നമായി നേതാക്കള്‍ മാത്രമായി ശേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്സ്.എസ്സിന് സമ്പൂര്‍ണ്ണ വിപ്ലവത്തിന്റേയും പിന്നീട് അടിയന്തിരാവസ്ഥയോടുള്ള എതിര്‍പ്പിന്റേയും പേരില്‍ ശക്തിപ്പെടാനും ബി.ജെ.പിക്ക് കോണ്‍ഗ്രസിനു ബദലായി വളരാനും കഴിഞ്ഞത്.
കാല്‍ നൂറ്റാണ്ടുകൊണ്ട് സ്വാതന്ത്ര്യസമര വാഗ്ദാനങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നടത്തിയ പിന്തിരിപ്പന്‍ വാഴ്ചയോടുള്ള ജനകീയ രോഷമാണ് ജെപി പ്രസ്ഥാനത്തിലെക്കെത്തിച്ചത്. ഈ ജനകീയ രോഷത്തിന് പ്രക്ഷോഭത്തിന്റെ രൂപം നല്‍കാന്‍ പ്രതിപക്ഷത്തുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയാതിരുന്നപ്പോഴാണ് ജെപിക്ക് നേതൃത്വത്തിലേക്കു വരാന്‍ കഴിഞ്ഞത്. ഒരിക്കല്‍ ഇത്തരമൊരു പ്രസ്ഥാനം രൂപപ്പെട്ടാല്‍ അതിനെ തങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എല്ലാ ശക്തികളും ശ്രമിക്കും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ള സാമ്രാജ്യത്വ ശക്തികള്‍ ഉള്‍പ്പെടെ അതില്‍ പരിഭവിച്ചിരുന്നിട്ടു കാര്യമില്ല. തെരുവിലിറങ്ങിക്കഴിഞ്ഞ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും ആ പ്രക്ഷോഭത്തെ തങ്ങളുടെ ദിശയില്‍ നയിക്കാനുമാണ് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്ന ശക്തികള്‍ ശ്രമിക്കേണ്ടത്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍, പ്രത്യേകിച്ചും സാമ്രാജ്യത്വ ആഗോളീകരണം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന്, അതുവരെയുണ്ടായിരുന്ന “ലൈസന്‍സ് രാജ”ാണ് അഴിമതിക്കും ദാരിദ്ര്യത്തിനും കാരണമെന്ന ഭരണവര്‍ഗ്ഗ പ്രചാരത്തിനു നേര്‍ വിപരീതമായി, അഴിമതിയും അതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും ഭയാനകമായി. നവഉദാരനയങ്ങളുടെ ലക്ഷ്യം ദേശീയസമ്പത്തും പണി എടുക്കുന്നവന്റെ അദ്ധ്വാനവും കൊള്ള ചെയ്ത് ഒരു പറ്റം അതിസമ്പന്നരെ വളര്‍ത്തുകയായപ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന ഒന്നായി കേന്ദ്ര സംസ്ഥാന ഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥസംവിധാനവും മാറി. അഴിമതി, വന്‍ കുംഭകോണങ്ങള്‍ എല്ലാ രംഗത്തും രൂക്ഷമായി. ഇതിനെതിരായ ജനകീയ രോഷം ഒരു അഗ്നിപര്‍വ്വതം പോലെ തിളച്ചുമറിഞ്ഞ് വളര്‍ന്നു വന്നുതുടങ്ങി. നാനാതരം ജനകീയ പ്രക്ഷോഭങ്ങളായി ഇത് പലയിടങ്ങളിലും പ്രകടമാകാനും തുടങ്ങി. ഇവയ്ക്ക് എങ്ങിനെ ദേശീയ തലത്തില്‍ സംഘടിത രൂപം നല്‍കും, എങ്ങിനെ ഒരു ദേശീയ പ്രക്ഷോഭമായി അവയെ വളര്‍ത്തും, അതിന് കേന്ദ്രമുദ്രാവാക്യം എന്തായിരിക്കണം എന്നതൊക്കെ കുറെ നാളായി സജീവ ചര്‍ച്ചാവിഷയമായിരുന്നു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുകയോ, അധികാരം പങ്കിടുകയോ ചെയ്യുന്ന വ്യവസ്ഥാപിത പാര്‍ട്ടികളൊക്കെ ഇത്തരമൊരു ദേശീയ പ്രക്ഷോഭത്തെ ഭയപ്പെട്ടിരുന്നു. അധികാരം ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനെപ്പോലും അവ ഭയപ്പെടുന്നു. വോട്ടു ചെയ്യാനുള്ള യന്ത്രം മാത്രമായിട്ടാണ് അവ ജനങ്ങളെ കാണുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍ തന്നെ ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനെ എത്ര കണ്ട് ഭയപ്പെട്ടിരുന്നു. എന്ന് അവയുടെ ഓരോ നടപടികളും വ്യക്തമാക്കി. മറ്റുപാര്‍ട്ടികളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നതിനപ്പുറം അല്‍പ്പം കൂടി ജനകീയ പങ്കാളിത്തമുള്ള ഒരു “ജനലോകപാല്‍” വേണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസ് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചത് ആവേശത്തോടെ ആയിരുന്നില്ല. അങ്ങിനെയൊന്നുവന്നാലും തങ്ങളുടെ ഭരണവ്യവസ്ഥയ്ക്ക് മാരകമായ കേടൊന്നും സംഭവിക്കില്ലെന്നറിയാമായിരുന്നിട്ടും ശത്രുതാപരമായിട്ട്, അല്ലെങ്കില്‍ നിസ്സംഗമായിട്ടാണ് അവ പ്രതികരിച്ചത്.
