രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ എത്തിക്കുക തന്നെ വേണം; ചികിത്സയില്ലെന്ന വാദം തെറ്റ്
Notification
രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ എത്തിക്കുക തന്നെ വേണം; ചികിത്സയില്ലെന്ന വാദം തെറ്റ്
ഡോ. ജിനേഷ് പി.എസ്
Friday, 2nd July 2021, 2:18 pm

രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ASV ആശുപത്രികളില്‍ ഇല്ല’ എന്നൊരു സ്‌ക്രീന്‍ഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്.

ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്‌കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അതുകൊണ്ട് വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ആവശ്യമായി വരാം. രാജവെമ്പാലയുടെ കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയില്‍ കാണുന്ന പാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടന്‍ ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാന്‍ സാധ്യതയുള്ള കരയില്‍ കാണുന്ന പാമ്പ് വെള്ളിക്കെട്ടന്‍ ആണ്.

എന്നാല്‍ ഒരു കടിയില്‍ ഏറ്റവും കൂടുതല്‍ വിഷം കുത്തിവെക്കാന്‍ കഴിവുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്.

രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. സാധാരണ ആശുപത്രികളില്‍ അത് ലഭ്യവുമല്ല. ഇതാദ്യമായാണ് കേരളത്തില്‍ രാജവമ്പാല കടിച്ച് ഒരു മരണം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പ് ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂ.

ഹ്യൂമന്‍ ആനിമല്‍ കോണ്‍ഫ്‌ലിക്റ്റ് കുറവുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. കാരണം വനങ്ങളിലാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടിച്ച് ഷോ കാണിക്കുന്നവരെ രാജവെമ്പാല കടിച്ചതായി വാര്‍ത്തകള്‍ വന്നിട്ടില്ല. മറ്റു പല പാമ്പുകളുടെ കടികള്‍ ഏറ്റിട്ടുള്ള ഇത്തരം ആള്‍ക്കാര്‍ക്ക് പോലും രാജവെമ്പാലയുടെ കടിയേറ്റതായി കേരളത്തില്‍ നിന്നും വാര്‍ത്ത വന്നിട്ടില്ല.

കരയില്‍ കാണുന്ന പാമ്പുകളില്‍ ഇതില്‍ കൂടുതല്‍ മനുഷ്യ മരണങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്പാണ് മുഴമൂക്കന്‍ കുഴി മണ്ഡലി. അതിനെതിരെ പോലും ASV നിലവില്‍ ആശുപത്രികളില്‍ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി, അണലി എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്.

ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ASV നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താല്‍ മുഴമൂക്കന്‍ കുഴിമണ്ഡലി കടിച്ച് ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങള്‍ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആള്‍ക്കാര്‍ രക്ഷപ്പെടുകയാണ് പതിവ്.

പിന്നെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടല്‍ പാമ്പുകളുടെ കടിയേറ്റ് ആണ്. ഇവയ്‌ക്കെതിരെയും ASV നമ്മുടെ ആശുപത്രികളില്‍ ലഭ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ലഭിച്ച് ജീവന്‍ രക്ഷപ്പെട്ടവര്‍ ഉണ്ട്.

തിരുവനന്തപുരം മൃഗശാലയില്‍ നടന്ന വിഷയത്തിലെ മരണ കാരണത്തെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ഫലം വന്ന ശേഷം ചര്‍ച്ച ചെയ്യുകയാവും നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. കാരണം അപ്പോള്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മറ്റ് അസുഖങ്ങളോ മറ്റുകാരണങ്ങളോ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തേണ്ടതുണ്ട്. അതല്ലാതെ ഉള്ള ചര്‍ച്ചകള്‍ ഫലപ്രദമല്ല എന്നാണ് അഭിപ്രായം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം