മേജര്‍ ലീഗ് ക്രിക്കറ്റ് 2025ല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ വാഷിങ്ടണ്‍ ഫ്രീഡത്തെ പരാജയപ്പെടുത്തി എം.ഐ ന്യൂയോര്‍ക് കിരീടമണിഞ്ഞിരിക്കുകയാണ്. ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ന്യൂയോര്‍ക്കിന്റെ വിജയം. എം.ഐ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മാക്‌സ്‌വെല്ലിന്റെയും സംഘത്തിന്റെയും പോരാട്ടം 175ലൊതുങ്ങി.
46 പന്തില്‍ 77 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തിലാണ് എം.ഐ സ്‌കോര്‍ ഉയര്‍ത്തിയത്. ആറ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 22 പന്തില്‍ 28 റണ്‍സ് നേടിയ മോനങ്ക് പട്ടേലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാഷിങ്ടണ്‍ രചിന്‍ രവീന്ദ്രയുടെയും ജാക് എഡ്വാര്‍ഡ്‌സിന്റെയും കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫിനിഷിങ് ലൈനിന് തൊട്ടടുത്തുവരെ ഓടിയെത്തിയെങ്കിലും അത് മറികടക്കാന്‍ മാത്രം ടീമിന് സാധിച്ചില്ല. രചിന്‍ 41 പന്തില്‍ 70 റണ്‍സും എഡ്വാര്‍ഡ്‌സ് 22 പന്തില്‍ 33 റണ്‍സും നേടി.
മത്സരത്തില്‍ എം.ഐ സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ് പാടെ നിരാശപ്പെടുത്തിയിരുന്നു. അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ പൊള്ളാര്‍ഡ് ബ്രോണ്‍സ് ഡക്കായി മടങ്ങി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ആന്‍ഡ്രീസ് ഗസിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.
രണ്ട് ഓവറാണ് താരം പന്തെറിഞ്ഞത്. വിട്ടുകൊടുത്തതാകട്ടെ 10.00 എക്കോണമിയില്‍ 20 റണ്‍സും.
ഫൈനലില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ന്യൂയോര്‍ക്കിന്റെ കിരീടനേട്ടത്തിന് പിന്നാലെ ഒരു ചരിത്ര റെക്കോഡും പൊള്ളാര്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം കിരീടം നേടുന്ന താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്.
ടി-20 കരിയറില്‍ ഇത് 17ാം കിരീടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കുന്നത്. എം.ഐ ന്യൂയോര്‍ക്കിനും മുംബൈ ഇന്ത്യന്‍സിനും വെസ്റ്റ് ഇന്‍ഡീസ് ടീമിനും പുറമെ മറ്റ് വിവിധ ടി-20 ലീഗുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരം ആകെ കളിച്ച 30 ഫൈനലില്‍ 17ലും വിജയം സ്വന്തമാക്കിയിരുന്നു.
(താരം – ആകെ കളിച്ച ഫൈനല്‍ – കിരീടം എന്നീ ക്രമത്തില്‍)
ഡ്വെയ്ന്‍ ബ്രാവോ – 26 – 17
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 30 – 17*
ഷോയ്ബ് മാലിക് – 22 – 16
രോഹിത് ശര്‍മ – 12 – 11
സുനില്‍ നരെയ്ന്‍ – 18 – 11
ആന്ദ്രേ റസല്‍ – 16 – 10
അഡ്‌ലൈഡ് സ്ട്രൈക്കേഴ്സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കേപ്പ് കോബ്രാസ്, ധാക്ക ഡൈനാമിറ്റ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, കറാച്ചി കിങ്സ്, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗെഡ്സ്, എം.ഐ. കേപ്പ് ടൗണ്‍, എം.ഐ. എമിറേറ്റ്സ്, എം.ഐ. ന്യൂയോര്‍ക്ക്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, മുംബൈ ഇന്ത്യന്‍സ്, പെഷവാര്‍ സാല്‍മി, സോമര്‍സെറ്റ്, സൗത്ത് ഓസ്ട്രേലിയ, സതേണ്‍ ബ്രേവ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സറേ, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ട്രിനിഡാഡ് & ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കായാണ് കുട്ടിക്രിക്കറ്റില്‍ പൊള്ളാര്‍ഡ് കളത്തിലിറങ്ങിയത്.
Content Highlights: Kieron Pollard becomes the player with the most T20 titles