ജനകീയരോഷം ശക്തിപ്പെടുകയും അത് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തുകയും എന്നിട്ടും സര്‍ക്കാരും വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങളും അതിനെ തിരസ്‌കരിച്ച സാഹചര്യത്തില്‍ അത് അവ്യവസ്ഥാപിതമായ രീതിയില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭരൂപം കൈവരിക്കുകയായിരുന്നു. ഏറെ നാളായി മഹാരാഷ്ട്രയില്‍ നിന്നു തുടങ്ങി അന്നാ നയിച്ച അഴിമതി വിരുദ്ധ കാമ്പയിനുകളും പൊതുസമര ഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയും അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നു ലഭിച്ച പ്രചോദനവും ഇപ്പോഴിതിനെ ജെപി പ്രസ്ഥാനത്തേത്താള്‍ പലമടങ്ങ് വ്യാപകമായ തോതില്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. ആരും പ്രതീഷിക്കാത്ത രീതിയില്‍ ടുണീഷ്യയിലും ഈജിപ്റ്റിലും മറ്റും പൊട്ടി പുറപ്പെട്ട പ്രക്ഷോഭങ്ങളെപ്പോലെ ഇവിടുത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ദശലക്ഷങ്ങളെ തെരുവിലേക്കെത്തിച്ചിരിക്കുന്ന ഈ അഴിമതിവിരുദ്ധ ദേശീയ പ്രക്ഷോഭം.
അടുത്ത പേജില്‍ തുടരുന്നു
അസംഘടിത ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഇത്തരമൊരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ ലോകത്തെവിടെയും സംഭവിക്കുന്നതൊക്കെയാണ് ഇവിടെയും നടക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ഉപയോഗിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.യും അതിന്റെ പിന്നില്‍ ആര്‍.എസ്സ്.എസ്സും തങ്ങളുടെ താല്‍പര്യാര്‍ത്ഥം ഇതിനെ ഉപയോഗിക്കാന്‍ സജീവമായി രംഗത്തുണ്ട്. അതുപോലെ തന്നെ യു.പി.എയുടെ ഭാഗമായിരുന്ന എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും “പൊതുസമൂഹ, എന്‍.ജി.ഒ. ഗ്രൂപ്പുകളും നിരവധി മധ്യവര്‍ഗ്ഗ സംഘടനകളും രംഗത്തുണ്ട്. ഇടതുമുന്നണി നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്യന്തം വ്യവസ്ഥാപിതമായ അവരുടെ രീതികള്‍ പ്രക്ഷോഭത്തെ സ്വാധീനിക്കുന്നതില്‍ അവരെ സഹായിക്കുന്നില്ല. ഇന്ത്യയില്‍ മധ്യവര്‍ഗ്ഗങ്ങള്‍ ഒരു പ്രബലശക്തിയായതുകൊണ്ട് ഇതുവരെയുണ്ടായിരുന്ന ജഡത്വം വലിയൊരളവ് വരെ ഉപേക്ഷിച്ച് അവരില്‍ നിരവധി പേര്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഓരോരുത്തരുടേയും ശ്രമം പ്രക്ഷോഭത്തെ തങ്ങള്‍ക്കനുകൂലമായി മാറ്റാനാണ്.
ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കടമ എന്താണ്?
