2025 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഇംഗ്ലണ്ട് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സനെ ടീമിന്റെ പുതിയ ഉപദേഷ്ടാവായി നിയമിച്ച് ദല്‍ഹി ക്യാപിറ്റല്‍സ്. ഫെബ്രുവരി 27 വ്യാഴാഴ്ചയാണ് ഫ്രാഞ്ചൈസി കെവിനെ മെന്ററായി പ്രഖ്യാപിച്ചത്.
2009ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിച്ച പീറ്റേഴ്‌സണ്‍ 2014ല്‍ ഒരു സീസണ്‍ മുഴുവന്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിച്ചു. ആ സീസണില്‍ 14 മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുമായി ദല്‍ഹി അവസാന സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.
ഇപ്പോള്‍ പുതിയ റോളിലേക്ക് പീറ്റേഴ്‌സണ്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി. 2009 മുതല്‍ മൂന്ന് ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ച പീറ്റേഴ്‌സണ്‍ 17 തവണ ക്യാപ്റ്റനായി.
ഹെഡ് കോച്ച് ഹേമങ് ബദാനി, അസിസ്റ്റന്റ് കോച്ച് മാത്യു മോട്ട്, ബൌളിങ് കോച്ച് മുനാഫ് പട്ടേല്‍, ക്രിക്കറ്റ് ഡയറക്ടര്‍ വേണുഗോപാല്‍ റാവു എന്നിവരുമായിട്ടാണ് പീറ്റേഴ്‌സണ്‍ പ്രവര്‍ത്തിക്കുക. ഐ.പി.എല്ലില്‍ ആദ്യമായാണ് ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി പീറ്റേഴ്‌സണ്‍ മെന്റര്‍ റോളില്‍ എത്തുന്നത്.
ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍), പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍), കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) എന്നിവയിലും പീറ്റേഴ്‌സണ്‍ കളിച്ചിട്ടുണ്ട്. ആകെ 200 ടി-20 മത്സരങ്ങള്‍ കളിച്ച പീറ്റേ്‌ഴ്‌സണ്‍ 33.89 ശരാശരിയില്‍ 5695 റണ്‍സ് നേടി.
കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദല്‍ഹി 2025 ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായി റിഷബ് പന്ത് അടക്കമുള്ള വമ്പന്‍ താരങ്ങളെ വിട്ടയച്ചിരുന്നു. റിഷബിനെ ലഖ്‌നൗ 27 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയതും.