സഞ്ജുവിനെ കൊല്‍ക്കത്ത റാഞ്ചുമോ? വമ്പന്‍ നീക്കത്തിനൊരുങ്ങുവെന്ന് സൂചന
Cricket
സഞ്ജുവിനെ കൊല്‍ക്കത്ത റാഞ്ചുമോ? വമ്പന്‍ നീക്കത്തിനൊരുങ്ങുവെന്ന് സൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th August 2025, 11:46 am

രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങുന്ന സഞ്ജു സാംസണെ സ്വന്തമാക്കാന്‍ വമ്പന്‍ നീക്കവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സഞ്ജുവിനായി കെ.കെ.ആര്‍ രണ്ട് യുവതാരങ്ങളെ ട്രേഡ് ചെയ്യാന്‍ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ട് അനുസരിച്ച് യുവതാരം ആംഗ്രിഷ് രഘുവംശിയെയും രമണ്‍ദീപ് സിങ്ങിനെയും വിട്ടുനല്‍കാന്‍ കെ.കെ.ആര്‍ തയ്യാറാണ്.

ഐ.പി. എല്‍ 2025ല്‍ കെ.കെ.ആറിനായി മികച്ച പ്രകടനം നടത്തിയ താരമാണ് രഘുവംശി. കഴിഞ്ഞ സീസണിലെ ടീമിന്റെ പല വിജയങ്ങളിലും താരം നിര്‍ണായക സാന്നിധ്യമായിരുന്നു. അതുപോലെ, 18ാം
സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു രമണ്‍ദീപ്. ഇപ്പോള്‍ ഇവരെയാണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത വിട്ടുനല്‍കാന്‍ തയ്യാറാവുന്നത്.

സഞ്ജുവിന്റെ കൂടുമാറ്റവുമായുള്ള അഭ്യൂഹങ്ങള്‍ സജീവമായത് മുതല്‍ തന്നെ ഉയര്‍ന്ന കേട്ട ഒരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു മികച്ച ഇന്ത്യന്‍ താരത്തെ ആവശ്യമായ ടീം താരത്തെ ടീമിലെത്തിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഡീല്‍ യഥാര്‍ഥ്യമായാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്ന് സ്ഥാനങ്ങളിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. സഞ്ജുവിനെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഒരു ഓപ്പണറായും ടീമിന് പരിഗണിക്കാനാവും.

നേരത്തെ, സഞ്ജു സാംസണ്‍ പുതിയ സീസണ് മുന്നോടിയായി ടീം വിടാന്‍ ആവശ്യമുന്നയിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആര്‍.ആറിനെ നിരവധി ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആര്‍.ആര്‍ ഉടമ മനോജ് ബദലെയുടെ നേതൃത്വത്തില്‍ ഇവരുമായി സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഞ്ജു ചേക്കേറിയേക്കുമെന്ന് ഏറെ സാധ്യത കല്‍പിക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്സിനോട് ആര്‍.ആര്‍ പകരമായി രവീന്ദ്ര ജഡേജയെയോ ഋതുരാജ് ഗെയ്ക്വാദിനെയോ ശിവം ദുബൈയെയോ വേണമെന്ന് ആവശ്യപ്പെട്ടതായും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് സി.എസ്.കെ നിരസിച്ചതോടെ സഞ്ജുവിന്റെ ഈ കൂടുമാറ്റത്തിനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു.

Content Highlight: KKR to trade two stars for Sanju Samson: Report