ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ഇന്ന് (ഫെബ്രുവരി 2) നടക്കാനിരിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്. നിലവില്‍ 3-1ന് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും ലീഡ് നേടാനും സാധിച്ചിട്ടുണ്ട്.
പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ യുവ താരം റിങ്കു സിങ് ടീമില്‍ തിരിച്ചുവന്നിരുന്നു. പരിക്ക് മൂലം കഴിഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ റിങ്കുവിന് നഷ്ടമായിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റിങ്കു വരവറിയിച്ചത്. 26 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്.
മത്സരത്തിലെ മൂന്നാമത്തെ ടോപ് സ്‌കോററാണ് റിങ്കു. മികച്ച ഷോട്ടുകളിലാണ് താരം ബൗണ്ടറികള്‍ പറത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തില്‍ ഇലവനില്‍ റിങ്കു ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ താരത്തിന് പ്രശംസയുമായി വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍. റിങ്കു ഒരു ബൗണ്ടറി ഹിറ്ററാണെന്നും ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാനുള്ള കഴിവ് താരത്തിനുണ്ടെന്നുമാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.
‘റിങ്കു സിങ് ഒരു ബൗണ്ടറി ഹിറ്ററാണ്, ബൗണ്ടറി ഹിറ്റര്‍മാര്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു. റിങ്കു നന്നായി കളിച്ചു, നല്ല ഷോട്ടുകളാണ് അവന്‍ അടിച്ചത്,’ അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 32 ടി-20 മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്ന് 537 റണ്‍സാണ് റിങ്കുവിന് നേടാന്‍ സാധിച്ചത്. മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുന്ന താരം 69 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടിയിട്ടുണ്ട്. 44.75 എന്ന ഓവറേജിലാണ് താരം ഫോര്‍മാറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. 161.26 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും മൂന്ന് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. മാത്രമല്ല 44 ഫോറും 31 സിക്‌സും താരം ഇതുവരെ ടി-20യില്‍ അടിച്ചുപറത്തിയിട്ടുണ്ട്.