കേരളം എന്ന വാക്കുപോലുമില്ല
DISCOURSE
കേരളം എന്ന വാക്കുപോലുമില്ല
കെ.എന്‍. ബാലഗോപാല്‍
Sunday, 2nd February 2025, 10:01 pm
എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഗിമിക്കുകള്‍ എന്ന പതിവ് ശൈലി തന്നെയാണ് ഇത്തവണയും ബജറ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയില്‍ കണ്ടുള്ള ഒരു സമീപനം ഉണ്ടായിട്ടില്ല. തികച്ചും ബീഹാര്‍ സംസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളില്‍ ഏറെയും. ഒപ്പം, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി നിരക്കില്‍ വലിയ മാറ്റം വരുത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. | കെ.എന്‍. ബാലഗോപാല്‍ എഴുതുന്നു

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉണര്‍ത്താന്‍ ഉതകുന്ന പരിപാടികള്‍ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പൊക്ക് മറിക്കടക്കാന്‍ സഹായകമാകുന്ന ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ബജറ്റിലുണ്ടാകുകയെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍.

എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളെയും നിരാശപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് എന്നതാണ് പൊതുപ്രതികരണങ്ങളില്‍നിന്ന് മനസിലാകുന്നത്. സമ്പദ്ഘടന ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന് കഴിയുന്നില്ല.

രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പില്‍ ഏതാണ്ടെല്ലാ സാമ്പത്തിക ആസൂത്രകരും വിദഗ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണ്. അത് ശരിവെക്കുന്നതാണ് ബജറ്റിന്റെ തലേദിവസം കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റിന് മുമ്പാകെ വെച്ച സാമ്പത്തിക സര്‍വെ 2024-25 റിപ്പോര്‍ട്ട്.

ബജറ്റുമായി നിര്‍മല സീതാരാമന്‍

നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടുത്തവര്‍ഷവും സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നാണ് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏതാണ്ട് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിലാകുമെന്നാണ് അനുമാനം.

പ്രധാനമന്ത്രി അവകാശപ്പെട്ട 2047ലെ വികസിത ഭാരതത്തിലേക്ക് എത്തണമെങ്കില്‍ 8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് വേണം. 8.2 ശതമാനം പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചയാണ് 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്. 2023-24ല്‍ 8.2 ശതമാനവും, 2022-23ല്‍ 7.2 ശതമാനവും, 2021-22ല്‍ 8.7 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നേരത്തെയുള്ള അവകാശവാദം.

അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ സാമ്പത്തിക സ്ഥിതി തികച്ചും ഗരുതരമായ അവസ്ഥയിലാണ്. നടപ്പുവര്‍ഷം മൂലധന ചെലവില്‍ 12.3 ശതമാനം ഇടിവുണ്ടായി എന്നതും വല്ലാത്ത ആശങ്ക ഉയര്‍ത്തുന്നു. നവംബര്‍ വരെയുള്ള സ്ഥിതിവിവരങ്ങളെ ആശ്രയിച്ച് തയ്യാറാക്കിയ അവലോകനത്തില്‍, ഭക്ഷ്യ വിലക്കയറ്റം 8.4 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 7.5 ശതമാനവും.

നടപ്പുവര്‍ഷത്തെ ചരക്ക് കയറ്റുമതി വളര്‍ച്ച 1.6 ശതമാനം മാത്രമാണ്. ചരക്ക് ഇറക്കുമതി വര്‍ധന 5.2 ശതമാനവും. ബാങ്ക് വായ്പ വളര്‍ച്ചാതോതിലും ഇടിവാണ്. മുന്‍വര്‍ഷം നവംബര്‍ വരെ കാലയളവില്‍ 15.2 ശതമാനമായിരുന്നു. നടപ്പുവര്‍ഷം 11.8 ശതമാനം മാത്രം.

