| Saturday, 2nd May 2026, 3:52 pm

സഞ്ജുവെന്ന വന്മരത്തെയും വീഴ്ത്തി; ഇന്ത്യക്കാരില്‍ ഒന്നാമനായി ക്ലാസിക് രാഹുല്‍

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ ക്യാപിറ്റല്‍സിന് സീസണിലെ നാലാം വിജയം സ്വന്തമാക്കാന്‍ സാധിച്ചു.

മത്സരത്തില്‍ ദല്‍ഹിക്കായി അര്‍ധ സെഞ്ച്വറി നേടി കെ.എല്‍. രാഹുല്‍ തിളങ്ങിയിരുന്നു. 40 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. 187.50 സ്ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പറുടെ ബാറ്റിങ്. അഞ്ച് സിക്സുകളും ആറ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 75+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും രാഹുലിന് സാധിച്ചു. 16 തവണയാണ് രാഹുല്‍ കുട്ടിക്രിക്കറ്റില്‍ 75+ റണ്‍സ് നേടിയിട്ടുള്ളത്. 15 തവണ 75+ റണ്‍സ് സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് രാഹുലിന്റെ കുതിപ്പ്.

കെ.എൽ. രാഹുൽ. Photo: iplt20.com

ടി-20യില്‍ ഏറ്റവും കൂടുതല്‍ 75+ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

കെ.എല്‍ രാഹുല്‍-16

സഞ്ജു സാംസണ്‍-15

ഇഷാന്‍ കിഷന്‍-13

റിഷബ് പന്ത്-9

വൃദ്ധിമാന്‍ സാഹ-7

മത്സരത്തില്‍ രാഹുലിന് പുറമെ ദല്‍ഹിക്കായി പാതും നിസങ്ക 33 പന്തില്‍ 62 റണ്‍സ് നേടി. 17 പന്തില്‍ 33 റണ്‍സുമായി നിതീഷ് റാണയും 15 പന്തില്‍ 25 റണ്‍സുമായി അശുതോഷ് ശര്‍മയും സംഭാവന ചെയ്തു. രാജസ്ഥനായി തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുവശത്ത് രാജസ്ഥാന്‍ നിരയില്‍ റിയാന്‍ പരാഗ് 50 പന്തില്‍ 90 റണ്‍സും ഡൊണോവന്‍ ഫെരേര 14 പന്തില്‍ 47 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം 30 പന്തില്‍ 42 റണ്‍സെടുത്ത് ധ്രുവ് ജുറെലും മികവ് പുലര്‍ത്തി. ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും അക്‌സര്‍ പട്ടേല്‍, കൈല്‍ ജാമിസണ്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു.

Content Highlight: KL Rahul Create a Huge Record in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more