700 അടിച്ച് പൊള്ളാര്‍ഡ്; സ്വന്തമാക്കിയത് ചരിത്രത്തി ഗെയ്‌ലിനും രോഹിത്തിനും പോലും സാധിക്കാത്ത റെക്കോഡ്
Sports News
700 അടിച്ച് പൊള്ളാര്‍ഡ്; സ്വന്തമാക്കിയത് ചരിത്രത്തി ഗെയ്‌ലിനും രോഹിത്തിനും പോലും സാധിക്കാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 12:08 pm

കഴിഞ്ഞ ദിവസം മേജര്‍ ലീഗ് ക്രിക്കറ്റില്‍ നടന്ന മത്സരത്തില്‍ എം.ഐ ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയമാണ് സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ് സ്വന്തമാക്കിയത്. ഗ്രാന്റ് പ്രയറി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ് യുണീകോണ്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂയോര്‍ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ന്യൂയോര്‍ക്കിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്വിന്റണ്‍ ഡി കോക്കാണ്. 46 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 70 റണ്‍സാണ് ഡി കോക്ക് നേടിയത്. മൊനാങ്ക് പട്ടേല്‍ 60 റണ്‍സും നേടിയിരുന്നു.

എന്നാല്‍ ന്യൂയോര്‍ക്കിന് വേണ്ടി നാലാമനായി ഇറങ്ങിയ കെയ്‌റോണ്‍ പൊള്ളാര്‍ഡ് 16 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പുറത്താകാതെ ബാറ്റ് വീശിയെങ്കിലും പൊള്ളാര്‍ഡിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്താക്കാനും താരത്തിന് സാധിച്ചിരുന്നു.

പൊള്ളാര്‍ഡ് തന്റെ 700ാം ടി-20 മത്സരത്തിനാണ് കളത്തിലിറങ്ങിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ 700 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാകാനാണ് വിന്‍ഡീസ് സൂപ്പര്‍ താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ വിന്‍ഡീസ് താരം ഡി.ജെ. ബ്രാവോയാണ് രണ്ടാം സ്ഥാനത്ത്.

അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കേപ്പ് കോബ്രാസ്, ധാക്ക ഡൈനാമൈറ്റ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, കറാച്ചി കിങ്‌സ്, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗേഡ്സ്, എം.ഐ കേപ് ടൗണ്‍, എം.ഐ എമിറേറ്റ്സ്, എം.ഐ ന്യൂയോര്‍ക്ക്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, മുംബൈ ഇന്ത്യന്‍സ്, പെഷവാര്‍ സാല്‍മി, സോമര്‍സെറ്റ്, സൗത്ത് ഓസ്ട്രേലിയ, സതേണ്‍ ബ്രേവ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സറെ, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ട്രിനിഡാഡ് & ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് പൊള്ളാര്‍ഡ് കളിച്ചത്.

ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ കളിക്കുന്ന താരം, മത്സരം

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 700

ഡി.ജെ. ബ്രാവോ – 582

ഷൊയ്ബ് മാലിക്ക് – 557

ആന്ദ്രേ റസല്‍ – 556

അതേസമയം സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് വേണ്ടി സേവിയര്‍ ബാടലറ്റ്, റൊമാരിയോ ഷെപ്പേഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. ഹാരിസ് റൗഫ്, ലിയാം പ്ലംഗറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ മാറ്റ് ഷോര്‍ട്ടാണ്. 91 റണ്‍സാണ് താരം നേടിയത്. മാത്രമല്ല വണ്‍ ഡൗണ്‍ ബാറ്റര്‍ ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് 64 റണ്‍സും നേടി മികവ് പുലര്‍ത്തി.

 

Content Highlight: Kieron Pollard In Great Record Achievement In T-20 Format