ഇന്ത്യന്‍ ഫുട്‌ബോളില്‍ ഖാലിദ് വസന്തം; ആവേശ ജയവുമായി ബ്ലൂ ടൈഗേഴ്സ്
Football
ഇന്ത്യന്‍ ഫുട്‌ബോളില്‍ ഖാലിദ് വസന്തം; ആവേശ ജയവുമായി ബ്ലൂ ടൈഗേഴ്സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th August 2025, 7:51 am

കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തിരിച്ച് കയറിയത്. ആതിഥേയരായ താജിക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വിജയം.

ഹിസോര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീം കളത്തിലിറങ്ങിയത് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ നേതൃത്വത്തിലായിരുന്നു. ഒപ്പം ടീമില്‍ രണ്ട് മലയാളി താരങ്ങളും ഇടം പിടിച്ചിരുന്നു. ടീമിലെ സ്ഥിര സാന്നിധ്യമായ ആഷിക് കുരുണിയനൊപ്പം മറ്റൊരു മലപ്പുറംകാരന്‍ ഉവൈസ് മോയിക്കലുമാണ് പ്ലെയിന്‍ ഇലവനില്‍ ഉണ്ടായിരുന്നത്.

പുത്തന്‍ കോച്ചിന് കീഴില്‍ പന്ത് തട്ടിയ താരങ്ങള്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് നല്‍കിയത്. മത്സരം തുടങ്ങി 13 മിനിട്ടുകള്‍ക്കകം തന്നെ രണ്ട് തവണയാണ് ഇന്ത്യ വല കുലുക്കിയത്. മത്സരത്തിലെ ആദ്യ ഗോളെത്തിയത് 5ാം മിനിട്ടിലായിരുന്നു.

ഉവൈസ് എടുത്ത ത്രോ ഹെഡ് ചെയ്ത് അന്‍വര്‍ അലി വലയിലെത്തിച്ചതോടെ നീല കടുവകള്‍ മുന്നിലെത്തിത്. ഏറെ വൈകാതെ തന്നെ ടീമിന്റെ രണ്ടാം ഗോളുമെത്തി. 13ാം മിനിട്ടില്‍ സന്ദേശ് ജിങ്കനായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്.

രണ്ട് ഗോള്‍ വന്നതതോടെ ഒന്നുകൂടി ഉണര്‍ന്ന് കളിച്ച ആതിഥേയര്‍ 10 മിനിട്ടുകള്‍ക്കകം തന്നെ ഒരു ഗോള്‍ മടക്കി. ഷാഹ്റോം സാമിയേവായിരുന്നു താജിക്കിസ്ഥാന്റെ ഗോള്‍ സ്‌കോറര്‍. പിന്നീട് ഇരു ടീമുകളും ഒരു ഗോളിനായി ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡിന് ഇളക്കം സംഭവിച്ചില്ല.

പക്ഷേ, ഇന്ത്യയുടെ നായകനും വലയുടെ കാവല്‍ക്കരനുമായ ഗുര്‍പ്രീതിന്റെ മികച്ച സേവുകള്‍ക്കാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. 72ാം മിനിട്ടില്‍ എതിരാളികള്‍ക്ക് ലഭിച്ച പെനാല്‍റ്റി അടക്കം തട്ടിയകറ്റി
പോസ്റ്റിന് മുമ്പില്‍ താരം ഉറച്ച് നിന്നതോടെ ഇന്ത്യ വിജയികളായി. അതോടെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി താജിക്കിസ്ഥാനെതിരെ ഒരു വിജയം നേടാനും ബ്ലൂ ടൈഗേഴ്സിനായി.

പരിശീലകനായി അരങ്ങേറിയ മത്സരത്തില്‍ ഇറങ്ങിയ ജമീല്‍ വിജയത്തോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു യുഗത്തിനാണ് തുടക്കമിട്ടത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ അമരത്തെത്തുന്ന ആദ്യ ഇന്ത്യന്‍ കോച്ച് എന്ന ഖ്യാതിയുമായി ഇറങ്ങിയ ജമീല്‍ ആരാധകരെ ഒട്ടും നിരാശരാക്കിയില്ല.

മാസങ്ങളായി സ്വന്തം ടീമിന്റെ മുന്നേറ്റങ്ങള്‍ക്കായി കാത്ത് നിന്ന ആരാധകര്‍ക്ക് അയാളിതാ ഒരു ആവേശകരമായ ഒരു വിജയം സമ്മാനിച്ചിരുന്നു. ഈ വിജയം ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും വെറും മൂന്ന് പോയിന്റ് മാത്രമല്ല, ഈ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ആദ്യ വിജയം കൂടിയാണ്. ഇതോടെ അയാളിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് കായിക പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ഈ ആവേശകരമായ വിജയത്തിനിടയിലും അനിശ്ചിതത്തിലാണ്. ഒക്ടോബര്‍ 30നകം പുതുക്കിയ ഭരണഘടന അംഗീകരിച്ചില്ലെങ്കില്‍ വിലക്ക് അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് ഫിഫ അന്ത്യ ശാസനം നല്‍കിയിരുന്നു.

 

Content Highlight: Khalid Jameel led Indian football team to win against Tajikistan in his first match as a coach in CAFA Nations Cup