കൊച്ചി: എന്‍.ഡി.എയില്‍ പ്രവേശിച്ച സാബു എം. ജേക്കബിന്റെ ഉടമസ്ഥയിലുള്ള കിറ്റെക്‌സ് ഗ്രൂപ്പ് നിക്ഷേപകരെ പറ്റിച്ചുവെന്ന ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
നിയമലംഘനം നടത്തിയതിന്റെ പേരില്‍ കിറ്റെക്‌സ് ഗ്രൂപ്പ് സെബിയില്‍ 11 ലക്ഷം രൂപ പിഴയടച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
സെബിയുടെ അനുമതിയില്ലാതെ പുതിയ ഡയറക്ടറെ കൂട്ടിച്ചേര്‍ത്തുവെന്ന നിയമലംഘനമാണ് കിറ്റെക്‌സ് നടത്തിയത്. ഇത് നിക്ഷേപകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമം ലംഘിച്ചതിനെ തുടര്‍ന്ന് സെബി കിറ്റെക്‌സ് ഗ്രൂപ്പിന് നോട്ടീസ് അയക്കുകയും സ്ഥാപനം മറുപടി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സെബി കിറ്റെക്‌സിന് പിഴ ചുമത്തിയത്.
നിക്ഷേപകര്‍ നല്‍കിയ പരാതി സമയബന്ധിതമായി പരിഹരിക്കാതെ വന്നതോടെ വിഷയത്തില്‍ സെബി ഇടപെടുകയായിരുന്നു. എന്നാല്‍ നിക്ഷേപകർ തങ്ങളെ തെറ്റിദ്ധരിച്ചതാകാമെന്നാണ് കിറ്റെക്‌സ് നല്‍കിയ മറുപടി. കഴിഞ്ഞ ജനുവരിയിലാണ് കിറ്റെക്‌സ് ഗ്രൂപ്പ് പിഴ അടച്ചത്.
അതേസമയം തങ്ങള്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് സാബു എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞത്.
33 വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഇതുവരെ പുറത്തുവിട്ട ബാലന്‍സ് ഷീറ്റുകളില്‍ കമ്പനി ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെന്നോ നികുതിവെട്ടിപ്പ് നടത്തിയെന്നോ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടത്തിയതായി ഒരു സ്ഥലത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കിറ്റെക്‌സിനെതിരെ സെബിയിലും മറ്റും അങ്ങനെയൊരു പരാതിയില്ലെന്നും സാബു എം. ജേക്കബ് ആവകാശപ്പെട്ടിരുന്നു.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് സാബു എം. ജേക്കബ് മേധാവിയായ ട്വന്റി ട്വന്റി ബി.ജെ.പി മുന്നണിയായ എന്‍.ഡി.എയിലേക്ക് പോയത്.
ഇ.ഡി നോട്ടീസ് സാബു എം. ജേക്കബ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ഇ.ഡി വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സാബുവിന്റെ വാദം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റെക്‌സിന്റെ ബാലന്‍സ് ഷീറ്റാണ് ഇ.ഡി ആവശ്യപ്പെട്ടതെന്നും കയറ്റുമതിയുടെ ബാലന്‍സ് കിട്ടാനുണ്ടോയെന്ന് ചോദിച്ചിരുന്നുവെന്നും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ടര്‍ ചാനലിനെയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെയും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.
Content Highlight: Kitex cheated shareholders; Details of fine of Rs 11 lakh paid to SEBI revealed