ഇന്ന് കമ്യൂണിസ്റ്റുകാര്‍ നേരിടുന്ന വെല്ലുവിളി വിപ്ലവപ്രസ്ഥാനം എന്നതില്‍ നിന്ന് വ്യവസ്ഥാപിത സംഘടനകളായി സ്തംഭിച്ച്, ജീര്‍ണ്ണമായ അവസ്ഥയില്‍ നിന്ന് വീണ്ടും എങ്ങനെ ഒരു ജനകീയ പ്രസ്ഥാനമായി മാറും എന്നതാണ്. പാരീസ് കമ്യൂണും അതിന് മുമ്പും പിമ്പും ഉണ്ടായ നിരവധി സമരങ്ങളും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്‍കൈയില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ ആയിരുന്നു. പാരീസ് കമ്യൂണിനെ വിലയിരുത്തുമ്പോള്‍ അതിന്റെ സംഘടനാപരമായ ദൗര്‍ബല്യത്തെ ചൂണ്ടിക്കാട്ടുമ്പോഴും അതിന്റെ ജനകീയ ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ സ്വഭാവത്തെ, ജനകീയ പങ്കാളിത്തത്തെ മാര്‍ക്‌സ് അടിവരയിട്ട് ശ്ലാഘിച്ചിരുന്നു. അതുപോലെ രണ്ടാം ഇന്റര്‍നാഷണല്‍ കാലത്തെ പാര്‍ട്ടികളുടെ സംഘടനാസ്വഭാവത്തിന്റെ പരിമിതികളെ മറികടന്ന് പ്രൊഫഷണല്‍ വിപ്ലവകാരികളുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിന് നേതൃത്വത്തില്‍ വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ ഊന്നല്‍ നല്കിയ ലെനിന്‍ സോവിയറ്റുകള്‍ രൂപപ്പെട്ടതിനെ ശ്ലാഘിക്കുകയും ജനകീയ മുന്‍കൈകള്‍ക്കും ഉയര്‍ത്തേഴ്‌ന്നേല്പ്പുകള്‍ക്കും ഊന്നല്‍ നല്കുകയും ചെയ്തു. അതുകൊണ്ടാണ് 1917-ല്‍ രൂപപ്പെട്ട വിപ്ലവസാഹചര്യത്തെ ഫലപ്രദമായി നയിച്ച് ഒക്‌ടോബര്‍ വിപ്ലവം നയിക്കാന്‍ ബോള്‍ഷെവിക്കുകള്‍ക്ക് കഴിഞ്ഞത്.
1942-ലെ ‘ക്വിറ്റിന്ത്യാ പ്രസ്ഥാനം’ വമ്പിച്ച ജനകീയ മുന്നേറ്റമായപ്പോള്‍ തെറ്റായ രാഷ്ട്രീയ തീരുമാനം മൂലം സി.പി.ഐ നേതൃത്വം അതില്‍ നിന്നു വിട്ടു നില്‍ക്കുകയോ അതിനെ എതിര്‍ക്കുകയോ ചെയ്തു
ചൈനയുടെ സവിശേഷ സാഹചര്യത്തില്‍ സൈന്യം ഉണ്ടായിരുന്നിട്ടും മാവോ ജനകീയ യുദ്ധത്തെ യെനാന്‍ മാര്‍ച്ച് ഉള്‍പ്പെടെ വന്‍ ജനകീയ മുന്നേറ്റമായി മാറ്റി. വിപ്ലവത്തിനുശേഷം വലതുപക്ഷക്കാര്‍ പാര്‍ട്ടിയേയും ഭരണ സംവിധാനത്തെയും സൈന്യത്തെയും വ്യവസ്ഥാപിതവല്‍കരിക്കാന്‍ ശ്രമിച്ചപ്പോള്‍ മാവോ ഒരു ജനകീയ നേതാവായി മാറി, “വമ്പിച്ച കുതിച്ചു ചാട്ടം”, “കമ്യൂണ്‍ പ്രസ്ഥാനം” എന്നിവയിലൂടെ ജനകീയ പങ്കാളിത്തം വളര്‍ത്തി. എന്നിട്ടും എല്ലാ രംഗത്തും വലതുപക്ഷക്കാര്‍ പിടിമുറുക്കിയപ്പോള്‍ അവരെ തകര്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ട് സാംസ്‌ക്കാരിക വിപ്ലവത്തിനു നേതൃത്വം നല്‍കി. ദശലക്ഷങ്ങള്‍ തെരുവിലിറങ്ങി. ഇടതുപക്ഷവിഭാഗീത പ്രവണത 1969-ലെ ഒമ്പതാം കോണ്‍ഗ്രസിലൂടെ പിടിമുറുക്കുകയും പിന്നീട് വലതുപക്ഷക്കാര്‍ ആധിപത്യം നേടുകയും ചെയ്തപ്പോള്‍ അവ ഈ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയതുകൊണ്ടാണ് ചൈനയും മുതലാളിത്തപാതയിലേക്കു ജീര്‍ണ്ണിച്ചത്. വമ്പിച്ച ഒരു ജനകീയ മുന്നേറ്റമായി മാറിയ വിയറ്റ്‌നാമിനും, കമ്പൂചിയന്‍ വിപ്ലവങ്ങള്‍ക്കും സംഭവിച്ചത് പിന്നീട് ഇതു തന്നെയാണ്.
