എന്തിനാണ് ഫീല്‍ഡറെ ആ സ്ഥാനത്ത് നിര്‍ത്തിയതെന്ന് ഞാന്‍ ധോണിയോട് ചോദിച്ചു; അനുഭവം പങ്കുവെച്ച് വെങ്കിടേഷ് അയ്യര്‍
Sports News
എന്തിനാണ് ഫീല്‍ഡറെ ആ സ്ഥാനത്ത് നിര്‍ത്തിയതെന്ന് ഞാന്‍ ധോണിയോട് ചോദിച്ചു; അനുഭവം പങ്കുവെച്ച് വെങ്കിടേഷ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th March 2025, 1:56 pm

ഐ.പി.എല്‍ മത്സരങ്ങള്‍ക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് മാമാങ്കത്തിന്റെ പതിനെട്ടാം പതിപ്പിന് മാര്‍ച്ച് 22നാണ് തുടക്കം. ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന മത്സരം.

ഇപ്പോള്‍ കൊല്‍ക്കത്ത ടീമിന്റെ വൈസ് ക്യാപ്റ്റനായ വെങ്കിടേഷ് അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം എം.എസ്. ധോണിയുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ്. 2023 ഐ.പി.എല്ലില്‍ ധോണി സി.എസ്.കെയുടെ ക്യാപ്റ്റനായ സമയത്ത് ഒരു ഫീല്‍ഡറെ അസാധാരണമായ ഒരു സ്ഥാനത്തേക്ക് മാറ്റിയത് അയ്യരെ അത്ഭുതപ്പെടുത്തി. അതിനെ കുറിച്ച് മത്സര ശേഷം ധോണിയോട് ചോദിച്ചെന്നും വെങ്കിടേഷ് വ്യക്തമാക്കി. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ധോണി ഡീപ് സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഒരു ഫീല്‍ഡറെ മാറ്റി ഷോര്‍ട്ട് തേര്‍ഡ് സ്ഥാനത്ത് നിര്‍ത്തി. സാധാരണയായി ഷോര്‍ട്ട് തേര്‍ഡില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നത് അല്പം അകലെയായിരുന്നു അത്. അടുത്ത പന്ത് ഞാന്‍ നേരെ അവിടേക്ക് തന്നെ അടിച്ചു. എന്തിനാണ് ഫീല്‍ഡറെ ആ സ്ഥാനത്ത് നിര്‍ത്തിയതെന്ന് കളി കഴിഞ്ഞപ്പോള്‍ ഞാന്‍ ധോണിയോട് ചോദിച്ചു. അതിനുള്ള കൃത്യമായ ഉത്തരം അദ്ദേഹത്തിനുണ്ടായിരുന്നു.

എന്റെ ബാറ്റില്‍ നിന്ന്, ആംഗിളുകളില്‍ നിന്ന്, പന്തിന്റെ ആഘാതം മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. ആംഗിളുകളെക്കുറിച്ചുള്ള ധോണിയുടെ വായന അപാരമാണ്. ഞാന്‍ ഈ ഷോട്ട് അടിച്ചാല്‍ അത് ആ ദിശയിലേക്ക് പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനാല്‍ അദ്ദേഹം അവിടെ ഒരു ഫീല്‍ഡറെ വിന്യസിച്ചു. ഒരു ബാറ്റര്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കലാണ് യഥാര്‍ത്ഥ ക്യാപ്റ്റന്‍സി,’ വെങ്കിടേഷ് പറഞ്ഞു.

ചില കാര്യങ്ങള്‍ ഫീല്‍ഡില്‍ എന്തിനാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ബാറ്ററാണ് എന്നും വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.

‘ധോണിയുടെ തന്ത്രമായിരുന്നു അത്. എനിക്ക് രണ്ട് പന്തുകള്‍ കാത്തിരിക്കാമായിരുന്നു, പക്ഷേ അടുത്ത പന്ത് ഞാന്‍ അവിടെ തന്നെ അടിച്ചു, പുറത്തായി. ഫീല്‍ഡ് എങ്ങനെ മാറി എന്നതിന്റെയും ഞാന്‍ അടുത്ത പന്ത് അവിടെ അടിക്കുന്നതിന്റെയും കൃത്യമായ ചിത്രം ക്യാമറകള്‍ കാണിച്ചു തന്നു. ചില കാര്യങ്ങള്‍ ഫീല്‍ഡില്‍ എന്തിനാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ബാറ്ററാണ്,’ കൊല്‍ക്കത്തന്‍ താരം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കിടേഷ് അയ്യരെ റിലീസ് ചെയ്തിരുന്നു. മെഗാ താര ലേലത്തിലൂടെ ടീമിലേക്ക് തന്നെ താരത്തെ തിരിച്ച് കൊണ്ടുവരികയായിരുന്നു. 23.75 കോടി രൂപക്കാണ് കൊല്‍ക്കത്ത താരത്തെ വീണ്ടും തട്ടകത്തിലെത്തിച്ചത്.

Content Highlight: KKR Player Venkatesh Iyer Shares Experience With MS Dhoni