കോമഡി കാണിക്കണം, പക്ഷേ കോമാളിയാകരുത് എന്ന് രാജമൗലി പറഞ്ഞതും എനിക്ക് ടെന്‍ഷനായി; കിച്ച സുദീപ
കന്നഡയിലെ ടോപ് താരങ്ങളിലൊരാളാണ് കിച്ച സുദീപ. അഭിനയ ചക്രവര്‍ത്തി എന്ന് ആരാധകര്‍ വിളിക്കുന്ന സുദീപ് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. റൊമാന്റിക് സിനിമകളിലൂടെ കരിയറാരംഭിച്ച സുദീപ പിന്നീട് മാസ് വേഷങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സ്ഥാനം സ്വന്തമാക്കുകയായിരുന്നു. സുദീപയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് തെലുങ്ക് ചിത്രം ഈച്ച.

നായകനെക്കാള്‍ സ്‌കോര്‍ ചെയ്ത വില്ലനെന്നാണ് ഈച്ചയിലെ സുദീപിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. മുന്നില്‍ ഈച്ചയില്ലാതെ അത് ഉള്ളതുപോലെ പെര്‍ഫോം ചെയ്യുക എന്ന ടാസ്‌ക് സുദീപില്‍ ഭദ്രമായിരുന്നു. ഈച്ചയില്‍ ഏറ്റവും പ്രയാസമേറിയ രംഗമേതെന്ന് പറയുകയാണ് താരം. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമയില്‍ സമന്തയുടെ കഥാപാത്രം എന്റെ വീട്ടില്‍ വരുന്ന സീനുണ്ടല്ലോ. ആ സമയത്ത് എന്നെ ഈച്ച അറ്റാക്ക് ചെയ്യുന്ന രംഗം അഭിനയിക്കാന്‍ പ്രയാസപ്പെട്ടു. കാരണം, ആ സീന്‍ ചെയ്യുന്നതിന് മുമ്പ് രാജമൗലി എന്നോട് ഒരു കാര്യം പറഞ്ഞു. ‘സുദീപേ, കോമഡി ചെയ്യുന്നതും കോമാളിയാകുന്നതും തമ്മില്‍ ചെറിയൊരു ലൈനിന്റെ വ്യത്യാസം മാത്രമേയുള്ളൂ’ എന്ന് പറഞ്ഞിട്ട് പോയി.

അയാള്‍ ഇത് പറഞ്ഞതും ഞാന്‍ കണ്‍ഫ്യൂഷനിലായി. ഒരുപക്ഷേ, സീന്‍ ചെയ്തുകഴിഞ്ഞിട്ട് ഒന്നുകൂടെ നോക്കാമെന്നോ അല്ലെങ്കില്‍ ഗംഭീരമായെന്നോ പറഞ്ഞാല്‍ കുഴപ്പമില്ല. നമ്മള്‍ ചെയ്യുന്നതിന്റെ റിസള്‍ട്ട് അപ്പോത്തന്നെ അറിയാനാകും. എന്നാല്‍ രാജമൗലിയുടെ ഡയലോഗ് കേട്ട് ഞാന്‍ കുറച്ചുനേരം ആലോചിച്ചു. എങ്ങനെ ചെയ്യണമെന്നതിന്റെ ഏകദേശ ധാരണയില്‍ ആ സീനിന് റെഡിയായി,’ കിച്ചാ സുദീപ പറയുന്നു.
ആളുകള്‍ക്ക് താനൊരു ജോക്കറായി തോന്നുമോ എന്ന സംശയത്തിലാണ് ആ സീന്‍ ചെയ്തതെന്ന് താരം പറഞ്ഞു. ഓരോ ഷോട്ടിന് ശേഷവും എന്താണ് രാജമൗലിയുടെ റിയാക്ഷനെന്നറിയാന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജമൗലി പൊട്ടിച്ചിരിക്കുന്ന ശബ്ദം താന്‍ കേട്ടെന്നും അതോടെ തനിക്ക് ഓക്കെയായെന്നും കിച്ച സുദീപ പറയുന്നു.

നാനിയെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ഈച്ച പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി മാറിയിരുന്നു. കിച്ച സുദീപ, സമന്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്രാഫിക്‌സിന് പ്രാധാന്യം നല്കിക്കൊണ്ട് ഒരുക്കിയ ചിത്രം 100 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഈച്ചക്ക് ശേഷം കിച്ചാ സുദീപിന്റെ കരിയര്‍ മാറുകയായിരുന്നു.
Content Highlight: Kicha Sudeepa shares the shooting experience of Eecha movie