ഇന്ത്യയിലോ? 1942-ലെ “ക്വിറ്റിന്ത്യാ പ്രസ്ഥാനം” വമ്പിച്ച ജനകീയ മുന്നേറ്റമായപ്പോള്‍ തെറ്റായ രാഷ്ട്രീയ തീരുമാനം മൂലം സി.പി.ഐ നേതൃത്വം അതില്‍ നിന്നു വിട്ടു നില്‍ക്കുകയോ അതിനെ എതിര്‍ക്കുകയോ ചെയ്തു. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് നാവികലഹള ഉള്‍പ്പെടെ രാജ്യത്ത് വമ്പിച്ച പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നപ്പോള്‍ പലയിടത്തും അവയുടെ നേതൃത്വത്തില്‍ വരാന്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഇല്ലാതിരുന്നതുമൂലം ആ അവസരവും പാഴായി. 1967-ലെ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്ന് ആദിവാസികളിലും ദളിതരിലും നഗരങ്ങളിലെ വിദ്യാര്‍ത്ഥികളിലും വമ്പിച്ച പിന്തുണ നേടിയ ഒരു പ്രക്ഷോഭം വളര്‍ന്നു വന്നിട്ടും ഇടതുപക്ഷവിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മൂലം അതു ശിഥിലമായി. തുടര്‍ന്ന് സി.പി.ഐ – സി.പി.ഐ (എം) പോലുള്ള വലതുപക്ഷ സ്വാധീനത്തില്‍ പെട്ട സംഘടനകള്‍ക്കും നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ക്കും സംഭവിച്ചത് അവയെല്ലാം ജനകീയ പ്രക്ഷോഭങ്ങളില്‍ ഊന്നാതെ ഉദ്യോഗസ്ഥ മേധാവിത്വവല്‍കരണത്തിനും വ്യവസ്ഥാപിതവല്‍കരണത്തിനും അടിപ്പെട്ടു എന്നതാണ്. അതുകൊണ്ടാണ് ഒരിക്കല്‍ കൂടി ലക്ഷകണക്കിനു യുവാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ബഹുജനങ്ങള്‍ തെരുവിലിറങ്ങിയിട്ടും എങ്ങിനെ അതില്‍ ഇടപ്പെടും എങ്ങിനെ അതിനെ ജനകീയ മുന്നേറ്റമായി ഇടതുവീക്ഷണത്തോടെ വളര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ പോകുന്നത്.
അഴിമതിയെ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ പ്രക്ഷോഭം അങ്ങേയറ്റം രാഷ്ട്രീയമായ ഒന്നാണ്. അഴിമതി ഭരണവ്യവസ്ഥയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ ഭരണവ്യവസ്ഥയെ തന്നെ മാറ്റുന്ന ഒന്നാക്കി വളര്‍ത്തണമെന്നും പറയാന്‍ കഴിയണമെങ്കില്‍ പ്രക്ഷേഭത്തിലേക്ക് ഇറങ്ങി ചെല്ലണം, അതില്‍ പങ്കെടുക്കുന്നവരുടെ പിന്തുണ നേടണം. ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത ചൈനയിലേതുപോലെ “ദീര്‍ഘകാല ജനകീയ യുദ്ധ”ത്തിന്റേതല്ലെന്നും, വര്‍ത്തമാന ലോക ദേശീയ സാഹചര്യത്തില്‍ പൊതുജനാഭിപ്രായം രാഷ്ട്രീയമായി വളര്‍ത്തി ജനകീയ മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കി, ദേശവ്യാപകമായ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയാണു വേണ്ടതെന്നും ഭോപ്പാല്‍ സമ്മേളനത്തില്‍ അംഗീകരിച്ച രേഖയില്‍ പ്രഖ്യാപിച്ചത് എത്ര കണ്ട് ശരിയാണെന്നാണ് സാര്‍വ്വദേശീയമായും ഇപ്പോള്‍ ഇന്ത്യയിലും ഉണ്ടായിരിക്കുന്ന സാഹചര്യം തെളിയിക്കുന്നത്.
ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ അധികാരം പിടിച്ചെടുക്കാന്‍ കഴിവു നേടണമെങ്കില്‍ പാര്‍ട്ടിയേയും വര്‍ഗ്ഗ ബഹുജനസംഘടനകളെയും “കോറായി” ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേയ്ക്കിറങ്ങി ചെന്ന് ജനകീയ പ്രസ്ഥാനങ്ങള്‍ക്കും വമ്പിച്ച കാമ്പയിനുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്കാന്‍ കെല്‍പ്പുള്ള വിധം ഓരോ കമ്മറ്റിയും പാര്‍ട്ടി അംഗവും മാറണം. ജനങ്ങളിലേയ്ക്കിറങ്ങി ചെല്ലാന്‍, ജനകീയരാകാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഇന്നും പഴയ വിഭാഗീയതയില്‍ നിന്നു രക്ഷ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്, വിപ്ലവത്തെ ഒരു വരട്ടു തത്വമായി കാണുന്നു എന്നതാണ്.
അന്നാ ഹസാരെയുടെപ്രസ്ഥാനം ഏതു സമയവും ഒരു ഒത്തുതീര്‍പ്പിനു വഴങ്ങിയേക്കാം. “ജനലോകപാലി”നപുറത്തേക്ക് പ്രക്ഷോഭത്തെ വളര്‍ത്താന്‍ ഇതിന്റെ നേതൃത്വത്തിന് താല്‍പര്യമില്ലാതിരിക്കാം. വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ ഇതിനെ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ ഉപയോഗിചെന്നു വരാം. അതോടൊപ്പം പ്രക്ഷോഭം കെട്ടടങ്ങുന്നതോടെ അത് വളര്‍ത്തിയിരിക്കുന്ന ആവേശം അതില്‍ പങ്കെടുക്കുന്ന മധ്യവര്‍ഗ്ഗ യുവാക്കളില്‍ പലര്‍ക്കും നഷ്ടപ്പെടുകയും ചെയ്യും. ഏതൊരു പ്രക്ഷോഭത്തിനും ഇതൊക്കെ സംഭവിക്കാവുന്നതാണ്, സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ നിന്നും വിട്ടുമാറി നിന്നുകൂടാ.
സോവിയറ്റ് യൂണിയന്റേയും ചൈനയുടേയും ജീര്‍ണ്ണിക്കലും സി.പി.ഐ. (എം) നയിക്കുന്ന ഇടതു മുന്നണിയുടെ ഭരണം സൃഷ്ഠിച്ചിരിക്കുന്ന ജഡത്വവും മാവോയിസ്റ്റുകള്‍ ജനങ്ങളില്‍ വിപ്ലവത്തോട് സൃഷ്ടിച്ചിരിക്കുന്ന അലര്‍ജിയും നേരിട്ട് എങ്ങിനെ ജനകീയ പ്രക്ഷോഭത്തെ വളര്‍ത്താന്‍ കഴിയുമെന്ന വെല്ലുവിളി കമ്യൂണിസ്റ്റുകാര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ ജനകീയ പ്രക്ഷോഭം വിപ്ലവശക്തികളുടെ മുന്നില്‍ വമ്പിച്ച സാധ്യതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന വമ്പിച്ച ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും, അഴിമതിക്കെതിരായ സമരത്തെ ശക്തിപ്പെടുത്താനും, അഴിമതി വിരുദ്ധ സമരത്തെ വ്യവസ്ഥാവിരുദ്ധ സമരമാക്കി മാറ്റാനുള്ള സാഹചര്യം സൃഷ്ടിക്കാനും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവം വളര്‍ത്താനും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങാന്‍ തയ്യാറാകണം. തെരുവിലിറങ്ങിയ ജനവിഭാഗങ്ങളെ എങ്ങിനെ വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്നു ചിന്തിച്ചാല്‍ മാത്രം പോരാ, അതിനായി മുന്നിട്ടിറങ്ങുകയും വേണം. അതിനായി എല്ലാവിധ വിഭാഗീയ ചിന്താഗതികളും ദൂരെയെറിയണം.
(സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ലേഖകന്‍)
കടപ്പാട്: സഖാവ് മാസിക