ഈ വര്‍ഷം നവംബര്‍ വരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടുവെന്നതും കൂട്ടിചേര്‍ക്കേണ്ടതുണ്ട്. ഈ അവസ്ഥയില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുന്നതും, സമ്പദ്‌വ്യവസ്ഥ ചലിപ്പിക്കാന്‍ ഉതകുന്നതുമായ നിര്‍ദേശങ്ങള്‍ വരും വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഗിമിക്കുകള്‍ എന്ന പതിവ് ശൈലി തന്നെയാണ് ഇത്തവണയും ബജറ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയില്‍ കണ്ടുള്ള ഒരു സമീപനം ഉണ്ടായിട്ടില്ല.

തികച്ചും ബീഹാര്‍ സംസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളില്‍ ഏറെയും. ഒപ്പം, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി നിരക്കില്‍ വലിയ മാറ്റം വരുത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്.

കേരളത്തിന് ന്യായമായും അര്‍ഹതയുള്ള പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര ധന വിഹിതങ്ങളില്‍ വലിയ തോതില്‍ വെട്ടിക്കുറവ് നേരിടേണ്ടിവരുന്ന കേരളത്തിന് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നത് ഇത്തവണയും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

കഴിഞ്ഞ തവണയും കാര്യകാരണ സഹിതം നമ്മള്‍ മുന്നോട്ടുവച്ചിരുന്ന വിഷയമാണിത്. രണ്ടു ദശാബ്ദകാലത്തിനിടയില്‍ ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന അനുകൂല പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. കയറ്റുമതി പ്രോത്സാഹനത്തിന് ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ വിഴിഞ്ഞം തുറമുഖ വികസന കാര്യങ്ങള്‍ പരാമര്‍ശിക്കാനും തയ്യാറായിട്ടില്ല.

വയനാട് മുണ്ടക്കൈ ദുരിത ബാധിതരുടെ പുരധിവാസത്തിന് സഹായിക്കാനും കേന്ദ്ര സര്‍ക്കാരിന് മനസുണ്ടായില്ല. പുതിയ സംരംഭങ്ങളൊന്നും കേരളത്തിനില്ല. പൊതുവില്‍ കേരള വിരുദ്ധമായ ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കപ്പെട്ടത്.

ധനവിഹിത വിതരണം സംബന്ധിച്ച കേരളത്തോടുള്ള അവഗണനയുടെ ഒരു ഉദാഹരണംകൂടി ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. സംസ്ഥാനങ്ങള്‍ക്കുള്ള ധന വിഹിതങ്ങളും ഗ്രാന്റുകളും വായ്പകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് നീക്കിവച്ചിട്ടുണ്ടെന്നും, അത് 2023-24 വര്‍ഷത്തെ വകയിരുത്തലിനേക്കാള്‍ 4,91,668 കോടി രൂപ അധികമാണെന്നും ബജറ്റില്‍ അവകാശപ്പെടുന്നു. അതനുസരിച്ച് 2023-24ല്‍ ജനസംഖ്യാനുപാതികമായി കേരളത്തിന് ഏകദേശം 72,500 കോടി രൂപയെങ്കിലും കിട്ടണം.

തന്‍വര്‍ഷം എല്ലാം കൂടി കിട്ടിയത് 33,000 കോടി രൂപയോളമാണ്. 2025-26ല്‍ ആകെ വകയിരുത്തലില്‍ അഞ്ചുലക്ഷം കോടിയോളം രൂപ വര്‍ധിക്കുമ്പോള്‍ ആനുപാതിക വര്‍ധനയായി 14,258 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭിക്കണം. യാഥാര്‍ഥ വര്‍ധന വെറും 5000 കോടിയോളം രൂപയില്‍ ഒതുങ്ങുമെന്നാണ് കണക്കുകളുടെ പ്രാഥമിക വിശകലനത്തില്‍ വ്യക്തമാകുന്നത്.

