ഇന്ത്യന്‍ ക്രിക്കറ്റിനെ താങ്ങി നിര്‍ത്തിയ തൂണുകളാണ് അവര്‍; തുറന്ന് പറഞ്ഞ് കെ.എല്‍. രാഹുല്‍
Sports News
ഇന്ത്യന്‍ ക്രിക്കറ്റിനെ താങ്ങി നിര്‍ത്തിയ തൂണുകളാണ് അവര്‍; തുറന്ന് പറഞ്ഞ് കെ.എല്‍. രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th June 2025, 3:06 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഇരുവരുടേയും അഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ രണ്ട് തൂണുകളാണ് വിരാടും രോഹിത്തുമെന്നും അവരില്ലാത്തത് വലിയൊരു പോരായ്മയാണെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല ഇരുവരുമില്ലാത്ത ഡ്രസ്സിങ് റൂം അല്‍പം വിചിത്രമായി തോന്നുന്നുവെന്നും മറ്റുള്ള താരങ്ങള്‍ രാജ്യത്തിന് വേണ്ടി പരമാവധി നല്‍കേണ്ട സമയമാണിതെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

വിരാടിന്റെയും രോഹിത്തിന്റെയും അഭാവത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞത്

‘ഇന്ത്യന്‍ ക്രിക്കറ്റിനെ താങ്ങി നിര്‍ത്തിയ തൂണുകളാണ് വിരാടും രോഹിത്തും. അവരില്ലാത്തത് വലിയൊരു പോരായ്മയാണ്. എന്റെ കരിയറില്‍ വിരാടോ രോഹിതോ ഇല്ലാത്ത ഒരു ഡ്രസ്സിങ് റൂമിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടാണ്. ഞാന്‍ കളിച്ച ടെസ്റ്റുകളില്‍ രോഹിത്തോ വിരാടോ ആരെങ്കിലും ഒരാള്‍ ഉണ്ടായിരിക്കും.

ഡ്രസ്സിങ് റൂമിലേക്ക് കയറുന്നത് അല്‍പം വിചിത്രമായി തോന്നുന്നു. പക്ഷേ അവരുടെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസങ്ങളാണ് അവര്‍, അവര്‍ രാജ്യത്തിന് എല്ലാം നല്‍കി. ബാക്കിയുള്ളവര്‍ നമ്മുടെ പരമാവധി നല്‍കേണ്ട സമയമാണിത്.

ഐ.പി.എല്ലിന് ശേഷമാണ് ഞാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടേത് ഒരു യുവ ടീമാണ്,’ രാഹുല്‍ തന്റെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ദല്‍ഹി ക്യാപിറ്റല്‍സിനോട് പറഞ്ഞു.

അതേ സമയം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്

Content Highlight: KL Rahul speaks about Virat Kohli and Rohit Sharma’s absence