പൂനെ: ഐ.പി.എല്‍ 2018 സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെന്നൈയ്ക്ക് ജയം. അഞ്ച് വിക്കറ്റിന് ചെന്നൈ പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.
154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് സൂപ്പര്‍താരം സുരേഷ് റെയ്‌ന അര്‍ധസെഞ്ച്വറിയുമായി വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ തന്നെ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായ ചെന്നൈയെ റെയ്‌നയോടൊപ്പം ചേര്‍ന്ന ഹര്‍ഭജന്‍ മുന്നോട്ട് നയിച്ചു. രണ്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 19 റണ്‍സെടുത്ത ഭാജി പുറത്തായ ശേഷം ക്രീസിലിറങ്ങിയ ദീപക് ചഹാര്‍ റെയ്‌നയ്ക്ക് പറ്റിയ കൂട്ടായി. ഇരുവരും ചേര്‍ന്ന് ചെന്നൈ ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോയി. ദീപക് പുറത്തായശേഷമാണ് നായകന്‍ ധോണി ക്രീസിലെത്തിയത്. റെയ്‌ന 61 റണ്‍സുമായും ധോണി 16 റണ്‍സുമായും പുറത്താകാതെ നിന്നു.
പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സിനെതിരെ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മികച്ച ഫോമിലുള്ള റായ്ഡുവിനെ ആദ്യമേ നഷ്ടമായ ചെന്നൈയ്ക്ക് പിന്നാലെ ഡുപ്ലെസിയേയും സാം ബില്ലിംഗ്‌സിനേയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 153 റണ്‍സില്‍ എല്ലാവരും പുറത്തായി. 26 പന്തില്‍ 54 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ചെന്നൈയെ 100 റണ്‍സിനുള്ളില്‍ ഒതുക്കി വിജയിച്ചാല്‍ മാത്രമേ ഇനി പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ സാധിക്കു. തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം.

16 റണ്‍സ് എടുക്കുന്നതിനിടയില്‍ കെ.എല്‍ രാഹുല്‍, ക്രിസ് ഗെയില്‍, ആരോണ്‍ ഫിഞ്ച് എന്നീ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ അവര്‍ക്ക് നഷ്ടമായി. 30 പന്തില്‍ 35 റണ്‍സെടുത്ത തിവാരിയും 22 പന്തില്‍ 24 റണ്‍സെടുത്ത മില്ലറും അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരുമാണ് പിന്നീട് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.
നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതെടുത്ത എന്‍ഗിഡിയാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് അവസാന നാലില്‍ ഉള്‍പ്പെട്ടത്.