ഈ ഗൗരവതരമായ വിവേചനമാണ് യഥാര്‍ത്ഥ പ്രശ്നം. നീതി ആയോഗ് വിലയിരുത്തലുകളിലും, സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലുമൊക്കെ ഒട്ടേറെ കാര്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് അംഗീകരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ധന വിഹിതത്തിന്റെ കാര്യത്തിലും പൊതുവികസന കാഴ്ചപ്പാടിലും സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ആ സമീപനം അങ്ങേയറ്റം ദുഖകരവും പ്രതിഷേധാര്‍ഹവുമായതാണ്.

അത് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ കടമടുപ്പ് പരിധി മുന്നു ശതമാനത്തില്‍തന്നെ നിലനിര്‍ത്താന്‍ നിര്‍ബന്ധം പിടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് 4.4 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞങ്ങള്‍ കടമെടുക്കും, നിങ്ങള്‍ എടുക്കാന്‍ പടില്ലെന്നതാണ് സമീപനം.

എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം, ടിങ്കറിങ് ലാബ് തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പ്രൈമറി സ്‌കൂളുകള്‍ അടക്കം എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നിലവിലുള്ളപ്പോള്‍ ഇത്തരം പദ്ധതി പ്രഖ്യാപനം കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. നമുക്ക് അനുയോജ്യമായ നിലയിലേക്ക് മാറ്റം വരുത്തി ഉപയോഗിക്കാനുതകുന്ന അയവുള്ള മാനദണ്ഡങ്ങള്‍ വരാത്ത പക്ഷം ഇത്തരം വിഹിതങ്ങളില്‍ സംസ്ഥാനത്തിന് അവകാശമില്ലാതാകുന്ന സ്ഥിതിയുണ്ടാകും.

രാജ്യം പ്രതീക്ഷയോടെ നോക്കിയിരുന്ന കാര്‍ഷിക രംഗത്തടക്കമുള്ള വിഹിത വകയിരുത്തല്‍ കുറയുന്ന സ്ഥിതിയാണുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം ചെലവില്‍ മുന്നരലക്ഷം കോടിയുടെ വര്‍ധനയാണ് ബജറ്റില്‍ കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള വര്‍ധനപോലും പൊതുവില്‍ ജനങ്ങളെയാകെ ബാധിക്കുന്ന മേഖലകളിലുണ്ടാകുന്നില്ല.

വളം സബ്സിഡിയില്‍ 3,400 കോടി രൂപ കുറഞ്ഞു. വിള ഇന്‍ഷ്വറന്‍സിനും വകയിരുത്തലില്‍ 3600 കോടി രൂപ കുറച്ചു. കാര്‍ഷിക മേഖല ഒന്നാമത്തെ ഗ്രോത്ത് എഞ്ചിന്‍ എന്ന് അവകാശപ്പെടുമ്പോഴാണ് ഈ വെട്ടിക്കുറയ്ക്കല്‍ എന്നത് വിചിത്രകരമാണ്.

പെട്രോളിയം സബ്സിഡി 2,600 കോടി കുറച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തില്‍ നടപ്പുവര്‍ഷം 2023-24 വര്‍ഷത്തേക്കാള്‍ 3,600 കോടി രുപയോളം കുറച്ചിരുന്നു. 2025-26 വര്‍ഷത്തേയ്ക്ക് നിലവിലുള്ള വിഹിതത്തില്‍നിന്ന് ഒരു രുപപോലും കൂട്ടിയില്ല.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താന്‍ സഹായകമാകുന്ന പദ്ധതികളെയാണ് ഇത്തരത്തില്‍ അവഗണിച്ചത്. ‘മഖാന’യെ പരിഗണിക്കുന്നവര്‍ റബറിനെ അവഗണിച്ചു. കയറ്റുമതി മറ്റൊരു ഗ്രോത്ത് എന്‍ജിനാണെന്ന് അവകാശപ്പെടുന്ന ബജറ്റ് നടപ്പുവര്‍ഷത്തെ കയറ്റുമതിയിലെ വളര്‍ച്ചാ മുരടിപ്പും, ഇറക്കുമതിയിലുണ്ടായ വര്‍ധനയും കാണാതെ പോകുന്നു.

