ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്നത് രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കുന്നെന്ന് റിജിജു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരാണ് മതിപ്പില്ലാതാക്കുന്നതെന്ന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകര്‍
India
ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്നത് രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കുന്നെന്ന് റിജിജു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരാണ് മതിപ്പില്ലാതാക്കുന്നതെന്ന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2026, 11:11 am

ന്യൂദല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനകള്‍ വിവാദമാവുന്നു. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധമറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനങ്ങളും ആശങ്കയും പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലും പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്നത് ആഗോള തലത്തില്‍ രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കുന്നുവെന്നായിരുന്നു റിജിജുവിന്റെ ഒരു വിവാദ പരാമര്‍ശം. പീഡനം കാരണം ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഇന്ത്യ വിട്ട് പോയിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാജ്യത്തെ ലക്ഷ്യം വയ്ക്കുന്നു എന്നും മന്ത്രി തിങ്ക് ഇന്ത്യ വേദിയില്‍ ചോദിച്ചിരുന്നു.

‘കഴിഞ്ഞ കാലം മുതല്‍ ഇപ്പോള്‍ വരെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് ആരെങ്കിലും പീഡനം കാരണം ഇന്ത്യയില്‍ നിന്ന് നാടുവിട്ട് പോയിട്ടുണ്ടോ, പറയൂ. നിങ്ങളെന്തുകൊണ്ടാണ് നിങ്ങളുടെ തന്നെ രാജ്യത്തെ ലക്ഷ്യം വയ്ക്കുന്നത്.’ റിജിജു ചോദിച്ചു.

‘ഇത് ഇന്ത്യന്‍ സര്‍ക്കാരിനെയല്ല ലക്ഷ്യം വയ്ക്കുന്നത്. മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് പറയുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ സ്വഭാവത്തെയാണ് നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നത്,’ റിജിജു പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഇന്ത്യക്ക് വില്ലന്‍ ഇമേജ് ഉണ്ടാക്കിക്കൊടുക്കുകയാണെന്നും റിജിജു അഭിപ്രായപ്പെട്ടു. ഇവ രാജ്യത്തിന് ദോഷമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകളും അഭയം തേടാന്‍ ഇന്ത്യക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്നും ബി.ജെ.പി ഇന്ത്യയെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാക്കിയെന്നു റിജിജു അവകാശപ്പെടുന്നു.

ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യവും ഭരണഘടനാപരമായ സംരക്ഷണവും അനുഭവിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ആരെയും സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയെ സമൂഹമാധ്യമമായ എക്‌സില്‍ നിരവധി പേര്‍ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്താ ലിങ്കുകളും വീഡിയോകളും പലരും പങ്കുവയ്ക്കുകയും ചെയ്തു.

ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, ദ ഹിന്ദുവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സുഹാസിനി ഹൈദര്‍ തുടങ്ങിയവര്‍ മന്ത്രിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

നിയമത്തിന്റെ എല്ലാ സംരക്ഷണത്തോടെയും ന്യൂനപക്ഷക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഭൂരിപക്ഷവാദികളായ ഗുണ്ടകളാണ് രാജ്യത്തിന്റെ മതിപ്പ് ഇല്ലാതാക്കുന്നതെന്ന് സുഹാസിനി ഹൈദര്‍ പറഞ്ഞു.

രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ മുസ്‌ലിം, ദളിത് സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ചുള്ള ഒരു വീഡിയോ മുഹമ്മദ് സുബൈര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ദൂരദര്‍ശന്‍ ന്യൂസില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് സുബൈറിന്റെ മറ്റൊരു പോസ്റ്റിലുള്ളത്. മുസ്‌ലിങ്ങള്‍ക്കെതിരെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണങ്ങളുടെ വീഡിയോകളും എക്‌സ് പോസ്റ്റുകളില്‍ അദ്ദേഹം പങ്കുവച്ചു.

Content Highlight: Kiran Rijiju’s Controversial Remarks about Minority safety in India and Responses from Social media