| Saturday, 12th April 2025, 9:32 am

സിനിമയിലെത്തുന്നതിന് മുമ്പുള്ള സൗഹൃദം, എന്റെ സിനിമയില്‍ അഭിനയിക്കുക എന്നല്ലാതെ ആ നടന് വേറെ ഓപ്ഷനില്ല: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. നോണ്‍ ലീനിയറായി എടുത്ത തല്ലുമാല എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് അടക്കമുള്ള സംവിധായകര്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി.

തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. സിനിമയിലേക്ക് ഇറങ്ങണമെന്ന് തീരുമാനിച്ചതിന് ശേഷം പെട്ടെന്ന് ഇറങ്ങി തിരിക്കുകയായിരുന്നെന്ന് ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ഉണ്ടയായിരുന്നു തന്റെ ആദ്യ സിനിമയായി പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ അത് വൈകിയപ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളത്തിലേക്ക് കടക്കുകയായിരുന്നെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു.

ആസിഫ് അലിയെയും ബിജു മേനോനെയും ആദ്യമേ കാസ്റ്റ് ചെയ്‌തെന്നും പിന്നീട് എല്ലാം അതിന്റേതായ രീതിക്ക് നടക്കുകയായിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ബിജു മേനോനുമായി മുമ്പ് വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ തനിക്ക് വലിയ കാര്യമായിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. ബിജു മേനോനല്ലാതെ മറ്റൊരു ഓപ്ഷന്‍ ആ സിനിമയില്‍ ഇല്ലായിരുന്നെന്നും ഖാലിദ് പറഞ്ഞു.

ആസിഫ് അലിയുമായി തനിക്ക് ആദ്യമേ പരിചയമുണ്ടായിരുന്നെന്നും തന്റെ നല്ല സുഹൃത്താണെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമയില്‍ അഭിനയിക്കുക എന്നല്ലാതെ ആസിഫ് അലിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ലെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയിലേക്ക് അങ്ങ് ഇറങ്ങി പുറപ്പെടുകയായിരുന്നു. എന്താകും, എങ്ങനെയാകും എന്നൊരു പിടിയില്ലായിരുന്നു. പരിചയമുള്ള ചില ആളുകള്‍ അന്ന് കൂടെ നിന്നു. അവര്‍ ഇന്നും എന്റെ കൂടെയുണ്ട്. സത്യം പറഞ്ഞാല്‍ എന്റെ ആദ്യത്തെ സിനിമയായി പ്ലാന്‍ ചെയ്തത് ഉണ്ടയായിരുന്നു. എന്നാല്‍ അത് വൈകിയതുകൊണ്ട് അനുരാഗ കരിക്കിന്‍ വെള്ളത്തിലേക്ക് കടക്കുകയായിരുന്നു.

ആ പടത്തില്‍ ആദ്യം തന്നെ കാസ്റ്റ് ചെയ്തത് ആസിഫ് അലിയെയും ബിജു മേനോനെയുമായിരുന്നു. പിന്നീടാണ് ബാക്കിയുള്ളവരെ നോക്കിയത്. ബിജു ചേട്ടനെ അതിന് മുമ്പ് പരിചയമുണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് പുള്ളിയെ വലിയ കാര്യമാണ്. ആസിഫ് അലി എന്റെ സുഹൃത്താണ്. അവനെ നേരത്തെ അറിയാം. എന്റെ പടത്തില്‍ അഭിനയിക്കുക എന്നല്ലാതെ അവന് വേറെ ഓപ്ഷനില്ല,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman shares the memories of Anuraga Karikkin Vellam movie

Latest Stories

We use cookies to give you the best possible experience. Learn more