Sree Narayana Guru Open University will take over the site; 26.02 crore as financial sanction

കെ.എന്‍. ബാലഗോപാല്‍

രാജ്യത്തിന് ഹാനികരമായ മറ്റു ചില തീരുമാനങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ട്. ആണവോര്‍ജ മേഖല സ്വകാര്യവത്കരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം വരുന്നതും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഇത്തരം തീരുമാനം രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ആദായനികുതിയില്‍ അനല്‍പ്പമായ സന്തോഷം പ്രകടിപ്പിക്കാനാണ് കേന്ദ്ര ബജറ്റില്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, വാര്‍ഷിക വരുമാനം 12 ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി ഒഴിവ് അവകാശപ്പെടുമ്പോള്‍, അതിനുമുകളിലുള്ള സ്ലാബുകളിലെ നികുതി നിരക്കില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. താഴേ തട്ടിലുള്ള കുറച്ചു ആളുകള്‍ക്കുമാത്രമായിരിക്കും എന്തെങ്കിലും പ്രയോജനമുണ്ടാകുക.

ഈ ഇളവ് ലഭിക്കുന്നതിന് പുതിയ സ്‌കീം തെരഞ്ഞെടുക്കേണ്ടിവരുന്ന നികുതിദായകന് ഭവന വായ്പ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ലഘുസംമ്പാദ്യ പദ്ധതി നിക്ഷേപം, ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിഡക്ഷന്‍സ് ക്ലെയിം ചെയ്യാനുള്ള അവസരവും ഇല്ലാതാകുന്നു. ഫലത്തില്‍ മധ്യവര്‍ഗ്ഗക്കാര്‍ക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാക്കാന്‍ ഉതകുന്ന പ്രഖ്യാപനമല്ലിത്.

ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷി ഉയര്‍ത്തുന്ന നിലയില്‍ പൊതുചെലവ് ഉയര്‍ത്തുക, മൂലധന നിക്ഷേപം വര്‍ധിപ്പിക്കുക, കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സഹായകമായ പരിപാടികള്‍ നടപ്പാക്കുക തുടങ്ങിയവയാണ് സമ്പദ്ഘടനയുടെ മുരടിപ്പ് നേരിടാനുള്ള മാര്‍ഗങ്ങള്‍ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ലോക സാഹചര്യങ്ങള്‍ അതിവേഗം മാറുന്നു.

അമേരിക്കയിലടക്കമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രവചനാതീതമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അതിനനുസരിച്ച് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വന്തം കാലില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് ആവശ്യം. അതിന് ഉത്പാദനം, കൃഷി, സേവനം ഉള്‍പ്പെടെ അടിസ്ഥാന മേഖലകളിലൊക്കെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടേണ്ടതുണ്ട്.

നമ്മുടെ മനുഷ്യവിഭവശേഷി രാജ്യത്തിനകത്തുതന്നെ വിനിയോഗിക്കപ്പെടുന്നുവെന്നതും ഉറപ്പുവരുത്തണം. അതിന് ഇന്ത്യയെ ഒന്നാകെ കണ്ടുള്ള ഒരു നയസമീപനമായിരുന്നു വേണ്ടിയിരുന്നത്. അത് ഇത്തവണത്തെ കേന്ദ്ര ബജറ്റിലുമില്ല.

രാഷ്ട്രീയപരമായ സമീപനമല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുതകുന്ന പരിപാടിയാണ് ആവശ്യം. അതിനുതകുന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തുമെന്നുതന്നെയാണ് പ്രതീക്ഷ.

Content Highlight: KN Balagopal about 2025 Union Budget

കെ.എന്‍. ബാലഗോപാല്‍
കേരള ധനമന്ത്രി