| Thursday, 27th December 2018, 10:03 pm

ഖലിസ്ഥാന്‍ വിമോചന സേനയെ കേന്ദ്രസര്‍ക്കാര്‍ യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ വിമോചന സേനയെ (കെ.എല്‍.എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഖലിസ്ഥാന്‍ വിമോചന സേനയും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധ പട്ടികയില്‍പ്പെടുത്തി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യു.എ.പി.എ നിയമ പ്രകാരമാണ് ഖലിസ്ഥാന്‍ വിമോചന സേനയെ നിരോധിച്ചിരിക്കുന്നത്. പഞ്ചാബിനെ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, മറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഖലിസ്ഥാന്‍ വിമോചന സേനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


യു.എ.പി.എ ചുമത്തി നിരോധിക്കുന്ന നാല്‍പതാമത്തെ സംഘടനയാണ് കെ.എല്‍.എഫ്. പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന 1980 കളിലും 1990 കളിലും സംസ്ഥാനത്ത് നിരവധി നിയമ വിരുദ്ധ നടപടികള്‍ സംഘടന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നിരപരാധികളായ ആളുകളെയും പൊലീസ് ഓഫീസര്‍മാരേയും കൊന്നൊടുക്കല്‍, ബോംബ് നിര്‍മ്മാണം, കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബാങ്ക് കൊള്ള, കൊലപാതകം തുടങ്ങിയവയില്‍ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.


സംഘടന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കടുത്ത ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല എന്ന സിഖ് മത പ്രഭാഷകന്‍ സ്ഥാപിച്ച സംഘടനയാണ് കെ.എല്‍എഫ്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാന്‍) എന്നായിരുന്നു സംഘടനയുടെ ലക്ഷ്യം.

Latest Stories

We use cookies to give you the best possible experience. Learn more