ബാറ്റ് എറിഞ്ഞു, ക്രീസില്‍ നിന്ന് മാറി; വൈഡ് വിളിക്കാത്ത അമ്പയറിനോട് പൊള്ളാര്‍ഡിന്റെ പ്രതിഷേധം - വീഡിയോ
Cricket
ബാറ്റ് എറിഞ്ഞു, ക്രീസില്‍ നിന്ന് മാറി; വൈഡ് വിളിക്കാത്ത അമ്പയറിനോട് പൊള്ളാര്‍ഡിന്റെ പ്രതിഷേധം - വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2019, 7:58 am

ഹൈദരാബാദ്: ഐ.പി.എല്ലിലെ ചെന്നൈയ്‌ക്കെതിരെയുള്ള കലാശപ്പോരില്‍ വൈഡ് വിളിക്കാത്ത അമ്പയര്‍ നടപടിയില്‍ പ്രതിഷേധിച്ച് കീറണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു സംഭവം.

ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് വൈഡ് ക്രീസിന് പുറത്ത് കൂടെയാണ് പോയതെങ്കിലും അമ്പയര്‍ വൈഡ് വിളിച്ചില്ല. ഇതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ പൊള്ളാര്‍ഡ് ബാറ്റ് മുകളിലേക്ക് എറിഞ്ഞു. കൂടാതെ അടുത്ത പന്ത് ബ്രാവോ എറിയാന്‍ തുടങ്ങിയപ്പോള്‍ ക്രീസില്‍ നിന്ന് മാറിക്കളയുകയും ചെയ്തു.

 

ഇതോടെ അമ്പയര്‍മാര്‍ പൊള്ളാര്‍ഡിന് അടുത്തെത്തി. എന്താണ് പ്രശ്നമെന്ന് അന്വേഷിച്ചു. വൈഡ് വിളിക്കാത്തതിലുള്ള തന്റെ നീരസം പൊള്ളാര്‍ഡ് തുറന്നു പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചെന്നൈ ക്യാപ്റ്റന്‍ ധോണി ഇക്കാര്യത്തില്‍ ഇടപെടാതെ വിക്കറ്റിന് പിന്നില്‍ ശാന്തനായി നോക്കി നില്‍ക്കുകയായിരുന്നു.

ആവേശം അവസാന പന്തുവരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒരു റണ്‍സിന് തകര്‍ത്താണ മുംബൈ ഇന്ത്യന്‍സിന് കിരീടം നേടിയത്.

150 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവസാന പന്തിലാണ് മുംബൈ തളച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്.