രോഹിത് ശര്‍മ ഒരു 10 വര്‍ഷം കൂടെ കളിക്കണം: ഇന്ത്യന്‍ താരം
Sports News
രോഹിത് ശര്‍മ ഒരു 10 വര്‍ഷം കൂടെ കളിക്കണം: ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd September 2025, 4:44 pm

ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ ഒരു പത്ത് വര്‍ഷം കൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കണമെന്ന് ഇന്ത്യന്‍ താരം ഖലീല്‍ അഹമ്മദ്. അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ഖലീല്‍.

‘2019ല്‍ ബംഗ്ലാദേശിനെതിരെ കളിച്ചപ്പോള്‍ എനിക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം രോഹിത് എന്റെ അടുത്ത് സംസാരിച്ചു. ടീമിലെ മറ്റ് താരങ്ങള്‍ സ്റ്റേഡിയത്തില്‍ പോയപ്പോള്‍ എന്നോട് സംസാരിക്കാനായി അദ്ദേഹം അവിടെ തന്നെ നിന്നു. എങ്ങനെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്ക് രോഹിത് പറഞ്ഞു തന്നു.

എന്റെ മുഴുവന്‍ കഴിവുകളും ഞാന്‍ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തില്‍ താരത്തിന്റെ പേര് ആരാധകര്‍ വിളിച്ച് പറയുന്നത് കേട്ടപ്പോള്‍ നിനക്കും ഒരു ദിവസം വരുമെന്ന് പറഞ്ഞു. നീ നിന്നില്‍ വിശ്വസിക്കണം, പോസിറ്റീവായിരിക്കണമെന്നും പറഞ്ഞു,’ ഖലീല്‍ അഹമ്മദ് പറഞ്ഞു.

രോഹിത് അങ്ങനെ സംസാരിച്ചപ്പോള്‍ എത്ര മികച്ച ക്യാപ്റ്റനാണ് എന്ന് മനസിലായെന്നും ഖലീല്‍ പറഞ്ഞു. റിഷബ് പന്തിനോടും അങ്ങനെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

എന്തൊരു മനുഷ്യന്‍ എന്തൊരു ക്യാപ്റ്റന്‍ എന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. മികച്ച പ്രകടനം നടത്താത്തപ്പോള്‍ നമ്മളെ എല്ലാവരും അവഗണിക്കാറാണ് പതിവ്. പക്ഷേ രോഹിത് ക്യാപ്റ്റന്‍ എന്ന നിലയില്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘ദുലീപ് ട്രോഫിക്കിടെ ഞാന്‍ രോഹിത്തിനെ എന്‍.സി.എയില്‍ വെച്ച് കണ്ടിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റാണ്. തുടര്‍ന്നും കളിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ഞാന്‍ അപൂര്‍വമായി മാത്രമേ ഇങ്ങനെ ഒരു ക്യാപ്റ്റനെയും താരത്തെയും കണ്ടിട്ടുള്ളൂ. അദ്ദേഹം ഒരു മികച്ച ഒരു പ്രതിഭയാണ്. എനിക്ക് രോഹിത്തിനോട് വലിയ ബഹുമാനമുണ്ട്,’ ഖലീല്‍ പറഞ്ഞു.

Content Highlight: Khaleel Ahamed says that Rohit Sharma should play in Indian Cricket for next 10 years