| Wednesday, 5th March 2025, 9:00 pm

കരിയറില്‍ ഒരുപാട് ട്വിസ്റ്റ് തന്ന ചിത്രം, അതിന് ശേഷം എന്നെത്തേടി വന്നത് പലതും പൊലീസ് വേഷങ്ങള്‍: കിഷോര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് കിഷോര്‍. കാന്‍ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് കിഷോര്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് കിഷോറിനെ തേടിയെത്തിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ കിഷോറിന് സാധിച്ചു.

മലയാളികള്‍ക്ക് കിഷോറിനെ പരിചയമായത് തെലുങ്ക് ഡബ്ബ് ചിത്രമായ ഹാപ്പി ബി ഹാപ്പിയിലൂടെയാണ്. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തില്‍ എ.സി.പി. രത്‌നം എന്ന വില്ലനായാണ് കിഷോര്‍ എത്തിയത്. ധനുഷ് നായകനായ പൊല്ലാതവനിലും കിഷോറിന് മികച്ച വേഷമായിരുന്നു ലഭിച്ചത്. ഹാപ്പി ബി ഹാപ്പി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കിഷോര്‍.

തന്റെ കരിയറില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടാക്കിയ ചിത്രമാണ് ഹാപ്പിയെന്ന് കിഷോര്‍ പറഞ്ഞു. ആ സിനിമക്ക് മുമ്പ് വരെ താന്‍ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടില്ലായിരുന്നെന്ന് കിഷോര്‍ പറഞ്ഞു. ഹാപ്പിയിലാണ് താന്‍ ആദ്യമായി പൊലീസ് വേഷം ചെയ്തതെന്നും ആ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് തന്നെത്തേടി വന്നത് കൂടുതലും പൊലീസ് വേഷങ്ങളായിരുന്നെന്നും കിഷോര്‍ പറയുന്നു. രത്‌നത്തെപ്പോലെ വില്ലന്‍ കഥാപാത്രങ്ങളും അതല്ലാതെ നല്ല പൊലീസ് ഓഫീസര്‍മാരുടെ വേഷങ്ങളും തന്നെ തേടി വന്നിരുന്നെന്ന് കിഷോര്‍ പറഞ്ഞു. അത്തരം വേഷങ്ങള്‍ വേണ്ടെന്ന് വെച്ചാലും തന്നെ വിട്ട് പോകാറില്ലെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വടക്കന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ ഇക്കാര്യം പറഞ്ഞത്.

‘ഹാപ്പി എന്ന സിനിമ എന്റെ കരിയറില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടാക്കിയ സിനിമയാണ്. ഞാന്‍ ആദ്യമായി പൊലീസ് വേഷം ചെയ്തത് ഹാപ്പിയിലാണ്. ആ ക്യാരക്ടര്‍ ഒരുപാട് ഫെമിലിയറായി. പക്ഷേ, അതിന് മുമ്പ് ഒരു സിനിമയില്‍ ഒരു പൊലീസ് വേഷം ചെയ്യാനിരുന്നതായിരുന്നു. അത് നടക്കാതെ പോയി. വളരെ നല്ലൊരു ക്യാരക്ടറായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

പക്ഷേ, ഹാപ്പിക്ക് ശേഷം എനിക്ക് കിട്ടിയ വേഷങ്ങള്‍ കൂടുതലും പൊലീസ് കഥാപാത്രങ്ങളായിരുന്നു. അതിപ്പോള്‍ തമിഴിലായാലും തെലുങ്കിലായാലും കന്നഡയിലായാലും ഒരുപോലെ തന്നെ. ഒരു സ്‌റ്റേജ് കഴിഞ്ഞപ്പോള്‍ പൊലീസ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് വരെ തീരുമാനിച്ചതായിരുന്നു. പക്ഷേ, അത്തരം കഥാപാത്രങ്ങള്‍ എന്നെ വിട്ട് പോകുന്നതേയില്ല, വന്നുകൊണ്ടേയിരിക്കുകയാണ്,’ കിഷോര്‍ പറഞ്ഞു.

Content Highlight: Kishore saying he got so many police roles after Happy be Happy movie

We use cookies to give you the best possible experience. Learn more