| Sunday, 4th May 2025, 6:03 pm

വില്ലനാണെങ്കില്‍ ദുല്‍ഖര്‍ പാടുപെടും, കില്ലില്‍ നായകനെ വരെ വിറപ്പിച്ച നടന്‍ ഐ ആം ഗെയിമിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം മലയാളത്തില്‍ നിന്ന് വിട്ടുനിന്ന ദുല്‍ഖറിന്റെ തിരിച്ചുവരവാണ് ഐ ആം ഗെയിം. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകന്‍.

കഴിഞ്ഞദിവസം കൊച്ചിയില്‍ ഐ ആം ഗെയിമിന്റെ പൂജ നടന്നിരുന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം പാര്‍ത്ഥ് തിവാരി ഐ ആം ഗെയിമിന്റെ ഭാഗമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പൂജ ചടങ്ങിലും സെറ്റിലും പാര്‍ത്ഥിന്റെ സാന്നിധ്യമുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം വലിയ ചര്‍ച്ചയായ കില്‍ എന്ന ചിത്രത്തിലൂടെയാണ് പാര്‍ത്ഥ് തിവാരി ശ്രദ്ധേയനാകുന്നത്. രാഘവ് ജുയല്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ വലംകൈയായാണ് പാര്‍ത്ഥ് വേഷമിട്ടത്. നായകന് വലിയ തലവേദന സമ്മാനിച്ച സിദ്ധി എന്ന വില്ലന്‍ സിനിമ റിലീസായ സമയത്ത് വലിയ ചര്‍ച്ചയായിരുന്നു.

ആക്ഷന്‍ സീനുകളിലെ പെര്‍ഫോമന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും പാര്‍ത്ഥ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ മോളിവുഡിലേക്കുള്ള എന്‍ട്രി ഗ്രാന്‍ഡ് ആക്കാനൊരുങ്ങുകയാണ് പാര്‍ത്ഥ് തിവാരി. നായകന്റെ സൈഡ് ആയാലും വില്ലന്റെ സൈഡ് ആയാലും മികച്ച പ്രകടനം തന്നെ പാര്‍ത്ഥ് കാഴ്ചവെക്കുമെന്നാണ് കരുതുന്നത്.

ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ഐ ആം ഗെയിമില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരങ്ങളായ മിഷ്‌കിന്‍, കതിര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ വര്‍ഷം ഷൂട്ട് പൂര്‍ത്തിയാകുമെന്നും 2026 ജനുവരി റിലീസായി ചിത്രം എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാന്റസി, ഗെയിം ത്രില്ലര്‍, ആക്ഷന്‍ ഴോണറുകളിലായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാണ് ദുല്‍ഖറിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. ദുല്‍ഖറിനൊപ്പം റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രക്കനി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോ ഒക്ക താര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടും പുരോഗമിക്കുന്നുണ്ട്.

Content Highlight: Kill movie fame Parth Tiwari will be the part of Dulquer Salmaan’s I’m Game movie

We use cookies to give you the best possible experience. Learn more