Administrator
Administrator
ഹസാരെസമരവും കമ്മൂണിസ്റ്റുകാരും
Administrator
Friday 16th September 2011 4:01pm

ആരാണ് അന്നാഹസാരെയുടെ പിന്നില്‍ എന്നു യു.പി.എ സര്‍ക്കാരും കോണ്‍ഗ്രസും മാധ്യമങ്ങളും എല്ലാം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നാനാതരക്കാരായ ഇടതുപക്ഷക്കാരും അന്വേഷണത്തിലാണ് ഇവര്‍ കണ്ടെത്തിയ കുറ്റവാളികളുടെ പട്ടികയില്‍ ആര്‍.എസ്സ്.എസ്സും അമേരിക്കയും ആധുനിക വിവരസാങ്കേതിക വിദ്യയും മറ്റും ഉള്‍പ്പെടുന്നുണ്ട്. ഒട്ടും വ്യവസ്ഥാപിതമല്ലാത്ത ഒരു പ്രസ്ഥാനത്തെ വളരെ വ്യവസ്ഥാപിതമായ ഉത്തരങ്ങളില്‍ തളച്ചിടാനാണ് ഇവരെല്ലാം വെപ്രാളം കാട്ടുന്നത്. ടൂന്നിഷ്യയും ഈജിപ്റ്റുതൊട്ട് നിരവധി രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ വിലയിരുത്തുന്നതില്‍ പ്രകടമായ തെറ്റുകള്‍ തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു.

ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തെ വിലയിരുത്തുന്നതിലും ഇതേ തെറ്റുകള്‍ സംഭവിച്ചിരുന്നു. 27 വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ വ്യാപകമായ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഗുജറാത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് 1974-ല്‍ ആദ്യം തെരുവിലിറങ്ങിയത്. അറിയപ്പെടുന്ന നേതാക്കളാരും ഉണ്ടായിരുന്നില്ല. സംസ്ഥാന മന്ത്രി സഭായെക്കൊണ്ട് രാജിവയ്പിച്ച ഈ പ്രക്ഷോഭത്തില്‍ നിന്നാണ് ജെ.പി. ബീഹാറിലെ പ്രസ്ഥാനത്തിന് ഊര്‍ജ്ജം സംഭരിച്ചത്. അത് ബീഹാറില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ദേശീയ പ്രക്ഷോഭമായി മാറി.

ഒട്ടും വ്യവസ്ഥാപിതമല്ലാത്ത ഒരു പ്രസ്ഥാനത്തെ വളരെ വ്യവസ്ഥാപിതമായ ഉത്തരങ്ങളില്‍ തളച്ചിടാനാണ് ഇവരെല്ലാം വെപ്രാളം കാട്ടുന്നത്

അന്ന് ആര്‍.എസ്സ്.എസ്സും ജനസംഘവും (ബിജെപിയുടെ മുന്‍ രൂപം) ദുര്‍ബലമായിരുന്നു. നേതൃത്വത്തിലേക്കു വരാന്‍ കഴിയുമായിരുന്ന ഇടതുപക്ഷം പല തട്ടിലായിരുന്നു. സി.പി.ഐ. കോണ്‍ഗ്രസിന്റെ വാലാട്ടിയായിതീര്‍ന്ന് ജെപിയെ ഫാസിസ്റ്റെന്നു വിളിച്ചെതിര്‍ത്തു. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സുന്ദരയ്യ പ്രസ്താവിച്ച പോലെ സിപിഐ(എം) നേതൃത്വം എങ്ങനെയും സംഘടനയെ രക്ഷിക്കുകയെന്നതിന് അപ്പുറത്തേക്ക് ഇത്തരം ഒരു പ്രക്ഷോഭത്തിന്റെ തലപ്പത്തുവരുന്നതിനെ ഭയന്നു. സി.പി.ഐ.(എംഎല്‍) ആകട്ടെ ‘ഉന്മൂലന ലൈന്‍’ മൂലം ശിഥിലമായിക്കഴിഞ്ഞിരുന്നു. സോഷ്യലിസ്റ്റുകള്‍ ഛിന്നഭിന്നമായി നേതാക്കള്‍ മാത്രമായി ശേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്സ്.എസ്സിന് സമ്പൂര്‍ണ്ണ വിപ്ലവത്തിന്റേയും പിന്നീട് അടിയന്തിരാവസ്ഥയോടുള്ള എതിര്‍പ്പിന്റേയും പേരില്‍ ശക്തിപ്പെടാനും ബി.ജെ.പിക്ക് കോണ്‍ഗ്രസിനു ബദലായി വളരാനും കഴിഞ്ഞത്.

കാല്‍ നൂറ്റാണ്ടുകൊണ്ട് സ്വാതന്ത്ര്യസമര വാഗ്ദാനങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നടത്തിയ പിന്തിരിപ്പന്‍ വാഴ്ചയോടുള്ള ജനകീയ രോഷമാണ് ജെപി പ്രസ്ഥാനത്തിലെക്കെത്തിച്ചത്. ഈ ജനകീയ രോഷത്തിന് പ്രക്ഷോഭത്തിന്റെ രൂപം നല്‍കാന്‍ പ്രതിപക്ഷത്തുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയാതിരുന്നപ്പോഴാണ് ജെപിക്ക് നേതൃത്വത്തിലേക്കു വരാന്‍ കഴിഞ്ഞത്. ഒരിക്കല്‍ ഇത്തരമൊരു പ്രസ്ഥാനം രൂപപ്പെട്ടാല്‍ അതിനെ തങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എല്ലാ ശക്തികളും ശ്രമിക്കും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ള സാമ്രാജ്യത്വ ശക്തികള്‍ ഉള്‍പ്പെടെ അതില്‍ പരിഭവിച്ചിരുന്നിട്ടു കാര്യമില്ല. തെരുവിലിറങ്ങിക്കഴിഞ്ഞ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും ആ പ്രക്ഷോഭത്തെ തങ്ങളുടെ ദിശയില്‍ നയിക്കാനുമാണ് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്ന ശക്തികള്‍ ശ്രമിക്കേണ്ടത്.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍, പ്രത്യേകിച്ചും സാമ്രാജ്യത്വ ആഗോളീകരണം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന്, അതുവരെയുണ്ടായിരുന്ന ‘ലൈസന്‍സ് രാജ’ാണ് അഴിമതിക്കും ദാരിദ്ര്യത്തിനും കാരണമെന്ന ഭരണവര്‍ഗ്ഗ പ്രചാരത്തിനു നേര്‍ വിപരീതമായി, അഴിമതിയും അതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും ഭയാനകമായി. നവഉദാരനയങ്ങളുടെ ലക്ഷ്യം ദേശീയസമ്പത്തും പണി എടുക്കുന്നവന്റെ അദ്ധ്വാനവും കൊള്ള ചെയ്ത് ഒരു പറ്റം അതിസമ്പന്നരെ വളര്‍ത്തുകയായപ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന ഒന്നായി കേന്ദ്ര സംസ്ഥാന ഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥസംവിധാനവും മാറി. അഴിമതി, വന്‍ കുംഭകോണങ്ങള്‍ എല്ലാ രംഗത്തും രൂക്ഷമായി. ഇതിനെതിരായ ജനകീയ രോഷം ഒരു അഗ്നിപര്‍വ്വതം പോലെ തിളച്ചുമറിഞ്ഞ് വളര്‍ന്നു വന്നുതുടങ്ങി. നാനാതരം ജനകീയ പ്രക്ഷോഭങ്ങളായി ഇത് പലയിടങ്ങളിലും പ്രകടമാകാനും തുടങ്ങി. ഇവയ്ക്ക് എങ്ങിനെ ദേശീയ തലത്തില്‍ സംഘടിത രൂപം നല്‍കും, എങ്ങിനെ ഒരു ദേശീയ പ്രക്ഷോഭമായി അവയെ വളര്‍ത്തും, അതിന് കേന്ദ്രമുദ്രാവാക്യം എന്തായിരിക്കണം എന്നതൊക്കെ കുറെ നാളായി സജീവ ചര്‍ച്ചാവിഷയമായിരുന്നു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുകയോ, അധികാരം പങ്കിടുകയോ ചെയ്യുന്ന വ്യവസ്ഥാപിത പാര്‍ട്ടികളൊക്കെ ഇത്തരമൊരു ദേശീയ പ്രക്ഷോഭത്തെ ഭയപ്പെട്ടിരുന്നു. അധികാരം ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനെപ്പോലും അവ ഭയപ്പെടുന്നു. വോട്ടു ചെയ്യാനുള്ള യന്ത്രം മാത്രമായിട്ടാണ് അവ ജനങ്ങളെ കാണുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍ തന്നെ ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനെ എത്ര കണ്ട് ഭയപ്പെട്ടിരുന്നു. എന്ന് അവയുടെ ഓരോ നടപടികളും വ്യക്തമാക്കി. മറ്റുപാര്‍ട്ടികളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നതിനപ്പുറം അല്‍പ്പം കൂടി ജനകീയ പങ്കാളിത്തമുള്ള ഒരു ‘ജനലോകപാല്‍’ വേണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസ് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചത് ആവേശത്തോടെ ആയിരുന്നില്ല. അങ്ങിനെയൊന്നുവന്നാലും തങ്ങളുടെ ഭരണവ്യവസ്ഥയ്ക്ക് മാരകമായ കേടൊന്നും സംഭവിക്കില്ലെന്നറിയാമായിരുന്നിട്ടും ശത്രുതാപരമായിട്ട്, അല്ലെങ്കില്‍ നിസ്സംഗമായിട്ടാണ് അവ പ്രതികരിച്ചത്.

ജനകീയരോഷം ശക്തിപ്പെടുകയും അത് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തുകയും എന്നിട്ടും സര്‍ക്കാരും വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങളും അതിനെ തിരസ്‌കരിച്ച സാഹചര്യത്തില്‍ അത് അവ്യവസ്ഥാപിതമായ രീതിയില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭരൂപം കൈവരിക്കുകയായിരുന്നു. ഏറെ നാളായി മഹാരാഷ്ട്രയില്‍ നിന്നു തുടങ്ങി അന്നാ നയിച്ച അഴിമതി വിരുദ്ധ കാമ്പയിനുകളും പൊതുസമര ഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയും അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നു ലഭിച്ച പ്രചോദനവും ഇപ്പോഴിതിനെ ജെപി പ്രസ്ഥാനത്തേത്താള്‍ പലമടങ്ങ് വ്യാപകമായ തോതില്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. ആരും പ്രതീഷിക്കാത്ത രീതിയില്‍ ടുണീഷ്യയിലും ഈജിപ്റ്റിലും മറ്റും പൊട്ടി പുറപ്പെട്ട പ്രക്ഷോഭങ്ങളെപ്പോലെ ഇവിടുത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ദശലക്ഷങ്ങളെ തെരുവിലേക്കെത്തിച്ചിരിക്കുന്ന ഈ അഴിമതിവിരുദ്ധ ദേശീയ പ്രക്ഷോഭം.

അടുത്ത പേജില്‍ തുടരുന്നു

Advertisement