ഗസയില്‍ നിന്നുള്ള പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കും; സൈനിക നടപടി ശക്തമാക്കും. ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
World
ഗസയില്‍ നിന്നുള്ള പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കും; സൈനിക നടപടി ശക്തമാക്കും. ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
നിഷാന. വി.വി
Monday, 24th August 2026, 12:41 pm

 

ടെല്‍അവീവ്: ഗസയിലെ കുട്ടികള്‍ പട്ടം പറത്തുന്നതിനെതിരെ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രഈല്‍. ഗസയില്‍ നിന്നും വരുന്ന പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കുമെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി.

‘പട്ടങ്ങള്‍ വിടുന്നത് തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രഈലിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒമ്പത് പട്ടങ്ങള്‍ കണ്ടെത്തി,’ നെതന്യാഹു പറഞ്ഞു. വന്ന പട്ടങ്ങളില്‍ ഒന്ന് തങ്ങള്‍ വെടിവെച്ചിട്ടുവെന്നും ഇസ്രഈലിന്റെ പ്രതികരണം പരിശോധിക്കാനുള്ള ഹമാസിന്റെ പദ്ധതിയാണിതെന്നും നെതന്യാഹു ആരോപിച്ചു.

എന്നാല്‍ ഇസ്രഈലിന്റെ വാദങ്ങള്‍ ഹമാസ് തള്ളി. ഗസയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാണ് നെതന്യാഹുവിന്റെ ശ്രമമെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.ഫലസ്തീനികള്‍ക്കെതിരായ സൈനിക നീക്കം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും മധ്യസ്ഥ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് വയസുള്ള ഫലസ്തീന്‍ ബാലനും ഉള്‍പ്പെട്ടിരുന്നു. പിന്നാലെയാണ് പട്ടം പറത്തലിനെതിരായ ഇസ്രഈലിന്റെ മുന്നറിയിപ്പ്.

 

Content Highlight: Kites from Gaza will be treated as weapons of war; military action will be intensified. Netanyahu issues a warning to Hamas.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.